image source: microsoft office clipart

മുഖവുര: ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്ന് അപ്പാടെ അപഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുക യാണെങ്കില്‍ അതു കണ്ടു കൊണ്ടിരിക്കുവാന്‍ ഒരു രാജ്യ സ്നേഹിക്കും പറ്റുകയില്ല. ഒരെഴുത്തച്ഛനാ ണെങ്കില്‍ ശുകത്തെക്കൊണ്ട് ശുദ്ധ കാകളിയില്‍ കൂജനം ചെയ്യിക്കും. ഒരു കുഞ്ചനാണെങ്കില്‍, ഓട്ടന്‍തുള്ളിപ്പോകും! ഒരാട്ടക്കാരനാണെങ്കില്‍ ആടിപ്പോകും; ഒരു പാട്ടുകാരനാണെങ്കില്‍ നാല്‍ക്കവലയില്‍ നടന്നെത്തി ഗാനമാലപിക്കും. ഒരെഴുത്തുകാരനാണെങ്കില്‍ നല്ലൊരു ദിനപ്പത്രത്തിലെ നടുക്കഷ്ണത്തില്‍ എഴുതിക്കൊള്ളും! ഇനി വായിക്കുക…

ഞാന്‍ പുതിയേടത്ത് വന്നത് 1971-ലായിരുന്നു. കാലടി, കാഞ്ഞുര്‍, പുതിയേടം, പാറപ്പുറം, കിഴക്ക് പെരിയാര്‍ കടത്ത് കടന്നാല്‍ ഒക്കലിലുള്ള ട്രാവങ്കൂര്‍ റേയോണ്‍സിലേക്ക് കയറിച്ചെല്ലാം. റേയോണ്‍സ് കാലത്തെന്നും സൈറണ്‍ അടിച്ച് ചുറ്റുവട്ടമുള്ള പ്രദേശവാസികളെ ഉണര്‍വ്വിലേക്ക് സമയത്തെ ത്വരിതപ്പെടുത്തിയിരുന്നു. പെരിയാറ്റിലെ യഥേഷ്ടമായ സ്വച്ഛജലം റേയോണ്‍സ് പദാര്‍ത്ഥങ്ങളെ സംസ്കരിക്കുന്നതിന്ന് ഉപയോഗപ്പെട്ടിരുന്നു. ആയിരത്തോളം കര്‍മ്മ ചാരികള്‍ അവിടെ പണിയെടുത്തു വന്നു. ശരാശരി അഞ്ചുപേരുള്ള കുടുംബമെന്ന കണക്കില്‍ 5000 പേരോളം ചുറ്റുവട്ട പ്രദേശങ്ങളില്‍ റേയോണ്‍സിന്റെ ഛത്രഛായയില്‍ ഉപജീവനം നടത്തി വന്നിരുന്നു. സ്ഥാനീയ ജനസമൂഹത്തിന്റെ പുരോഗതിക്കും നാടിന്റെ സല്‍പ്പേരിന്നും റേയോണ്‍സ് വലിയ പങ്കുവഹിച്ചുവന്നു. ഇതേ വിധം എച്ച്. എം. ടി. കളമശ്ശേരിയും, അങ്കമാലി ടെല്‍ക്കും, കറുകുറ്റി പ്രീമിയര്‍ കേബിള്‍സും, മധുര കോട്സും ഒക്കെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലവസരം നല്‍കി വന്നു. അങ്ങിനെ ഈ പ്രദേശത്തെ ജനസമൂഹത്തിലെ കുറേപേരെങ്കിലും സാമ്പത്തിക പ്രശ്നമന്യേ കാലക്ഷേപം നടത്തിവന്നു! പെരിയാറിന്റെ ജലസ്രോതസ്സ് ഉപയോഗപ്പെടുത്തി ആറൊഴുകുന്ന ചുറ്റുവട്ടപ്രദേശങ്ങള്‍ 10 കിലോമീറ്ററോളം ഉള്‍നാട്ടിലേക്കുവരെ ഇരുകരകളിലും ജലസേചന സൌകര്യമൊരുക്കി സമൂഹത്തിലെ നായകത്വത്തേയും ഉള്‍ക്കാഴ്ചയേയും പ്രതിബദ്ധതയേയും എടുത്തുകാട്ടി! ഈ പ്രദേശത്തെ മുഴുവനായും അവലോകനം ചെയ്ത ഞാന്‍ നാട്ടുവട്ടത്തേയും , ജനസമൂഹത്തേയും, അവരുടെ നായകന്മാരേയും മുക്തകണ്ഠം പ്രശംസിച്ചു! ഈ സ്ഥാപനങ്ങളിലുപയോഗിച്ചുവന്ന അസംസ്കൃത പദാര്‍ത്ഥങ്ങളില്‍ ചെറിയൊരു ശതമാനം സ്ഥാനീയമായിത്തന്നെ പറ്റിയിരുന്നതിനാല്‍ വ്യാപാര ക്രയവിക്രയങ്ങളും , തദ്വാരാ വ്യാപാരാഭിവൃദ്ധിയും ഉണ്ടായി വന്നു. മാത്രമല്ല, ഈ സ്ഥാപനങ്ങള്‍ മാസം തോറും വിതരണം ചെയ്തുവന്ന ശമ്പളത്തിന്റെ തൊണ്ണൂറു ശതമാനവും സ്ഥാനീയമായിത്തന്നെ ഉപഭോഗസേവനങ്ങള്‍ക്കായി വ്യാപാരപ്രക്രിയയിലകപ്പെടുകയും ചെയ്തിരുന്നു. കാന്റീനില്‍ ചുരുങ്ങിയ നിരക്കില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കര്‍മ്മ ചാരികള്‍ക്ക് നല്‍കിവന്നു. ഒരു രൂപക്ക് ഉച്ചഭക്ഷണം , ക്ഷേമ സൌകര്യങ്ങള്‍ ത്രസിച്ചു നിന്നിരുന്നതിനെ സൂചിപ്പിച്ചു. പുതിയേടത്ത് റേയോണ്‍സിന്റെ ബസ്സുകള്‍വന്ന് കര്‍മ്മ ചാരികളെ ഓരോ ഷിഫ്റ്റിലും കയറ്റിക്കൊണ്ടുപോയിരുന്നത് ഞാന്‍ നാട്ടില്‍ അവധിക്കുവന്നിരുന്ന വേളകളില്‍ കണ്ടിട്ടുണ്ട്. അങ്ങിനെ ഏതു കോണിലൂടെ നോക്കിയാലും സ‌മൃദ്ധിയുടേയും പുരോഗതിയുടേയും പുതുമ വീക്ഷിക്കാമായിരുന്നു!

എഴുപതുകളുടെ അവസാനപാദമാകുന്നതോടെ ഞാന്‍ അറിഞ്ഞുവന്നത് റേയോണ്‍സിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു വരുന്നു എന്നതായിരുന്നു. ആദ്യമാദ്യം ഇടക്കും തലക്കും മാത്രം ഉണ്ടായിരുന്ന ‘ഹര്‍ത്താലുകള്‍’ പിന്നീട് മാസാമ്മാസവും ,മഹിനയില്‍ പലനാളുകളിലുമായി അരങ്ങേറി വന്നുപോല്‍! അപ്പോഴും ബസ്സുകള്‍ കര്‍മ്മചാരികളെ വീടുകളില്‍ നിന്നും പണിസ്ഥലത്തേക്കും, മറിച്ചും കയറ്റിക്കൊണ്ടുപോയി! പ്രശ്നങ്ങള്‍ ഓരോന്നായി അണിനിരന്നു വരുന്നതായി അറിവായ ഞാന്‍ റേയോണ്‍സില്‍ പണിയെടുത്തിരുന്ന എന്‍. നായരോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ,”ഇപ്പോള്‍ ഇവിടെ 18 തൊഴിലാളി യൂണിയനുകള്‍ ഉണ്ട്”, എന്നാണ്. എന്തിനാണ് ഇത്രയധികം തൊഴിലാളി യൂണിയനുകളുടെ ആവശ്യം?, എന്നചോദ്യത്തിന്ന് മറുപടികിട്ടിയത്, ഓരോപാര്‍ട്ടിക്കും ഓരോന്നു വേണ്ടേ? എന്താ പറേണേ? …, എന്നായിരുന്നു!
“കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടില്ല്യാണ്ടായി”, എന്നൊരു പഴയ ചൊല്ലുപോലെ എല്ലാരും ചേര്‍ന്ന് 1985 ആയപ്പോഴേക്കും ട്രാവങ്കൂറ് റേയോണ്‍സ് എന്ന പെരുമ്പാവൂരിലെ കമ്പനി പൂട്ടിയിടാനുള്ള സന്ദര്‍ഭം ഒരുക്കിയെടുത്തു. വലിയ ഒരു നേട്ടം കൈവരിച്ച കൃതാര്‍ത്ഥതയോടെ എല്ലാ യൂണിയന്‍ നേതാക്കന്മാരും അവരവരുടെ ആഫീസുകളില്‍ കയറിവന്ന് കതകടച്ച് ഈരണ്ടു പെഗ്ഗൂ പൂശിപോലും! [അന്ന് പൂശലായിരുന്നു പ്രയോഗം, ഇന്നത്തെ അടിപൊളി പിന്നീടു വന്നു ചേര്‍ന്ന ചൊല്ലാണ്!]

കമ്പനി പൂട്ടിയിട്ട് നാലുമാസമായിക്കാണും; ഒരു തൊഴിലാളി വേലയില്ലാതെ തലകറങ്ങിയിരിക്കുമ്പോഴായിരുന്നു ഞാന്‍ അവധിയില്‍ വന്നത്. പത്താം തരം തോറ്റതായിരുന്നു ഈ വിദ്വാന്റെ വിദ്യാഭ്യാസ യോഗ്യത. ഞാന്‍ തിരിച്ചുപോകുന്ന വേളയില്‍ അയാള്‍ എന്റെ കൂടെ ദില്ലിയില്‍ വന്നു. അവിടെ ‘നാരായണ’ എന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കമ്പനിയില്‍ ദിവസ കൂലിക്കായി ഞാന്‍ അയാളെ ജോലിയില്‍ കയറ്റി. ആദ്യമാസം 27 ദിവസത്തെ ദിവസക്കൂലി റേറ്റു വെച്ച് 1200 രൂപക്ക് ഒപ്പിടീച്ച് 800 രൂപ കയ്യില്‍ കൊടുത്തു. ബാക്കി 400 രൂപയോ? , എന്നായത്രേ! അതേപറ്റി മിണ്ടിപ്പോകരുത്; ഇവിടെ പണി വേണോ , പണിതോളുവാ, അല്ലേല്‍ സ്ഥലം വിട്ടോളുവാ, എന്നായത്രേ! ഡല്‍ഹിയില്‍ അന്ന് 30 രൂപ ദിവസക്കൂലി ഒരു മസ്‌ദൂറിന്ന് കൊടുത്തിരുന്നു; അതേ സമയം ഒക്കലില്‍ 45 രൂപ ദിവസക്കൂലി രേഖപ്പെടുത്തിയിരുന്നു. യാത്രച്ചിലവും, ഭക്ഷണച്ചിലവും, താമസച്ചിലവും കഴിച്ച് തനിക്കൊരു ചുക്കും ബാക്കി കയ്യില്‍ ശേഷിക്കുകയില്ലെന്നും , അതിനാല്‍ താന്‍ നാട്ടിലേക്കു തന്നെ തിരിച്ചുപോയി ഏതെങ്കിലും തരത്തില്‍ രണ്ട് എരുമകളേയും മൂന്നു നാല് ആടുകളേയും മേടിച്ച് , കാലിമേച്ച്, പാല്‍കറന്നു വിറ്റ് ദിനം പ്രതി 100 രൂപയെങ്കിലും സമ്പാദിച്ച് സകുടുംബം , സ്വഭവനത്തില്‍ വസിച്ച് കാലക്ഷേപം കഴിക്കുകയായിരിക്കും ഇതിനേക്കാള്‍ ഭേദമെന്ന് ഞാന്‍ ഉപദേശിച്ചു. ആ വിദ്വാന്‍ ഉടനെ തിരിച്ച് വണ്ടികയറി നാട്ടിലെത്തി , ഉപദേശപ്രകാരമുള്ള തൊഴിലവസങ്ങള്‍ ഒരുക്കി അല്ലലില്ലാതെ ബാക്കി കാലം ജീവിച്ചു പോന്നിരുന്നതായി ഞാന്‍ പിന്നീടറിഞ്ഞു. അയാള്‍ 18 തൊഴിലാളി യൂണിയനുകളില്‍ ഏതിലോ ഒന്നില്‍ അംഗമായിരുന്നത്രേ. നേതാക്കള്‍ ഹര്‍ത്താലുകള്‍ ഇടക്കിടെ ഒരുക്കിയിരുന്നത് മാനേജുമെന്റുകളുടെ ചൂഷണത്തില്‍ നിന്നും പരികര്‍മ്മികളുടെ പരിരക്ഷക്കായിരുന്നുവത്രേ; തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങള്‍ മാത്രമായിരുന്നത്രേ അവരുടെ ലക്ഷ്യം. അതിന്നായിരു ന്നത്രേ അവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ഒക്കേയും തന്നെ. പക്ഷേ അത് വഴി ഒരുക്കിയത് കാല ക്രമേണ കമ്പനി അടച്ചുപൂട്ടുന്നതിന്നും, തദ്വാരാ കര്‍മ്മചാരികളുടെ തൊഴില്‍ എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിന്നുമായി! വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയി സാറേ, എന്നു പറഞ്ഞാണ് ഈ വിദ്വാന്‍ ദില്ലിയില്‍ നിന്നും തിരിച്ചു പോയത്! ഏതു ഫലത്തിന്നു വേണ്ടി നേതാക്കള്‍ യത്നിച്ചുവോ അവര്‍ക്ക് അതിന്റെ വിപരീത ഫലമാണ് കൈവരിക്കുവാന്‍ കഴിഞ്ഞത് എന്നത് ഒരു വിരോധാഭാസമായിത്തീര്‍ന്നു!

മറു നാടുകളില്‍ മലയാളികളെ അത്യധികം കാര്യശേഷിയുള്ളവരായാണ് കരുതുന്നത്. ഏതു തുറകളിലും അവര്‍ പ്രശോഭിക്കുന്നു. പക്ഷേ തിരിച്ച് മലയാള നാട്ടില്‍ നമ്മുടെ മലയാണ്മ നഷ്ടപ്പെട്ടുവന്നിരിക്കുകയാണ്. നമ്മളിലെ ബഹുഭൂരിപക്ഷം പേരും തൊഴില്‍ സൌഹൃദരല്ല! തൊഴിലിനോടും തൊഴിലവസരം സൃഷ്ടിച്ചെടുക്കാന്‍ വെമ്പുന്ന സ്ഥാപനങ്ങളോടും അലൌകിക സമീപനമെന്ന മാനസികാവസ്ഥ കര്‍മ്മ ചാരികളില്‍ നിവേശിപ്പിക്കുവാന്‍ നമ്മുടെ ജനനായക ന്മാര്‍ക്ക് (മനപ്പൂര്‍വ്വമല്ലാതെ ആയിരിക്കാം) കഴിഞ്ഞിട്ടുണ്ട്! അതാണ് റേയോണ്‍സിന്റെ ദുരന്തത്തിന്നും കാരണമായ സംഗതി!

മലയാളികള്‍ അത്യധികം വ്യക്തിത്വാഭിമാനികളും , പടു ബുദ്ധിമാന്മാരും, കൌശലക്കാരും, മിടുക്കന്മാരുമാണ്. ചുറ്റുപാടുകളോട് യോജിച്ചുപോകുവാന്‍ അവരുടേ കഴിവ് പുകഴ്‌പെറ്റതാണ്. അതുകൊണ്ടാണ് മറുനാടുകാലില്‍ അവര്‍ പ്രശോഭിക്കുന്നത്. ഒരു തമിഴനും ഒരു മലയാളിയും കൂടുമ്പോള്‍ , മലയാളി തമിഴിലും, തമിഴന്‍ തമിഴില്‍ മാത്രവും, സംസാരിക്കുവാന്‍ തുടങ്ങുന്നു! പക്ഷേ പച്ച മലയാളി തിരിച്ച് മലയാള നാട്ടിലെത്തുമ്പോള്‍, ‘മുക്കാല്‍ കള്ളന്റെ നാട്ടില്‍ മുഴുവന്‍ കള്ളന്‍‘ എന്ന ന്യായേന തലതിരിഞ്ഞു പോകുന്നതായിരിക്കാം ഈ മൂല്യച്യുതിയുടെ കാരണവും, പൊരുളും!

എന്‍.ഡി.എ.ജി. ഗ്രൂപ്പായാലും, ഇലഞ്ഞിക്കല്‍ ഗ്രൂപ്പായാലും, മിഡ്‌ലാന്റ് ഗ്രൂപ്പു ശ്രമിച്ചാലും ചേറ്റില്‍ അടിമുടി പൂന്തിക്കിടക്കുന്ന റേയോണ്‍സിനെ പെരുമ്പാവൂരില്‍ വെച്ച് പൊക്കിയെടുക്കുവാന്‍ ആവുമെന്ന് തോന്നുന്നില്ല, എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്!

ഗുജറാത്ത് ആനന്ദിലെ കുര്യന്‍ അവര്‍കളേയോ , ഡെല്‍ഹി‌ ഇഞ്ചിനീയര്‍ ശ്രീധരന്‍ അവര്‍കളേയോ മറ്റോ പെരുമ്പാവൂരിലേക്ക് വിളിച്ചുവരുത്തി ഒരു സെമിനാര്‍ നടത്തുവാനാണെങ്കില്‍, നമ്മുടെ സ്ഥാനീയ രഷ്ട്രീയപണ്ഡ്ഠിതന്മാരും,യൂണിയന്‍ നേതാക്കന്മാരും സമ്മതിക്കുകയുമില്ല! ഞങ്ങളേക്കാള്‍ ‘അറിഞ്ഞവരാണോ ഈ മറ്റേ അണ്ണാദുരൈമാര്‍?’ ഞങ്ങള്‍ സ്വയം സെമിനാര്‍ നടത്തിക്കോളാമെടേ! താന്‍ ഒന്നു മിണ്ടാണ്ടിരിക്കടേ , എന്നും പറയും![ അറിഞ്ഞര്‍ അണ്ണാദുരൈ, കവിഞ്ഞര്‍ കണ്ണ ദാസന്‍, എന്ന തമിഴ് ശൈലിയിക്ക് കടപ്പാട്]

അധികപ്പറ്റ്: : ദിവസേനയെന്നോണം ടീ.വി.കളില്‍ കാണാറുള്ള ഒരു പരസ്യം: കുറേ സ്വര്‍ണ്ണാഭരണക്കടകള്‍ കേരളത്തിലുടനീളം ഷോ റൂമുകള്‍ തുറക്കുന്നു എന്നുള്ളതാണ്. നാലക്ക സംഖ്യകളില്‍ , പകുതിക്കുമേല്‍ കവിഞ്ഞ കോടികളാണ് ഓരോയിടത്തും ഇറങ്ങുന്ന നിക്ഷേപ സംഖ്യകള്‍ എന്നും നാം അറിയുന്നു. ജനപദ സമ്പത്ത് വലിച്ചെടുത്ത് അവരെ ആഡംബര ങ്ങളിലേക്കും പൊങ്ങച്ച മാനസ വിഭ്രാന്തിയിലേക്കും തള്ളിയിടുവാനുതകുന്ന പ്രേരണാ സന്ദേശമാണ് നാമിതില്‍ വീക്ഷിക്കുന്നത്! ഈ പറഞ്ഞ മഞ്ഞലോഹ ഭീമന്മാരാരും തന്നെ വിഭവ നിര്‍മ്മാണ തൊഴില്‍ ശാലകളോ , ഫാക്ടറികളോ ജനങ്ങള്‍ക്ക് തൊഴിലേകാനുതകുന്ന സേവന കേന്ദ്രങ്ങളോ കേരളത്തിലൊരിടത്തും ഇതേ വിധം തുറക്കുവാനോ , തറക്കല്ലിടുവാനോ മെനക്കെടുന്നില്ല. എന്തുകൊണ്ട്?, എന്ന് ജനങ്ങളോ , നേതാക്കന്മാരോ, സര്‍ക്കാരോ, സിനിമാ നടന്മാരോ ചോദിക്കുന്നുമില്ല! മറിച്ച് , ഇവരെല്ലാം തന്നെ താന്താങ്ങള്‍ എവിടെ നിന്നെല്ലാമോ , എങ്ങിനെ യെല്ലാമോ സമാഹരിച്ചെടുത്ത ദ്രവ്യത്തെ താന്താങ്ങളുടെ സ്ത്രീ ജനങ്ങളെ വിട്ട് ക്രയ വിക്രയം ചെയ്യിച്ച് ഈ മഞ്ഞ ലോഹത്തെ സ്വഭവനങ്ങളില്‍ കൊണ്ടുവന്ന് , മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ് വെച്ച് (കണ്ണുമഞ്ഞളിച്ചുകൊണ്ട്) ഉപജീവനം കഴിച്ചുവരുന്നു! ഇതു സംഭവിക്കുന്നത് അഭ്യസ്തവിദ്യരായ മലയാളികള്‍ വസിക്കുന്ന ഈ കേരളഭൂവില്‍ മാത്രമാണുതാനും! അഹോ വിസ്മയം!!

Advertisements