വിത്തും കോക്കോട്ടും
കൊണ്ടോയ് തിന്നോട്ടെ!!
കള്ളന്‍ ചക്കീട്ടു
കണ്ടാല്‍ മിണ്ടണ്ടാ,
കൊണ്ടോയ് തിന്നോട്ടെ!
അച്ഛന്‍ കൊമ്പത്ത്
അമ്മ വരമ്പത്ത്,
കണ്ടാല്‍ മിണ്ടേണ്ട

copyright colonel k.r. mani 2010

വിഷുപ്പക്ഷിയെ കാണാന്‍ പ്രയാസമാണ്. പക്ഷേ പാട്ട് നാട്ടുമ്പുറത്ത് ഉടനീളം മുഖരിതമാകാറുണ്ട്! എന്റെ കുട്ടിക്കാലത്ത് വിഷുക്കാലം വളരെ വിശേഷമായി തോന്നിച്ചിരുന്നു. മാങ്ങയുടേയും ചക്കയുടേയും  പറങ്കിപ്പഴങ്ങളുടേയും കാലം. പച്ചപ്പറങ്കിയണ്ടി ഇല്ലിക്കോലുകൊണ്ട് പൊളിച്ച് യഥേഷ്ടം ഞങ്ങള്‍ തിന്നാറുണ്ടായിരുന്നു. . ചിലപ്പോള്‍ വിലുകളും ചുണ്ടും ഒക്കെ പറങ്കിയണ്ടി എണ്ണ പുരണ്ട് പൊള്ളുകയും ചെയ്യും. പടക്കങ്ങളായിരുന്നു മറ്റൊരാകര്‍ഷണം. ലാത്തിരി, പൂത്തിരി, കമ്പിത്തിരി, മത്താപ്പ്, മാലപ്പടക്കം, ഓലപ്പടക്കം, വിഷ്ണുച്ചക്രം എന്നിവയൊക്കെയായിരുന്നു പ്രധാന ഇനങ്ങള്‍. തിരുവില്വാമല ചുങ്കത്ത് കൃഷ്ണന്‍ നായരുടെ പടക്കക്കടയുടെ പരസ്യം സിനിമക്കൊട്ടായില്‍ കാണിക്കാറുണ്ടാ‍യിരുന്നു : “മേത്തരം വിഷുപ്പടക്കങ്ങള്‍ക്ക് , മിതമായ വിലക്ക്, കൃഷ്ണാ സ്റ്റോര്‍സ്, ചുങ്കം” അരഞ്ഞാണില്‍ ഓട്ടമുക്കാലുകള്‍ കുട്ടികള്‍ കെട്ടാറുള്ളത് ചില ചെക്കന്മാര്‍ അഴിച്ചെടുത്ത്  പടക്കം മേടിക്കാറുണ്ടായിരുന്നു.

കാലത്തെ കണിയും, കൈനീട്ടങ്ങളും ഒക്കെക്കഴിഞ്ഞാല്‍ ഭാരതപ്പുഴയിലേക്കോടി കുളിച്ചു വരും. ചിലര്‍ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പോയി തൊഴുതു വരും. പിന്നെ  പഴച്ചക്കവെട്ടി തിന്നും. അതു പ്രാതല്‍. പതിനൊന്നുമണിയോടെ വിഷുക്കഞ്ഞിവിളമ്പും! നെടിയരി ക്കഞ്ഞിയില്‍ തേങ്ങചിരകിയിട്ട് , പാകത്തിന് ഉപ്പിട്ട് ശരിപ്പെടുത്തിയതാണ് വിഷുക്കഞ്ഞി. വാഴപ്പോള കൊണ്ട് ചതുരത്തില്‍ തടയുണ്ടാക്കി അതിന്നുപുറത്ത് നാക്കില വെച്ച് അതിലാണ് കഞ്ഞി വിളമ്പുക. കുടിക്കാന്‍ പ്ലാവില കുത്തുകയും ചെയ്യും. മറ്റിനങ്ങള്‍- കാളന്‍, ഓലന്‍, അവീല്‍, എരിശ്ശേരി, പപ്പടം, പഴം, ഉപ്പേരി കള്‍ , പുളിയെഞ്ചി നാരങ്ങക്കറികള്‍ , പ്രഥമന്‍ എന്നിവ- കഞ്ഞിത്തടക്കു ചുറ്റും വിളമ്പിയിരിക്കും.

വിഷുസ്സദ്യക്കുശേഷം കുട്ടികള്‍ പിന്നേയും പടക്കങ്ങള്‍ കൊളുത്താന്‍ ഓടുകയായി. ഉത്സവം മൂന്നാം ദിവസം “ചാല്‍” എന്ന ചടങ്ങുവരെ നീണ്ടു നില്‍ക്കുകയും ചെയ്യും.

എല്ലാര്‍ക്കും എന്റെ ഹൃദയങ്കമമായ വിഷു ആശംസകള്‍!!

Advertisements