അന്നെനിക്ക് 14 വയസ്സായിക്കാണും; ഒരു കൂട്ടുകാരന്‍ പുളു അടിക്കുകയായിരുന്നു: ഡോ , നിങ്ങള്‍ക്ക് അറിയോ, കോഴിക്കോട്ട് പറയണ വര്‍ത്തമാനം ,പാടണ പാട്ട് ഒക്കെ നമുക്ക് ഇവടന്നു കേള്‍ക്കാം!
ഇവടന്ന്വോ? നിയ്യ് പോടാ പുളു അടിക്കാതെ. അതെങ്ങെന്യാ ഇത്ര ദൂരത്തു നിന്ന് കേള്‍ക്ക്വാ?സ്കൂളിലെ ക്ലാസ്‌റൂമില്‍ നിന്ന് പറയണത് ശരിക്ക് കേള്‍ക്കിണില്ല്യാ എന്നിരിക്കുണു, കൂട്ടം!
അല്ലെടാ; ഞാന്‍ കണ്ടതാ! റേഡിയോ എന്നസാധനാ!അത് കരണ്ടില്‍ സുച്ചിട്ട് തുറന്നാല്‍ , അതില്‍ ഒരു തിരിക്കണ ബട്ടന്‍ ഉണ്ട്, അത് തിരിച്ചാല്‍, ഒരു സ്ഥലത്ത് എത്തുമ്പോള്‍ ചെത്തം വരും, ഒരാള്‍ പറയണ വര്‍ത്തമാനം കേള്‍ക്കാം. ഇത്തിരീശ്യൊക്കെ പൊട്ടലുണ്ടാകും, പക്ഷേ ശരിക്കും കേള്‍ക്കാം. ഞാന്‍ ഇപ്പൊ നൊണയല്ല , ശര്യാ പറയണ്!
ആരെടെ അടുത്താ നിയ്യ് ആ റേഡിയോന്നു പറയണ സാധനം കണ്ടത്?
കമ്പനി മണിടെ വീട്ടില്!
അതു ശരിയാവാനും വഴിയുണ്ട്- ഞങ്ങള്‍ ചിന്തിച്ചു. കാരണം കമ്പനി മണിക്ക് വീട്ടില്‍ പണവും പത്രാസ്സും ഉണ്ട്. അവിടത്തോരൊക്കെ വല്യ ഉദ്യോഗസ്ഥന്മാരും,ടൌണില്‍ പോണോരും ഒക്കെ ആയിരുന്നു. അവന്‍ മാത്രമായിരുന്നു അന്ന് സ്കൂ
ളില്‍ സൈക്കളില്‍ വന്നിരുന്നത്. ഒരാളേയും കേറ്റി ഇരുത്തില്ല, പന്നി!ഒറ്റപ്പൂരാഡാ മണി!
അങ്ങിനെ ഒരു സാധനമുണ്ടെങ്കില്‍ അതൊന്നു പോയിക്കണണമല്ലോ? കുട്ടിമാമയും, ഗോപ്യേട്ടനും, വിജയനും, മണിയനും, ഭാനു അപ്പോട്ടനും കൂടെ ഞാനും ട്രൌസറില്‍ വള്ളികെട്ടി കൂടെ ഇറങ്ങി.
കമ്പനി മണിയുടെ ആശ്രമം വീട്ടിലാണ് അത് വച്ചിരുന്നത്. ഞങ്ങളെ ആ സാധനം മണി എന്തായാലും കാട്ടിത്തന്നു.പാട്ടും കേട്ടു. പക്ഷേ തൊടാന്‍ സമ്മതിച്ചില്ല! അതു കാര്യം വേറെ.
സാധനം കണ്ടാല്‍ മാത്രം മതിയോ, തൊട്ടു നോക്കാണ്ടെ എന്തു തീരുമാനിക്കാനാ?
അത്രമതി, നിങ്ങളൊക്കെ തൊട്ടാല്‍ അതു കേടുവരും, മനസ്സിലായോ?- എന്നായി മണി.
പോടോ, നിന്റൊരു റേഡിയോ, വലുതായാല്‍, കയ്യില്‍ പണമായാല്‍ ഞാനും വാങ്‌ണ്‍‌ട് ഒരു റേടിയോ, അപ്പൊ ഞാന്‍ എല്ലാര്‍ക്കും തൊടാന്‍ കൊടുക്കും, നിന്നെ ഒഴിച്ച്, എന്നു കുട്ടിമാന്‍ മെല്ലെ പറഞ്ഞു!
പിന്നെ എന്റെ തിരുവില്വാമല സ്കൂളില്‍ ഒരു ഹൈ ടെക്ക് റേഡിയോ കൊണ്ടുവന്ന് സ്ഥാപിക്കുകയുണ്ടായി; അത് 1957 ലായിരുന്നു. റേഡിയോ കേള്‍ക്കാന്‍ ഒരു പിരിയഡും വെച്ചിരുന്നു, ഉച്ചക്കു ശേഷം . അത് സ്കൂള്‍ ലബോറട്ടറിയിലാണ് സ്ഥാപിച്ചിരുന്നത്. പുറമേക്ക് 2 സ്പീക്കറും രണ്ടിടത്തായി വെച്ചിരുന്നു.
ഞാന്‍ 1968 ലാണ് , ല‌ക്‍നൌ വിലിരിക്കുമ്പോഴാണ് ട്രാന്‍സിസ്റ്റര്‍ എന്ന സാധനം വാങ്ങുന്നത്. അന്ന് അതിന്ന് 450 രൂപ കൊടുത്തു. [അന്നത്തെ 8 പവന്‍ സ്വര്‍ണ്ണത്തിന്റെ വില!!ഇന്നത്തെ 98000 രൂപക്കു തത്തുല്യമായ ചിലവ്.]

Advertisements