image source: microsoft office clipart

വിത്തമെന്തിനു മര്‍ത്യര്‍ക്കു
വിദ്യ കൈവശമാകുകില്‍
വെണ്ണയുണ്ടെങ്കില്‍ നറുനെയ്‌
വേറിട്ടു കരുതേണമോ?-
എന്നു തുടങ്ങുന്ന ഒരു പദ്യ ശകലം ഞങ്ങള്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിച്ചത്‌ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു കിടക്കുകയാണ്‌

എന്നാല്‍ ഈ വിദ്യയെപറ്റിയല്ല കഥ; മറിച്ച്‌ വേറൊരു വിദ്യകൂടിയുണ്ട്‌, അതേപറ്റിയാണ്‌ വിവക്ഷ. കാരണം അതാണ്‌ നാം നേരില്‍ കാണുന്നതും, അറിയുന്നതും, അനുഭവിച്ചു വരുന്നതും. വിദ്യാവിചക്ഷണന്മാര്‍ പോലും മറ്റേവിദ്യ പ്രയോഗിക്കുവാന്‍ മടികാണിക്കാത്ത ഈ യുഗത്തില്‍ നാടോടുമ്പോള്‍ നടുവേ ഓടുകയേ രക്ഷയുള്ളു, എന്ന നില തനിയേ വന്നു ചേരുന്നത്‌ സാംഗത്തികവുമാണല്ലോ?

കെട്ടുകഥയുടെ ചുരുളഴിയുന്നത്‌ തീവണ്ടിയാത്രക്കിടയിലായിരുന്നു. നാട്ടിലേക്കുള്ള യാത്രക്കിടയില്‍ സത്രാപ്പൂരില്‍ നിന്നും ഒരു കുര്യന്‍ എന്റെ കമ്പാര്‍ട്ടുമെന്റെല്‍ കയറിക്കൂടി. സത്രാപ്പൂരെവെടെയെന്നല്ലേ? സോലാപ്പൂരുകഴിഞ്ഞാല്‍ വരുന്ന ഊരേതോ അതാകുന്നു സത്രാപ്പൂര്‍!

കുര്യന്‌ സത്രപ്പൂരിലെന്തു കാര്യം? എന്ന് ഞാന്‍ പിറ്റേന്ന് സ്വയം പരിചപ്പെടുത്തിയ കൂട്ടത്തില്‍ ചൊദിച്ചു. താന്‍ ശുദ്ധ ട്രാവന്‍ കുര്യനാണെന്നും, സത്രാപ്പൂരില്‍ ഒരു കോടതിയുണ്ടായിരുന്നെന്നും, അതു കഴിഞ്ഞേച്ചും വെച്ച്‌ തിരിച്ചു പോകുകയാണെന്നും എന്നെ ധരിപ്പിച്ചു.

അതെന്തടവേ, സത്രാപ്പൂരിലൊരു കോടതി? അതും ട്രാവന്‍ കുരിയന്‌?, എന്നു ഞാന്‍ ഗതികേടു കൊണ്ട്‌ നെറ്റി ചുളിച്ച വേളയില്‍ കുര്യന്‍ വിശദീകരണം നല്‍കി:

ഓ…എന്നാ പറയാനേക്കൊണ്ടാ…എന്റെ മൂന്നാലു ട്രക്കും ചരക്കും ഇവിടത്തവന്മാര്‌ പിടിച്ചേച്ചും വെച്ച്‌ നമ്മെ കറക്കിക്കളാഞ്ഞു! ട്രക്കുകള്‍ ഇമ്പൗണ്ടു ചെയ്‌തേച്ചും വെച്ച്‌ അവന്മാര്‍ ഉടമസ്ഥനോട്‌ വന്ന് പെര്‍മിറ്റ്‌ പ്രൊഡ്യൂസ്‌ ചെയ്‌തേച്ച്‌ കൊണ്ടു പൊയ്‌ക്കോളാനേക്കൊണ്ട്‌ നല്ല എളുപ്പമുള്ള കാര്യമല്ലിയോ!
ഞാന്‍ കണ്ണിമ വെട്ടാതെ വര്‍ത്തമാനം കേട്ടിരുന്നു. തീവണ്ടി യാത്രക്കിടയ്‌ക്ക്‌ മറ്റൊന്നും ചെയ്യാനുമില്ലല്ലോ? വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണിമ വെട്ടാന്‍ തോന്നുകയുമില്ല! കുരിയാച്ചന്‍ തുടര്‍ന്നു:
പിന്നെ എന്നാ ചെയ്യനേക്കൊണ്ടാ, ഞാന്‍ ഇതു കേട്ടയുടനെ ട്രിവാന്‍ഡ്രത്തേല്‍ നിന്നും വിമാനത്തില്‍ പറന്നേച്ചും വെച്ച്‌ ഇങ്ങു സത്രാപ്പൂരില്‍ എത്തിപറ്റി, കോടതിയില്‍ ഹാജരായി..ശ്ശെടാ..ഇവിടെ മജിസ്രേട്ട്‌ ഒരു പെമ്പ്രന്നോളാ ഇരിക്കുന്നേ; ഞാന്‍ കരുതി നമ്മുടെ കാര്യം രക്ഷപ്പെട്ടെന്ന് കാരണം സ്‌ത്രീകള്‍ അധികാരം കൈകാര്യം ചെയ്യുന്നത്‌ കുറേക്കൂടി പ്രതിബദ്ധതയോടേയാണന്നല്ലേ പൊതു ധാരണ എവിടെ? കേട്ടോ സുഹൃത്തേ, ആ ധാരണയൊന്നും ശരിയല്ല!

എന്തേ കുര്യച്ചാ അങ്ങിനെ പറയാന്‍? എന്നായി ഞാന്‍.
ആ പെമ്പ്രന്നോത്തി എടുത്ത വായിനു ചോദിക്കുവാ: മിസ്റ്റ്‌ര്‍ കുരിയന്‍, ഗിവ്‌ മി റ്റ്വൊന്റി തൗസന്റ്‌, ആന്റ്‌ റ്റേക്‌ യുവര്‍ ട്രക്ക്സ്‌ ആന്റ്‌ ചരക്ക്സ്‌! ഹൗ ഡു യു ലൈക്ക്‌ ഇറ്റ്‌?
ഞാന്‍ ചോദിച്ചു, ഇവിടെ വെച്ചോ? യുവര്‍ ഓണര്‍?
ജീ ഹാം എന്ന് അവര്‍ ഓണര്‍, മറാഠിയില്‍ മൊഴിഞ്ഞു.
അപ്പോള്‍ ഈ എടവാട്‌ ഈ ഇരിക്കുന്ന നീതി ദേവതകാണത്തില്ലിയോ, യുവര്‍ ഓണര്‍? ഞാന്‍ വീട്ടില്‍ എത്തിച്ചാല്‍ പോരായോ, യുവര്‍ ഓണര്‍?- ഞാന്‍ ശുദ്ധ മലയാളത്തില്‍, ചുമരിലേക്കു നോക്കിക്കൊണ്ട്‌, പരിശുദ്ധമായ എളിമയോടെ ചോദിച്ചു. ചുമരില്‍ നീതി ദേവതയുടെ ഒരു ചുമര്‍ ചിത്രം വെച്ചിരിക്കുന്നു!
പോരാ, എന്നായി ദെയര്‍ ഓണര്‍, സര്‍! അവര്‍ പറയുകാ: നീതി ദേവത കണ്ണു കെട്ടിയിരിക്കുകയല്ലിയോ!ഇതൊന്നും ദെവത കാണത്തില്ലെന്ന്! ശ്ശെടാ
അതെന്തോന്നിനാ ഈ ദേവത കണ്ണും കെട്ടിയിരിക്കുന്നേ, സാറേ? കണ്ണുകെട്ടിയിരുന്നേച്ച്‌ ത്രസ്സു പിടിച്ചാലേക്കൊണ്ട്‌ തൂക്കം കൃത്യമായും മനസ്സിലാകുമോ, സാറേ?
എനിക്കറിയാന്‍ മേലെന്നു ഞാന്‍ പ്രതി വചിച്ചു.
ഈ ഇടവാടൊന്നും കാണുവാനേക്കൊണ്ട്‌ കഴിയുകേലായെന്ന് കരുതിയേച്ചും വെച്ചായിരിക്കും നീതി ദേവത കണ്ണുകെട്ടിയേച്ചും ഇരിക്കുന്നത്‌, അല്ലിയോ, സാര്‍? കുര്യന്‍ തന്നെ അതിനൊരു വിശദീകരണം നടത്തി! ഈ ചിത്രരചന നടത്തിയ ആള്‍ടെ ഒരു പുത്തിയേ!
അതിനും ഞാന്‍ പ്രതികരിച്ചില്ല.
കുര്യന്‍ തുടര്‍ന്നു: ഞാന്‍ പേഴ്സ്‌ തുറന്നേച്ചും വെച്ച്‌, വേറൊന്നും തന്നെ ചോദിക്കാതെ, തുക എണ്ണിക്കൊടുത്തു സാറേ, ആ പെമ്പ്രന്നോള്‌ അതങ്ങ്‌ എണ്ണിയേച്ച്‌ ബാഗിലിട്ടും വെച്ച്‌ ട്രക്കിന്റെ പെര്‍മിറ്റ്‌ എന്റെ കയ്യില്‍ തന്നു! എങ്ങന്യൂണ്ട്‌ കഥ, സാറേ?
അസ്സലായിരിക്കുന്നു, എന്ന് ഞാന്‍ പ്രതിവചിച്ചു.
കുര്യന്‍ പര്യവസാനിപ്പിച്ചത്‌ ഇങ്ങിനെയായിരുന്നു: അല്ല പിന്നൊരു കാര്യമുണ്ടെന്നു കണ്ടോണമേ; യുവര്‍ ഓണര്‍ ഒരു ആറു തവണ കോടതി നീട്ടുയാലേക്കൊണ്ട്‌ എന്റെ ട്രക്കും ചരക്കും ഒരു ആറുമാസമെങ്കിലും ചുമ്മാതങ്ങിരിക്കത്തല്ലേ ഒള്ളായിരുന്നോ? അതിന്റെ നഷ്ടവും, എന്റെ പോക്കുവരവത്തും, ചിലവുകളും മറ്റുമായി എനിക്കൊരു അമ്പതിനായിരത്തിലേറെയങ്ങു നഷ്ടമായിപ്പോകുമായിരുന്നെന്നു കണ്ടോണമേ അതു മനസ്സിലാക്കാനേക്കൊണ്ട്‌ പുത്തിവേണമെന്നും കണ്ടോണമേ! എല്ലാത്തിനും നല്ല വശങ്ങളുമുണ്ടല്ലോ, സാറേ?
സംഗതി എനിക്ക്‌ പുടി കിട്ടിയതു മൂലം ആ പെമ്പ്രന്നൊത്തിയുടെ നീതിന്യായത്തോട്‌ ഏറെ ബഹുമാനം തോന്നുകയും, ന്യായസംഹിതക്കൊരു കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുന്നതില്‍ തീവണ്ടിയിലുന്ന് കോള്‍മയിര്‍ കൊള്ളുകയും ചെയ്തു.

Advertisements