image source: clipart microsoft office

ദില്ലിയില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ വീട്ടുസാമാനങ്ങള്‍ കൊണ്ടുവന്നതിന്‍്‌ ചീഫ്‌ സെക്രട്ടറിയെ വട്ടം കറക്കിയ ചിലരെ ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ സസ്പെന്റു ചെയ്തു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വിപുലമായി വന്നപ്പോള്‍ ഞാന്‍ അതി വിപുലമായി പുഞ്ചിരിച്ചു! യാത്രാമദ്ധ്യേ വാളയാര്‍ വരേക്കും എങ്ങും ഒരു കുഴപ്പവും ഉണ്ടായീലത്രേ! യൂപിയിലോ, എം പി യിലോ, ആന്ധ്രയിലോ മഹാരാഷ്ട്രയിലോ മേറ്റ്വിടേയും ഒരു ചുങ്കികളിലും ഒരു പങ്കപ്പാടും സംഭവിക്കുകയില്ല എന്ന കാര്യം സൈന്യത്തിലുള്ള കുറേ പേര്‍ക്കെങ്കിലും അറിയാം. “സബോട്ടാജ്‌” പ്രശ്നം കൊണ്ട്‌ ദൈവത്തിന്റെ നാട്ടിലേക്ക്‌ സ്ഥലമാറ്റം മേടിക്കാന്‍ വൈമനസ്യം കാണിക്കുന്ന ഒരുപാടുപേരുണ്ടെന്ന്‌ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ്‌ വൃത്തങ്ങളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌! അട്ടിമറിയാണ്‍്‌ പ്രശ്നങ്ങളില്‍ പ്രമുഖന്‍!

ഇനി കാര്‍ളിന്റെ കഥ: പാലം കടന്നു (കൂരായണ പറഞ്ഞു)വരുന്ന പാതയുടെ തെക്കുപടിഞ്ഞാറെ കോണിലെ ഓടിട്ട ഒരു കുടിലിലാണ്‌ ലവന്മാര്‍ കാര്യാലയം തുറന്നതു്‌. ഇരൂപത്തഞ്ചുപേരടങ്ങിയ ലവന്മാരുടെ ഒരു യൂണിയനുമാത്രമാണ്‌ ഗ്രാമത്തിലെ മുഴുവന്‍ ചുമട്ടുത്തരവാദിത്തം! മറ്റവരാര്‍ക്കും ഗ്രാമാതിര്‍ത്തിയില്‍ ഒരു ചുമടും എടുത്തുകൂടാ! എടുത്താല്‍ എടുത്തോ, പക്ഷേ ചുമട്ടുകൂലി കാര്യാലയത്തില്‍ എത്തിച്ചേച്ചാല്‍ മതി. ഇതിവിടുത്തെ മൊണോപൊളിയാണ്‌.ഇരുപത്തിനാലുമണിക്കൂറും കുടിലിന്നുള്ളില്‍ (പ്ര)വര്‍ത്തമാനമാണ്‌. വൈകിയവേളകളില്‍പ്രമത്തരില്‍ ഭൂരിപക്ഷവും എതിര്‍വശത്തുള്ള ചാരായക്കടയിലായിരിക്കും മത്തരായി വര്‍ത്തമാനിക്കുക. അവിടെ മുട്ടപൊരിച്ചതും , കോഴിയും, ആട്ടിറച്ചിയും, പ്യാജും യഥേഷ്ടം ഉണ്ടായിരിക്കണമെന്ന്‌ ലവന്മാര്‍ ചട്ടം കെട്ടിയിട്ടുള്ളതുമാണ്‌. അദ്ധ്വാനിക്കുന്നത്‌ പിന്നെ എന്തിനാണ്‌? നല്ലപോലെ തിന്നണം, നല്ലപോലെ കുടിക്കണം! നാട്ടിലെ ഈ ബൂര്‍ഷ്വാസി വര്‍ഗ്ഗം നമ്മെ കുറേ ശദാബ്ദങ്ങളായി ചൂഷണം ചെയ്തു വരികയായിരുന്നു. ഇപ്പോള്‍ നാമാണ്‍്‌ വാഴുന്നോര്‍!ലോഡുമായിവരുന്ന വരെ നാംഎത്രയുംപിഴിയുന്നുവോ അത്രയും എണ്ണ കിനിഞ്ഞുവരും!പിഴിഞ്ഞില്ലെങ്കില്‍ എണ്ണ പുണ്ണാക്കില്‍ത്തന്നെ ഇരുന്നുകളയും!! അത്ര തന്നെ!!

അങ്ങാടിപ്പുറത്ത്‌ വണ്ടിയിറങ്ങി ഒരു സ്യൂട്ടുകേസുമായി കാറല്‍മാര്‍ക്സ്‌ നേരെ തെക്കോട്ട്‌ നടന്നു വരികയായിരുന്നു. ഭാരതപ്പുഴയുടെ മേലെ ഓടുന്ന പാലം താണ്ടി തെക്കു കിഴക്കേ കോണിലെ ഓടിട്ട കുടില്‍കാര്യാലയത്തിനു മുമ്പില്‍ അദ്ദേഹം ചെന്നു ചേര്‍ന്നു.പത്തിരുപതു യുവാക്കള്‍ വര്‍ണ്ണ ശബളമായ്‌ ഷര്‍ട്ടും കോട്ടും ധരിച്ച്‌ ചങ്കൂറ്റം കാട്ടി പാതവക്കിലൂടെ അച്ചാലും മുച്ചാലും ചരിച്ചുമിരുന്നു. കാള്‍ മാര്‍ക്സിനെ ദൂരെ നിന്നും കണ്ടയുടനെ ഒരു യുവാവ്‌ മറ്റു സഖാക്കളോട്‌ വിളിച്ചു പറഞ്ഞു: ഡാ… ഒരാളു ധാ… വരിണിണ്ട്‌. താടീം തടീം വട്ടമുഖോം! ചുണ്ടില്‍ ചുരുട്ടും!
അതു കേട്ടപാടെ മറ്റുള്ള യുവാക്കളെല്ലാം സംഘം ചേര്‍ന്ന്‌ കാള്‍ മാര്‍ക്സിനെത്തന്നെ തുറിച്ചുനോക്കി.

മാര്‍ക്സ്‌ പേടിക്കാതിരിക്കാന്‍ ഒരു വായ പുകവിട്ടു്‌, തൂക്കുപെട്ടി തോളു മാറ്റി.
കണ്ടിട്ട്‌ ഇയാള്‍ പടിഞ്ഞാറീന്ന്‌ എവടന്നോ വരുവാന്നാ തോന്നണേ – ഒരു യുവാവ്‌ തട്ടിവിട്ടു.
ഡാ, പാക്കരാ,മിഴിച്ചു നോക്കി നില്‍ക്കാതെ ; ആ ബ്യാഗുംമേടിച്ച്‌ തൂക്കിഎടുക്കഡാ!-ഒരുമദ്ധ്യവയസ്കന്‍പുലിയെപ്പോലെഗര്‍ല്‍ക്കിച്ചുകൊണ്ട്‌ കല്‍പ്പി ച്ചു . അയാള്‍ക്ക്‌ ഇവിടത്തെ പരിപാടികളൊന്നും അറിയാന്‍ മേലാ യിരിക്കും! പോയി പറഞ്ഞുകൊടുക്കഡാ..!
ഭാസ്ക്കരന്‍ ഓടിചെന്നു:
അപ്ലേ.യ്‌… , നിങ്ങളാരാ?
നീ എന്നെ അറിയില്ലേ ഭാസ്ക്കരാ, എന്നായി കാറല്‍ മാര്‍ക്സ്‌.
അതിരിക്കട്ടെ, നിങ്ങളാ സ്യൂട്കേയ്സ്‌ ഇങ്ങട്‌ തരിന്‍ !
ഞാന്‍ കാറല്‍ മാര്‍ക്സാ! റഷ്യേന്ന്‌ വരണ വഴിയാ. ഇവടെ കൂടിക്കളയാം “ന്ന്‌ നിരീക്ക്യേ! നല്ല സ്ഥലല്ലേ ഇത്‌ ? നല്ല കാലാവസ്ഥയല്ലേ ഇവിടത്തെ? നല്ലമനുഷ്യരല്ലേ ഇവിടെയുള്ളോര്‍? ഉഗ്രന്‍കാറ്റ്‌, അത്യുഗ്രന്‍ കതിരവന്‍ ! ഹേങ്ങ്്‌ ്‌ ങ്ങ്്്്‌!!!
മാര്‍ക്സിനു ചുറ്റും മറ്റവരെല്ലാം കൂടി.

അമ്പമ്പടാ! ഇബടെ കൂടാന്‍ വന്നിരിക്കുകയാ , എന്നായി ഒരാള്‍. പിന്നെ അയാള്‍ ആരോടെന്നില്ലാതെ മൊഴിഞ്ഞു:
എടാ ആ പെട്ടി അയ്യാളുടെ കയ്യില്‍നിന്നങ്ങ്ട്‌ മേടിച്ചേന്‍. കാണട്ടെ !
നിങ്ങളാ ബ്യാഗ്‌ ഇങ്ങട്‌ തരീന്‍ -ഭാസ്ക്കരന്‍ മാര്‍ക്സിന്റെയരികെ ചെന്നു വീണ്ടും പറഞ്ഞു.

ഹെയ്‌!ഒന്നുംവേണ്ട.ഇതെനിക്കെടുക്കാനുള്ളതല്ലേയുള്ളൂ, നിങ്ങളെയൊക്കെ എന്തിനു ബുദ്ധിമുട്ടിക്കണം?- മാര്‍ക്സ്‌ വിനീതനായി മൊഴിഞ്ഞു.

കണ്ടഡാ, അയാള്‍ തികഞ്ഞ ബൂര്‍ഷ്വാസി യാ.ഒരു സംശോല്ല്യ!
നിങ്ങള്‌ ബ്യാഗ്‌ എടുത്തോളൂ. അതോണ്ട്‌ കൊഴപ്പമില്ല്യ. പക്ഷേ ഒരു നൂറുറുപ്പിക ങ്ട്‌ തന്നാല്‍ മതി! ആ ബ്യാഗിന്റെ ചുമട്ടു വക! മനസ്സിലായോ മാര്‍ക്കസ്സേ?
അതെന്തിനാടോ സുല്‍ക്കുത്തുക്കളേ? ഓരോരുത്തരും അവനവന്‌ എടുക്കാവുന്ന പണി അവനവന്‍ ചെയ്യണം എന്നല്ലേ പണ്ടും ഞാന്‍ പറഞ്ഞിട്ടുള്ളത്‌? പറ്റാത്തത്‌ മറ്റവരെക്കൊണ്ട്‌ ചെയ്യിക്കണം , അതിന്നു തക്കതായ കൂലിയും കൊടുക്കണം! നിങ്ങളൊന്നും ദാസ്‌ ക്യാപ്പിറ്റല്‍ വായിച്ചിട്ടില്ലേ? ഞാന്‍ എഴുതിയപുസ്തകം?
ങ്‌ ഹാ…ഹാ..? ഇയാള്‍ അങ്ങിനത്തെ ഒരു പുത്തകവുംകൂടി എഴുതിയുട്ടുണ്ട്‌ , അല്ലേ? ഇയ്യാളിങ്ങനെ പറഞ്ഞിട്ടു മുണ്ടായിരുന്നുവോ? എന്നാല്‍ അത്‌ ഇവിടെ നടക്കുകേലാ!! മനുഷ്യന്റെ കയ്യിലുള്ള സകല ലോഡുകളും നൊമ്മടെ ചുമതലയാണ്‌ ഈ നാട്ടില്‍, അതറിയുകയില്ലെങ്കില്‍ ഇപ്പോള്‍ അറിഞ്ഞുകൊള്ളുക ! ചുമട്ടുകൂലി ഇവിടെ തന്നാല്‍മതി,ബ്യാഗ്‌ എടുക്കാം, നടക്കാം!ഞങ്ങള്‍ക്ക്‌ ഒരുകൊഴപ്പോമില്ല്യ. അതാണിവിടത്തെ നാട്ടു നടപ്പ്‌!

ദാസ്‌ ക്യാപ്പിറ്റലിന്റെ രചയിതാവിനോട്‌ ഇതു വേണ്ടായിരുന്നു സഖാക്കളേ!
എന്താപറഞ്ഞത്‌?,ഇയ്യാള്‍നൂറുരൂപ ഇങ്ങട്തന്നേച്ചുംവെച്ച്പോയി പണി നോക്കഡോ!! -കോലാഞ്ചാമി ധിക്കാരമായി പറഞ്ഞു.

അതിനു മാത്രം എന്റെ കയ്യില്‍ പണമില്ലെങ്കിലോ?
ഇയ്യാള്‍ ഷര്‍ട്ടുംഊരിവെച്ച്‌,ബ്യാഗുംഇറക്കിവെച്ച്‌,തിരികെ അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനിലേക്കു തന്നെ തിരിച്ചു പോകുക അത്ര തന്നെ!

ഈ പെരു വിധിക്കെതിരായി കാറല്‍മാര്‍ക്സ്‌ തെക്ക്‌ പെരുംചുങ്കം പട്ടണത്തേക്കുള്ള ദിശയിലേക്കു തന്നെ നടത്തമാരംഭിച്ചപ്പോള്‍ , യുവാക്കളെല്ലാം കൂടിവയസ്സനെപിടികൂടി അര്‍ദ്ധനനാക്കി,തോല്‍ബാഗും അപഹരിച്ച്‌ ,തൂക്കി യെടുത്ത്‌ അങ്ങാടിപ്പുറം റെയില്‍ വേ സ്റ്റേഷനിലേക്കേറ്റി, അവിടെ അന്നേരം വന്നെത്തിയ ഒരു തീവണ്ടിയില്‍ കയറ്റി പടിഞ്ഞാട്ടേക്കു തന്നെ തിരിച്ചുവിട്ടു.
ഇനി ആ ബൂര്‍ഷ്വാസി ഇവിടെ വരികയില്ല. മഹാ ചെറ്റ!!- അവരെല്ലാം കൂടി കാര്‍ളിനെ ആട്ടിയോടിച്ചു !!!

അനുബന്ധം: ചിലകൂട്ടരുടെ അക്രമാസക്തപരമായ പെരുമാറ്റത്തെ പരാമര്‍ശിച്ചു മാത്രമാണ്‌ ഈ കഥ. സമൂഹത്തില്‍ അനീതി രാഷ്ട്രീയം പാടില്ലെന്ന മതം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാ സിദ്ധാന്തവാദങ്ങളും സമൂഹത്തിന്റെ നന്മ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കണം ! സമൂഹത്തെ അലട്ടുവാനുള്ളതായിരിക്കരുത്‌. ആരും ആരേയും ചൂഷണം ചെയ്തു പോകരുത്‌. മറിച്ചായാല്‍ അതിന്ന്‌ പിന്നീട്‌ പ്രത്യാഘാതം ഉണ്ടാകാതിരിക്കുകയില്ല!

Advertisements