കഥ മാര്‍ഷല്‍
അജ്ഞതാ ഭൂതങ്ങള്‍
ചേലക്കരക്കാരന് ബാബു പഞ്ചാബ് , ഭട്ടിണ്ടയില്‍ നിന്നും അവധിയില്‍ വന്നതായി രുന്നു.അവിടേ ഒരു പ്രൈവറ്റു കമ്പനിയില്‍ പ്രൊപ്രൈറ്ററായി ജോലിചെയ്തുവരികയായിരുന്നു അവന് . തിരുവില്വാമലയിലെ കുന്നത്തുമലക്കുന്നിലൂടെ ഒറ്റക്ക് കാറോടിച്ച്പോകയാ യിരുന്നു . കുന്നത്തു മല കഴിഞ്ഞ് ,മലയാറാന് മലകഴിഞ്ഞ് വേണം പുനര്‍ജ്ജനി മലയില്‍ എത്തുവാന്‍. അവിടെ എത്തുന്നവര്‍ പുനര്ജ്ജനിക്കുകയാല് അവര്‍ക്ക് പിന്നീടൊരു ജന്മവും ഉണ്ടാവുകയില്ല എന്നും ഒരു നാട്ടുശാസ്ത്ര മുണ്ട്!
മനുഷ്യന് മുക്തി സിദ്ധിക്കണമെങ്കില് പുനര്‍ജ്ജനി സന്ദര്ശ്ശിക്കണമത്രേ! മുക്തിയില്ലാതെസിദ്ധികൂടീട്ട്ഒരുകാര്യവുമില്ല!
“മുക്തിയെപ്രാപിക്കാത്തോര്മരിച്ചിട്ടെന്തുഫലം?,
വീണ്ടുമേ ജനിച്ചീടും വീണ്ടുമേ മരിച്ചീടും!”,
എന്ന് കര്‍മ്മ ശാസ്ത്രത്തില്‍, തുഞ്ചന്റെ കിളിപ്പാട്ടു രൂപത്തില്‍ ഒരിടത്ത് പാടിയിട്ടുണ്ട്, അതാരും വായിച്ചിട്ടില്ലാത്തത്, ആ സാധനം എവിടേയും കിട്ടാത്തതു കൊണ്ടാണ്!
അതുകൊണ്ടാണ് തിരുവില്വാമലയിലെ പുനര്‍ജ്ജനിയിലേക്ക് ഇത്രയേറെ തീര്‍ത്ഥാടകര്‍ ചെന്നെത്തുന്നത്, പ്രത്യേകിച്ച് ഇടവപ്പാതി പിറക്കുന്നതോടെ!
അവിടെ വെച്ചു സിദ്ധികൂടിയാല്‍ സംസ്കാരാദികള്ക്ക് ഭാരതപ്പുഴതീരത്തുള്ള ഐവര്‍ മഠം വളരെ അടുത്തുമാണ്. പുണ്യസ്യ പുണ്യം, മഹാനി പുണ്യാനി എന്നും ഫലം അറിക!!
കഥയിലേക്കു കടക്കാം: ബാബു ഒറ്റക്കായിരുന്നു കാറോടിച്ചുപോയിരുന്നത്. മണ്‍സൂണ്‍ മഴ തുടങ്ങിയിരിക്കുന്നു. കാലവര്‍ഷം കാണാനും ആസ്വദിക്കുവാനും കുറേ പര്യടകര് ഈ കാലത്ത് വരുന്നുണ്ട്. കാര്‍ മേഘങ്ങള്‍ ഉരുമ്മി ഉരുമ്മി പോകുന്നു. തൊടാം! കുളിരില്‍ കോരിത്തരിക്കാം. മേഘജലം കൈകൊണ്ടെടുത്ത് മേല്ക്കഴുകാം, ശരീരത്തില്‍ തഴുകാം, തലോടാം,താലോലിക്കാം. മേഘജാലങ്ങളുടെ സുഗന്ധം ചെമ്പകപ്പൂ മണത്തെ വെല്ലുന്ന താണ്.
ദില്‍…. ഹും…ഹും…കരേ….ഘബ്….രാ…യേ…..( ഹൃദയം ഹും ഹും എന്നടിക്കുന്നു, മനസ്സില്‍ പേടി തോന്നുന്നു!)
ഘന്….ധം….ധം….കരേ…..ഗര്‍..ജായേ…………………….(കാര്‍മേഘങ്ങള്‍ കൂട്ടിയിടിക്കുന്നു, ഗര്‍ജ്ജിക്കുന്നു)
ഏക്…ബൂന്ദ്…കാ..ബീ…പാനീ…കീീീീീ…….………(ഒരുതുള്ളി കണ്ണുനീരെങ്കിലും..അത് …)
മൊരേ അഖിയോം….സേ….ബര്..സാാാായേ..~~~~(എന്റെനയനങ്ങളില് പെരുമഴയായിപെയ്യുന്നു!!) എന്ന ബൂപന്‍ ഹസാരിക്ക പാടിയ സുന്ദരമായ ഹിന്ദിപാട്ടിന്റെ ഈണം മലയാളമണ്ണില്‍ ബാബു മൂളി നോക്കി. അതിനോട് ഇതിന്ന് ഇണക്കമില്ല. ഇണങ്ങാത്തതിനോട് പിണക്കം കാണിച്ച് ഒരു ഫലവുമില്ല!
അതേപറ്റി ഓരോന്നോര്‍ത്ത് വണ്ടി ഓടിച്ചോണ്ട് പോകവേ , സന്ധ്യ മയങ്ങുന്നു; ഓടിക്കൊണ്ടിടിരുന്ന കാര്‍നിന്നു കളയുന്നു! ഠീം!
എന്തു പറ്റീടാ? വണ്ടി നിന്നു, ചേട്ടാ! സ്റ്റാര്‍ട്ടാകുന്നില്ല. എഞ്ചിന് നിന്നു; അതു തന്നെ . അഞ്ചാറു തവണസ്റ്റാര്ട്ടാക്കി നോക്കി; യന്ത്രം അനങ്ങിക്കൊടുക്കുന്നില്ല. പഠിച്ചവിദ്യ പതിനെട്ടും ബാബു പയറ്റി നോക്കി. പറ്റിണില്ല! ബാബുവും ആ ഒറ്റക്കാറും മാത്രം. ഒറ്റകുട്ടിയില്ലാത്ത വിജനമായ സ്ഥലി! ചാതി ചാത്തന്മാര് മാത്രമുള്ള ഇടം, കുന്നിന് കൊടുമുടികള്‍, ചെരുവുകള്‍, താഴ്വരകള്‍! ഈ ചെരുവുകളിലൊന്നിലായിരിക്കാം മറ്റേ അശോകന് ഒരുകാലത്ത് ചെന്നിരുന്നിട്ടുണ്ടാവുക! കീഴെ അഗാധമായ കുണ്ട്! കയം. വീണുപോയാല്‍ കായത്തിന്റെ പൊടിയുണ്ടാവില്ല! [ബാക്കിയൊക്കെ ഉണ്ടാവില്ലേ? അതു പോരേ, മതി, തല്ക്കാലം!] കായമെന്നാല്‍ പെരുങ്കായമെന്നാണ്സംസ്കൃതം.
ഇരുട്ടായിവരുന്നതിനാല് നടക്കുകതന്നെ; വഴിയില്‍ ആരെയെങ്കിലും കാണാതെ ഇരിക്കയില്ല, എന്നു കരുതി ബാബു നടന്നു തുടങ്ങി. ആരേയും കണ്ടില്ല; ഒരുമണിക്കൂറിലേറെയായി ഈ നടത്തം. ആയിരം കാതം താണ്ടിയിരിക്കും, ഊമന് ചാണ്ടീയെപ്പോലെ. മഴ ചാറിക്കൊണ്ടേ ഇരിക്കുന്നു. കൊള്ളിയാന്‍ മിന്നുന്നു, ഇടി വെട്ടുന്നു! കാറ്റു വീശുന്നു. പെരുമാരി ഇനിയും വരുവാനുള്ള ആലഭാരമാണ്. എങ്ങിനെ പോകും, എങ്ങിനെ സ്വഭവനം പൂകും, രാത് മേം ക്യാ ഹോഗാ? ഒരെത്തും പിടിയുമില്ലാതെ , ഇതികര്‍ത്തവ്യതാമൂഢനായി, പമ്പരവിഡ്ഢിയായി പരിലസിച്ച് അവന് അങ്ങിനെ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു കാര്‍ പിന്നില്‍ നിന്നും മെല്ലെ മെല്ലെ വരുന്നു; ബാബു വാതില്‍ തുറന്ന് ഉള്ളില്‍ കയറി ഇരുന്നു.
നല്ല ക്ഷീണമുണ്ടായിരുന്നു. ശ്വാസം തിരിയെ കിട്ടിയ ശേഷം ആരാണ് വണ്ടി ഓടിക്കുന്നത് എന്നു നോക്കിയപ്പോള്‍, ആരേയും കണ്ടില്ല. വണ്ടി തനിയേ ഓടിക്കൊണ്ടേ ഇരിക്കുന്നു. മാത്രമല്ല , കാറിന്റെ എഞ്ചിനൊന്നും ഓടുന്നില്ല, ബോണറ്റിന്റെ ഉള്ളില്‍ നിന്നും ഒരു മുഴക്കവും ഉണ്ടാകുന്നില്ല!
ബാബു ഇരുന്നിടത്തിരുന്ന് തരിച്ചുപോയി! സ്തംഭിച്ചു പോയി! കാറ് തനിയേ ഓടുകയോ?ശെയ്ത്താന്! ഒരു സംശയവും വേണ്ട! ചെകുത്താന് തന്നെ! ഭൂതം ; പ്രേതം; പിശാചുക്കള്‍!മറുതകള്, ബ്രഹ്മരക്ഷസ്സുകള്‍,ചുടലച്ചാത്തന്മാര്,രക്തചാമുണ്ടികള്.മലമാക്കന്മാര്! മലയോരമാണ്. പ്രേത ഭൂതാദികളുടെ വിഹാര കേദാരമാണ് എല്ലാ മലയോരങ്ങളും. തിരുവില്വാമലയിലാണെങ്കില് നിറയെ പൂതനും തറകളുമാണ്! അതും വെറും വര്ഗ്ഗത്തറകള്! മറ്റൊരു നാമധേയമില്ല!
ഒരു തിരുവെത്തിയപ്പോള് ബാബു കണ്ണു ചിമ്മി: നാം തകരും തീര്‍ച്ച, നേരേ പായുന്ന, എഞ്ചിനില്ലാതെ ഒറ്റക്കോടുന്ന വണ്ടി എങ്ങിനെ ടേണ്‍ ചെയ്യുമീശ്വരാ?,എന്നു മനസ്സില്‍ കരുതിയതിനാലാണ്, പേടിച്ച് പരവശനായതും കണ്ണടഞ്ഞുപോയതും! പെട്ടെന്ന് ഒരു അജ്ഞാതമായ കയ്യ് ഫ്രന്റ് ഡോര്‍ പാനലിലൂടെ പ്രവേശിച്ച് , സ്റ്റീയറിങ്ങ് തിരിക്കുന്നു.
അയ്യോ! രക്ഷപ്പെട്ടു! മൈ ഗുഡ്നെസ്സ്!! ബാബുവാകട്ടെ പേടിച്ചിരണ്ടിരിക്കുന്നു. ഷുവര്‍ , ദേര്‍ ഈസ് സം സൂപ്പര്‍ നാച്ചുറല്‍ തിങ് ഈസ് ഹാപെനിങ് ഹ്യര്‍. ബാബു പിന്നേയും ഭയചകിത ചകോരനായി!
കാര്‍ പോയ്ക്കൊണ്ടേ ഇരുന്നു, തിരുവുകളില്‍ സ്റ്റിയറിങ് വീല്‍ വേണ്ടവണ്ണം തിരിക്കപ്പെട്ടു വന്നു. ഒരു ചുരം, രണ്ടു ചുരം, മൂന്നു ചുരം , ചുരുളഴിയുവോളം ചുരങ്ങള്‍ താണ്ടി കാറു മുന്നോട്ടു നീങ്ങി. കുറേ ദൂരം താണ്ടിക്കഴിഞ്ഞിരിക്കും; ചെറിയ ഒരു, ആള്‍സഞ്ചാരമുള്ള ഗ്രാമമായി തോന്നി, അവിടെ കാര്‍ മെല്ലെ മെല്ലെ നീങ്ങുവാന്‍ തുടങ്ങി . അന്നേരം ബാബു പെട്ടെന്ന് ധൈര്യം സംഭരിച്ച് ഡോര്‍ തുറന്ന്, പുറത്തു ചാടി, ഓടി. തിരിഞ്ഞു നോക്കാനേ പോയില്ല. എന്തുമാരണമായിരിക്കുമാവോ? എന്തെങ്കിലുമാവട്ടെ, രക്ഷപ്പെട്ടുവല്ലോ?
നേരെ ഒരു കെട്ടുകടയില് കയറി, ആദ്യം വെള്ളവും, പിന്നെ ചായയും ചോദിച്ചു. ശ്വാസഗതിയില് വേഗത കണ്ട ഒരാള്‍ ചോദിച്ചു: നിങ്ങളെന്താ ഇങ്ങനെഭയപ്പെട്ട പോലെചകിതനായിരിക്കുന്നത്,മേനക്കുടമളേ?
ബാബുഅവന്റെകഥയുടെചുരുളഴിച്ചു:
കാളി കാളി മഹാ കാളി, ഭദ്രകാളീ നമോസ്തുതേ,
കുലംച കുല ദൈവം ച , മാം ച പാലയ, പാലയ!!
ഭദ്രകാളീനമസ്തുഭ്യം,വരദേകാമരൂപിണീംവിദ്യാരംഭംകരിഷ്യാമി സിദ്ധിര്ഭവതുമേസ്സദാ………………
ഇവിടത്തെ മലഞ്ചെരുകളില്‍ ഭൂതങ്ങള്‍ ഉണ്ടോ? അറിയാന്‍ വേണ്ടി ചോദിക്കുകയാ?
***************************************************** കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കാര്‍ മെക്കാനിക്കുകളായ കണ്ടനും കോരനും അവിടെ കയറിവന്നു. കഥ കേട്ട് കണ്ടന് കോരനോട് പതിഞ്ഞ സ്വരത്തില്‍ കണ്ഠമൊതുക്കിപ്പറഞ്ഞു:
നമ്മള് തൃസന്ധ്യ നേരത്ത് കാറുന്തിക്കൊണ്ടുവരുമ്പോള് വഴിക്കുവെച്ച് കയറുകയും ഇടക്കുവെച്ച് ഇറങ്ങി ഓടിപ്പോകുകയും ചെയ്ത സത്വം…, നീ പറഞ്ഞത് പുനര്‍ജ്ജനി ഭൂതമാണ് എന്നല്ലേടാ? അതെ!
എടാ ആ സത്വം ധാ’ ഈ ഇരിക്കണതു തന്നെ അല്ലേടാ? ഒന്നു ശരിക്ക് നോക്യേന്? വേഷം മാറി വന്നിരിക്കുകയാവാം ആ സത്വം!
ആയിരിക്കുമെടാ! ശര്യാന്നാ തോന്നണേ!
ആ ഭൂതം ഇവട്യേം കേറീരിക്കുണൂഡാ! ഈ പ്രദേശത്തെ പണികഴിഞ്ഞു ഇനി! ഒന്നും ബാക്കിയുണ്ടാകില്ലഡാ!! ത്രിസന്ധ്യയ്ക്കാ കയറി വന്നിരിക്കുന്നത്.
ഇബറ്റക്കാണെങ്കില് ഒരു കുന്തോം അറിയുംകൂടി ഇല്ല്യ! ഇനി ഇപ്പോള്‍ എന്താടാ ചെയ്യാ?
ഒന്നു ബലിക്കളഞ്ഞാലോ? ആക്കുഴികുട്ടികൃഷ്ണന് നായരെ ഒഴിവുകണ്ടാല് മതി!
ശര്യാ! എന്നാല്‍ അങ്ങന്യാവട്ടെ!
അവര്‍ അതിന്നു വേണ്ടി പണപ്പിരിവു നടത്തി, പാമ്പാടി സെന്ററില്‍ നടുറോട്ടില്‍ നട്ടപ്പാതിരയ്ക്ക് ആക്കുഴിമാനെക്കൊണ്ട് ബലിക്കളയിച്ചു! കുക്കുട ബലിയും,മരനീരുബലിയും ,ധൂപദീപാവലിയും, ചാത്തന് തുള്ളലും, കോമരം ചാട്ടവും ഒക്കെ നടന്നു!
——————————————————————–
പിന്കുറിപ്പ്: അജ്ഞത ഭയത്തെ ജനിപ്പിക്കുന്നു: ഭയം അന്ധവിശ്വാസത്തേയും! അന്ധവിശ്വാസം ജനാവലിയെ വലപ്പിക്കുകയേ ഉള്ളൂ, അവരെ ഉദ്ധരിപ്പിക്കുകയില്ല!പല പല കാര്യങ്ങളും മേല്പറഞ്ഞ കഥയെപ്പോലെ സംഭവിക്കുന്നവയാണ്! അതിനെ തിരിച്ചറിഞ്ഞാല്‍ നന്ന്!- മാര്‍ഷല്‍
2 responses to “അജ്ഞതാ ഭൂതങ്ങള്‍- മാര്‍ഷല്‍. ഒരു നാടോടിക്കഥ”
raghu nandan mani
September 24th, 2010 at 22:46
are any translations in other language coming up …?
MARSHAL
September 24th, 2010 at 23:09
not yet. if some one interested I can translate it. A few stories are in English of course
1 Trackbacks / Pingbacks
2010 in review « Marshal Kathakal മാര്‍ഷല്‍ കഥകള്‍ January 2nd, 2011 at 17:24
[…] […]