image source: microsoft office clipart

എന്റെ കുട്ടിക്കാലം 65 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവിക്കുന്നത്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും.കയ്യില്‍ ഓലക്കുടയും, സ്ലേറ്റും,പോക്കറ്റില്‍ ഒരു സ്ലേറ്റു പെന്‍സിലുമായാണ് പാടത്തു വരമ്പത്തൂടെ ഓട്ടം.സ്ലേറ്റു പെന്‍സില്‍ പെട്ടെന്നു പൊട്ടുന്ന വസ്തുവാണ്. അതുകൊണ്ട് ഒന്നിനുപകരം മൂന്നും നാലും പെന്‍സില്‍ പൊട്ടുകള്‍ സ്കൂളിലെത്തുമ്പോഴേക്കും പോക്കറ്റില്‍ ഉണ്ടായിരിക്കും. ഒന്നാം പാഠ പുസ്തകം ഉച്ചാരണത്തില്‍ പഠിപ്പിക്കണം എന്ന് ഏഡുമാഷ് (ഹെഡ് മാസ്റ്റര്‍ എന്നതിന്റെ സ്ലാങ്)പറയുന്നതു കേട്ടപ്പോള്‍ എനിക്കു മനസ്സിലായത് , ഉച്ചക്കു ശേഷമുള്ള സമയത്ത് പഠിപ്പിക്കേണ്ട കാര്യങ്ങളാണ് അതൊക്കെ എന്നാണ് . ഉച്ചാരണം എന്ന പദത്തിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുന്നത് നാലാം ക്ലാസ്സിലേക്ക് എത്തിയപ്പോഴണ്.
ആദ്യത്തെ അഞ്ചാറു പാഠങ്ങളൊക്കെ എനിക്ക് മനപ്പാഠമായിരുന്നു.”അമ്മ, അണ, ആന, ആമ, ഇല, ഇമ, ഈറ, ഈച്ച, ഉറി, ഉല….ഊത്ത്, ഊഞ്ഞാല്‍ …”ഇത്യാദി.
ഓലക്കുടയെ കാലില്‍ പിടിച്ച് കറക്കി, ഒരു വിരല്‍ത്തുമ്പിലേക്കു മാറ്റിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ നേരം വിരല്‍ തുമ്പില്‍ കുടയെ തിരിക്കുവാന്‍ ശ്രീധരനു മാത്രമേ കഴിഞ്ഞിരുന്നുള്ളു. [അവന്‍ വലുതായ ശേഷം വിരല്‍ തുമ്പില്‍ വണ്ടിയെ വട്ടം കറക്കിയിരുന്നു വത്രേ!]
മഴക്കാലത്ത് പാതയോരങ്ങളില്‍ അങ്ങിങ്ങ് വെള്ളം കെട്ടിക്കിടക്കും. ബസ്സിന്റേയും ലോറിയുടേയും കരി ഓയില്‍ അതില്‍ ഒരു തുള്ളിവീണാല്‍ , വെള്ളത്തില്‍ അത് അതിവേഗം പരക്കുകയും, ഒരു നീലിമ കലര്‍ന്ന ആകാശ രൂപം വെള്ളത്തില്‍ പ്രതിഫലിക്കുകയുമാകും. ഊതയും നീലയും കലര്‍ന്ന ആഎണ്ണപ്പരപ്പു നോക്കി ഞങ്ങള്‍ കുറേനേരം വിസ്മയിക്കക പതിവാണ് മഴക്കാലങ്ങളില്‍. നെല്‍പ്പാടം താണ്ടിയാല്‍ കുറച്ചു ഇടവഴികളുടേയും ഞങ്ങള്‍ക്ക് പോകേണ്ടതായിട്ടുണ്ടായിരുന്നു. രണ്ടു വശവും വേലിയാണ്. വേലിപ്പടര്‍പ്പുകളില്‍ ചുവന്ന നിറത്തിലുള്ള ചെഞ്ചുണ്ടിപ്പഴങ്ങള്‍ ധാരാളം ഉണ്ടാകാറുണ്ട്. അതിലൊന്നിന് മുണ്ടാമുണ്ടിപ്പഴം എന്നാണ് ഞങ്ങള്‍ ഇട്ടിരുന്ന പേര്. അതിനെ പറിക്കുമ്പോള്‍ മിണ്ടരുത്; മിണ്ടിയാല്‍ പഴം കയ്ച്ചു പിടുങ്ങും. മിണ്ടിയില്ലെങ്കിലോ മധുരവുമാണ്.
വഴിയിലൂടെ നടക്കുമ്പോള്‍ ചിലപ്പോള്‍ അറിയാതെ ചാണകം ചവിട്ടും. ഞങ്ങള്‍ അന്നു കാലത്ത് പാദ രക്ഷകളൊന്നും ഉപയോഗിച്ചിരുന്നില്ല. റബ്ബര്‍ ചപ്പലൊന്നും അന്നുകാലത്ത് ഇല്ലായിരുന്നു. ചാണകം ചവിട്ടിയാല്‍ കൂട്ടുകാര്‍ കൂവി കളിയാക്കും: അയ്യേയ്യ്…യ് ….ചാണകം ചവിട്ട്യേ? നിയ്യ് വലതു കാലോണ്ടാണ് ചാണകം ചവിട്ടിയിരിക്കുന്നത്.അതിനാല്‍ നിനക്ക് മധുരം കിട്ടും. പക്ഷേ ഇടതുകാല്‍ കൊണ്ടു ചവിട്ടിയാല്‍ അടി ഉറപ്പുമാണ്. ആയതിനാല്‍ ഇടതുകാലില്‍ ചാണകം ചവിട്ടിയാല്‍ ഉടനെ വലതുകാലിലും കൂടെ ചവിട്ടി, അതിന്റെ പകയെ സമനിലയിലാക്കണം!!
പട്ടക്കുടയുണ്ടെങ്കിലും വീട്ടിലേക്ക് എത്തുമ്പോഴേക്കും ഞാന്‍ നനഞ്ഞു പിതുങ്ങാറുണ്ടായിരുന്നു!!

Advertisements