റേഷനരി അടിച്ചുമാറ്റുന്ന മുഴുക്കള്ളന്മാര്‍ – മാര്‍ഷല്‍

[മുഖവുര : എത്രമാത്രം പ്രതിബദ്ധതയുള്ള ജനപ്രതിനിധികള്‍ രാജ്യഭാരം ഏറ്റെടുത്തിരിക്കിലും , രാജ്യഭാരം വഹിക്കാത്ത ചില ഭരണ വരേണ്യ ഗുമസ്ഥവര്‍ഗ്ഗം സന്മാര്‍ഗ്ഗത്തിലൂടെ കാര്യനിര്‍വ്വഹണം നടത്താതിരിക്കുന്നേടത്തോളം കാലം സല്‍ഭരണത്തിന്ന് കളങ്കം വന്നുകൊണ്ടേയിരിക്കും എന്ന ശങ്കയില്‍ പൊതുജനം വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്! രാജ്യ ഭരണോദ്വഹരായ ജനപ്രതിനിധികളെ സഹായിക്കുവാന്‍ പൊതുജനങ്ങള്‍ക്കേ സാധിക്കുകയുള്ളു. അവര്‍ വേണ്ടുംവണ്ണം അറിവാര്‍ജ്ജിക്കുകയും , രംഗത്തുവരികയും , സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യണം. നാട്ടുവട്ടങ്ങളില്‍ നടമാടുന്ന അനാചാരങ്ങളെ /ദുരാചാരങ്ങളെ/സദാചാര വിരുദ്ധനടപടികളെ യഥാതഥം അതതു ഭരണസാരഥികളെ അറിയിക്കുകില്‍ അവര്‍ ഇവരെ കടന്നു പിടലിക്കു പിടിക്കുകയും , സംഗതികള്‍ കുറേയെങ്കിലും മെച്ചപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു! ഇനി വായിക്കുക:]
കുറച്ചു ദിവസം മുമ്പ് കളമശ്ശേരി എടയാര്‍ എന്നിടത്ത് ഒരു ഗോഡൌണില്‍ 14000 ചാക്ക് പച്ച ഗോതമ്പ് പൂഴ്ത്തിവെച്ചിരിക്കുന്നതായി കണ്ടെത്തി , ഭണ്ഡാര വാതില്‍ കീഴോട്ടു വലിച്ചടച്ച് താഴിട്ടു പൂട്ടി സീലുവെച്ച് താക്കോലുമായി പോലീസ് പൊയ്ക്കളഞ്ഞതായി പത്രവാര്‍ത്തയുണ്ടായി! സിവില്‍ സപ്ലൈസിന്റെ പൊതുവിതരണത്തിന്നുവെച്ചിരുന്ന ഗോതമ്പ് ചാക്കുകളാണ് ഈ ഫ്ലവര്‍ മില്ലുടമയുടെ ഭണ്ഡാകാരത്തില്‍ കണ്ടെത്തിയ ഈ ചരക്ക് , എന്നായിരുന്നു പോലീസു പറഞ്ഞതായി പത്രമാദ്ധ്യമത്തിലെ വ്യാഖ്യാനം. ഇതു സംഭവിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. ശേഷം സംഗതി എന്തായി എന്നും ആരും എവിടേയും എഴുതിക്കണ്ടതുമില്ല. അതറിയുവാനുള്ള ജിജ്ഞാസ ആരും തന്നെ പ്രകടിപ്പിച്ചതായി ഒരറിവും കിട്ടിയിട്ടുമില്ല! പോലീസിന്ന് വിവരം കൊടുത്തത് നാട്ടുകാരി ലൊരാളായിരുന്നു എന്നാണ് കിംവദന്തി! വിവരസാങ്കേതികം വിജയിപ്പൂതാക!
2010,ആഗസ്റ്റ് 29 ന്ന് വീണ്ടും നെട്ടൂര്‍ എന്ന സ്ഥലത്തെ കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിനകത്തുനിന്നും അനധികൃതമായി പൊക്കിയ പതിനാലായിരം കിലോ റേഷനരി പനങ്ങാടു പോലീസ് വഴിക്കുവെച്ച് പിടികൂടി . [2010, 30 ആഗറ്സ്റ്റിലെ വാര്‍ത്ത]. ഇതിന്നായും വിവരാവകാശവാദം പൊതുജനമാണുപോലും. എന്നാരുപറഞ്ഞു? അതും പറയാവതല്ല!ഇന്ന ഇന്ന വ്യക്തിയാണ് ഞങ്ങളെ വിവരം ധരിപ്പിച്ചത് എന്ന വിവരം പുറമേ വിട്ടാല്‍ അയാള്‍ ഉറപ്പായി തട്ടപ്പെടും! അതുകാര്യം വേറെ! ഈ രണ്ടു സംഭവത്തിലും 14000 എന്ന ഒരു കോമണ്‍ നമ്പര്‍ എന്തുകൊണ്ടോ കടന്നു കൂടി എന്നതും രസാവഹം!
ഇതേപോലെ വേറെ ഒരു സംഭവം കാഞ്ഞൂരില്‍ സെപ്റ്റംബര്‍ 14ന്ന് നടമാടി; 1180 ചാക്ക് അരിയുമായി കടന്നുവന്ന ആറു ലോറികളെ തൊണ്ടിസഹിതം പിടിച്ചെടുത്തിരിക്കുന്നു ! അരി മില്ലില്‍ നിന്നും പോകുന്നതിനുപകരം , അവിടേക്ക് വന്നിരിക്കുന്നു, എങ്ങിനെ? എപ്പടി?എന്തിന്? ആവേ? ആര്‍ക്കറിയാം! ഈവിവരവും പോലീസിനെ അറിയിച്ചത് ചിലനാട്ടുകാര്‍ തന്നെ, എന്നാണ് കിംവദന്തി!
ഈ തിരുമറി എടയാറിലോ നെട്ടൂരിലോ അഥവാ പനങ്ങാട്ടിലോ , കാഞ്ഞൂരിലോ , പാറപ്പുറത്തോ മാത്രമല്ല സകല മാന ആറ്റിടങ്ങളിലും ,നാട്ടിടങ്ങളിലും, ഊരുകളിലും, ഗ്രാമങ്ങളിലും, പാറപ്പുറങ്ങളിലും,പട്ടണങ്ങളിലും നടമാടിക്കൊണ്ടിരിക്കുവാനാണ് സാദ്ധ്യത എന്നുമുണ്ടല്ലോ ഒരു ന്യായം? ഈ സംഭവം പടു കൂറ്റന്‍ ഹിമപര്‍വ്വതത്തിന്റെ പൊങ്ങിക്കിടക്കുന്ന ചെറിയ ഒരു കഷ്ണം ഐസു മാത്രമായിരിക്കുകയില്ല എന്ന് ആര്‍ക്കു തീര്‍ത്തുപറയാനാകും?
കഴിഞ്ഞ 46 വര്‍ഷം മുമ്പുവരേക്കും എന്റേയും കുടുംബത്തിന്റേയും റേഷന്‍ മിലിട്ടറി അറേഞ്ചു മെന്റിലായിരുന്നു. ഞങ്ങള്‍ക്ക് മിതമായ വിലയില്‍ (നിശ്ചിത മൂല്യത്തില്‍‍) അവശ്യമായ പദാര്‍ത്ഥ ങ്ങള്‍ എല്ലാം തന്നെ റെജിമെന്റ് റേഷന്‍ സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചു വന്നു. പെന്‍ഷന്‍ പറ്റി കേരളത്തിലേക്ക് തിരിച്ചുവന്ന ശേഷം ഞങ്ങള്‍ സിവില്‍ റേഷന്‍ കാര്‍ഡു മേടിച്ചു. 7 പേരുള്ള കുടുംബം ; ഏ.പി.എല്‍! ദാരിദ്ര്യ രേഖക്കു മേലേക്കിട! അവിടെ കിട എന്നു പറയുന്നതാണ് ശരി! അരി ,പഞ്ചസാര , മണ്ണെണ്ണ , ഗോതമ്പ്/ആട്ട , പരിപ്പു വര്‍ഗ്ഗം എന്നിവ ഇത്രയിത്ര എന്നൊക്കെ പല കോളങ്ങളിലും കാര്‍ഡില്‍ കുറിച്ചിട്ടുമുണ്ട്. പക്ഷേ റേഷന്‍ കടയുടമ അതിലൊന്നിലും തന്നെ വരക്കുകയോ കുറിക്കുകയോ നാളിതുവരെ ചെയ്തിട്ടില്ല. അരി ഇത്രയില്ലേ ?, എന്നു ചോദിച്ചാല്‍ ഉത്തരം, ഉണ്ടെന്നും ഇല്ലെന്നും മിണ്ടുകയില്ല; ചോദ്യം കേട്ടഭാവമേ നടിക്കുകയില്ല! ആട്ടയും മണ്ണെണ്ണയും മാത്രമാണ് ഞങ്ങള്‍ക്ക് റേഷന്‍ ഐറ്റങ്ങളായി ആകെ കിട്ടിവരുന്നത്! ആട്ട മണ്ണെണ്ണയില്‍ കുഴച്ചുരുട്ടി ചുട്ടുതിന്നാം എന്നുമുണ്ടല്ലോ ഒരു ഞായം? അരിയോ, പഞ്ചസാരയോ, പരിപ്പോ, ഉപ്പോ നാളിതുവരെ കിട്ടിയിട്ടില്ല; അവരുടെ പക്കല്‍ ഏപി എല്ലുകാര്‍ക്ക് തരാന്‍ ഒരു പുല്ലുമില്ല എന്നതു തന്നെ കാരണം!
അപ്പോള്‍ വര്‍ത്തമാനക്കടലാസില്‍ ഓരോ കുടുംബത്തിന്നും ഇത്രകണ്ട് കൊടുക്കുന്നുണ്ട് എന്നു കാണുന്നതോ ?
ആവേ (മരിയാ)? [ ആവേ , എന്നാല്‍ അറിയാന്മേലേ, എന്നാണ് ചിലയിടങ്ങളിലെ പ്രയോഗ ശൈലിയുടെ അര്‍ത്ഥം]
പഞ്ചസാരയോ?
ആവേ,! എ.പി.എല്‍ കാരായ നിങ്ങള്‍ അതൊക്കെ മറന്ന് മാര്‍ക്കറ്റീല്‍ നിന്നു മേടിച്ചേക്കണം.
അവിടെ മുടിഞ്ഞ വിലയാണു മാഷേ?
ഇവിടന്നു നിങ്ങള്‍ക്ക് പഞ്ചസാര തരുവാന്‍ വകുപ്പില്ല; വേറേ വല്ലതും……?
ഗോതമ്പോ?
അതു വന്നിട്ടില്ല.
ആട്ടയോ? അതു വരുമ്പോള്‍ തരാം.
എങ്ങിന്യാ വരുന്ന വിവരം അറിയുക?
ദിവസവും ഇവിടെ വന്ന് ചോദിച്ചറിയുക!
ഏതു രേഖയിലഭിരമിക്കുന്നവരായാലും ഓരോ കുടുംബത്തിനും മിതമായ റേറ്റില്‍,ആവശ്യമായ എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും പൊതു വിതരണ സമ്പ്രദായത്തില്‍ ലഭിക്കുമാറാകണം , എന്നുള്ളതാണ് പൊതുവിതരണലക്ഷ്യമാകേണ്ടത്! അതുറപ്പുവരുത്തിയെങ്കിലേ മറ്റു വ്യാപാര സംവിധാനങ്ങള്‍ ,വിലക്കയറ്റം മൊത്തമായും ലക്ഷ്യം വെച്ച് , പൊതു ജനത്തെ ചൂഷണംചെയ്യാതിരി ക്കയുള്ളു!
ഉപഭോഗവസ്തുക്കളുടേയും,ഭക്ഷണ പദാര്‍ത്ഥങ്ങളുടേയും വില്പന വില നിശ്ചയിക്കുന്നതിന്ന് ഒരു ഫോര്‍മുലയുണ്ട്: ഉല്പാദനച്ചിലവും, മറ്റിനം സേവനച്ചിലവുകളും, കാത്തിരുപ്പുകൂലിയും മറ്റും കൂട്ടി ആദ്യയിനത്തിന്റെ അധികഭാരമായി 80% ചേര്‍ത്താണ് അതു നിശ്ചയിക്കേണ്ടത്. ഈ റേറ്റാണ് ആദ്യമായ മൊത്തവ്യാപാരറേറ്റ്. അടുത്ത പടിയിലേക്ക് പോകവേ അതിന്ന് അധികഭാരമായി 10% അഥവാ12% ത്തില്‍ വില പരിമിതപ്പെടുത്തണം. 4-ആം ഘട്ടത്തിലാകുമ്പോഴേക്കും ഈ ഉല്പന്നം ചില്ലറ വ്യാപാരത്തിലേക്ക് എത്തിപ്പറ്റുന്നു. അവിടേയും അധികഭാരം 10% ത്തില്‍ തളക്കേണ്ടിയിരി ക്കുന്നു. ഇത്തരം മൂല്യനിയന്ത്രണത്തിന്ന് പ്രശാസനത്തില്‍ സംവിധാനമുണ്ടുതാനും. ആ നിയന്ത്രണം അയച്ചുവിട്ടിരിക്കുന്നതിനാലാണ് , അഥവാ അവഗണിക്കപ്പെട്ടിരിക്കുന്നതിനാലാണ് നാം ഇന്നനുഭവി ക്കുന്ന വിലക്കയറ്റവും, പദാര്‍ത്ഥങ്ങള്‍ കരിഞ്ചന്തയില്‍ പൂഴ്ന്നുപോകുന്നതും മറ്റും ഉള്ള സ്ഥിതി വിശേഷം സംജാതമാകുന്നത് !
കിച്ചുമണി എന്ന ബി.പി.എല്‍ തൊഴിലാളി അരിമേടിക്കാന്‍ വന്ന നേരം ഉണ്ടായ സംഭാഷ ണം വിവരിക്കട്ടെ :
ഊം… എന്താ?
അരി വേണം; ഗോതമ്പ്, പന്‍സാര, പരിപ്പു! ഇദാ… കാര്‍ഡ് , ഞങ്ങള് ,എട്ടു പേരുണ്ട്.
എത്ര പേരുണ്ടെങ്കിലും കാര്‍ഡൊന്നുക്ക് ഒരു യൂണിറ്റാണ്, മനസ്സിലാകുന്നുണ്ടോ?
സാറേ , അരിയെങ്കിലും ആള്‍ക്കാരുടെ എണ്ണം നോക്കി തന്നുകൂടേ?.
എടോ അരി മോശമായതാണ്. ഗോതമ്പ്ചൊള്ളന്‍ കുത്തിയതുമാണ്. താന്‍ പണിയെടുക്കണ ആളല്ലേ? നല്ല കൂലി കിട്ടുന്നില്ലേ?; വൈകുന്നേരം വരെ പണിയെടുത്താല്‍ കൂലി യും , ചായയും ടിഫിനും കിട്ടുന്നില്ലേ? കുടുംബത്തീന്ന് നാലുപേര്‍പണിയെടുക്കാന്‍ പോകുന്നു, അപ്പോള്‍ കാശിന്റെ വരായ എത്രയായീ? മേത്തരം അരി മാതോന്റെ പാണ്ഡികശാലയില്‍ നിന്നും മേടിച്ച് , ചോറു വെച്ച് തിന്നരുതോടാ കിച്ചുമണി? ഈ റേഷന്‍ കടേലെ പൂത്തു ചീഞ്ഞ അരിയും കോതമ്പും പരിപ്പും ഒക്കെ മേടിക്കേണ്ട വല്ല കാര്യവുമുണ്ടോ നിനക്ക്?!! നാണമില്ല്യോടേ ?
പൊതു വിതരണത്തിന്ന് ലൈസന്‍സ് എടുത്തിരിക്കുന്ന ചില വ്യാപാരികളും , സിവില്‍ സപ്ലൈ ഡിപ്പാര്‍ട്ടുമെന്റിലെ ചിലപേരും, മറ്റനേകം പറ്റു കാരും കൂടി ഒരു സിസ്റ്റം രൂപീകരിച്ച് , എല്ലാം മറിച്ചു വിറ്റ് , കാശു വീതിച്ചെടുക്കുകയാണെന്നോ അല്ലെന്നോ എന്ന് ആര്‍ക്കും പറയാനുമാകില്ല, തൊണ്ടി സഹിതം പിടിക്കാനുമാകില്ല! അത്രക്കധികം നൂലാമാലകളില്‍ കുരുക്കി ക്രമീകരിച്ചതാണ് ഈ മറിക്കല്‍ സിസ്റ്റത്തിന്റെ ഗുട്ടണ്‍സ് എന്നുവേണം അനുമാനിക്കാന്‍!
ഒരു കാര്യം ഉറപ്പാണ് : സാധാരണ പൌരന്, അവന്‍ ദാരിദ്ര്യ രേഖക്ക് കീഴേയുള്ളവനായാലും മേലേയുള്ളവനായാലും , ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റേഷന്‍ സമ്പ്രദായത്തില്‍ മിതമായ വിലയ്ക്ക് ക്രമമായും, ഭദ്രമായും ലഭിക്കണമെന്നുള്ളത് ഉറപ്പുവരുത്തേണ്ടത് ഒരാവശ്യമാണ്. ചിലപ്പോള്‍ കിട്ടിയെന്നും, പലപ്പോഴും കിട്ടുന്നില്ലെന്നും വരുന്നത് ഒരു വകയുമാണ്! ! കണ്ണടച്ചാല്‍ ഇരുട്ടാവുകയില്ല; മൂടിവെച്ചാല്‍ സത്യം സത്യമല്ലാതെ വരികയുമില്ല!
സിവില്‍ സപ്ലൈ ഡിപ്പര്‍ട്ടുമെന്റിനെ റെജിമെന്റീകരിച്ചാല്‍ ഒരു പക്ഷേ കാര്യങ്ങള്‍ ഭംഗിയാ യി നടക്കുമോ ? അതു മാത്രമല്ല, എങ്ങിനെയാണീ റെജിമെന്റീകരിക്കുക, അതും കൂടി അറിയണ മല്ലോ? അതും പറയുവാന്‍ പറ്റുകയില്ല!
ഈ സിസ്റ്റം എങ്ങിനെ ശരിയാക്കിയെടുക്കാം? അതും പറയാവതല്ല! അതേപറ്റി നമ്മുടെസകലമാന രാഷ്ട്രമീമാംസാ പണ്ഡിതവര്യ ചിന്തകന്മാര്‍ ചിന്തിച്ച് ചിന്തിച്ച് തലപുണ്ണാക്കട്ടെ! അതുവരേക്കും സിവില്‍ സപ്ലൈ ഡിപ്പര്‍ട്ടുമെന്റോ? അവരോട് എങ്ങിനെയാണ് നാം പെരുമാറേ ണ്ടത്?
അവരില്‍ നല്ലവരായ ഉദ്യോഗസ്ഥരെ കണ്ടുപിടിച്ച് അവരെ നാട്ടുവട്ടങ്ങളില്‍ നടമാടുന്ന , റേഷന്‍ സമ്പ്രദായത്തില്‍ നടന്നുവരുന്ന, കള്ളത്തരങ്ങളെക്കുറിച്ച് അപ്പപ്പോള്‍ ധരിപ്പിക്കുക ; കുറച്ചുപോലീസുകാരേയും. അവരും സര്‍ക്കാര്‍ ജനപ്രതിനിധികളും കൂടിച്ചേര്‍ന്ന് കുറേ സമാശ്വാസ മുണ്ടാക്കിയേക്കും!!
വാല്‍ക്കഷ്ണമായി ചാണക്യന്റെ നീതിസാരശ്ലോകം ഒന്നിവിടെ ഉദ്ധരിക്കട്ടെ:
ദുര്‍ജ്ജനസ്യ ച സര്‍പ്പസ്യ വരം സര്‍പ്പോ ന ദുര്‍ജ്ജനഃ
സര്‍പ്പോ ദംശതി കാലേ തു,ദുര്‍ജ്ജനസ്യ പദേ പദേ!
അര്‍ത്ഥം: ദുര്‍ജ്ജനവും സര്‍പ്പവും ഒരുപോലല്ല തന്നെ; സര്‍പ്പം ഒരുകാലില്‍ ദംശിക്കുന്നു, ദുര്‍ജ്ജനം പല പല കുതികാലുകളും ഒരുമിച്ച് വെട്ടുന്നു! അതിനാല്‍ ദുര്‍ജ്ജനങ്ങളെ തഴയുക!ജയ് ഹിന്ദ്!!

Advertisements