ഇക്കഴിഞ്ഞ 14-ന്തി ഒക്ടോബറില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിത്തര്‍ക്കത്തിന്റെ കാരണം അറിയാമോ? നിയമ സഭാ തര്‍ക്കം ഒരുകാലത്തും തീര്‍പ്പാകുകയില്ല; അതിന്റെ കാരണം അറിയാമോ? ഒരു മനുഷ്യന്‍ [ സാധുവോ അസാധുവോ എന്ന് ആര്‍ക്കും തന്നെ ഒരാളെക്കുറിച്ചും പറയുവാനാകുയില്ല!] സ്വ ഭവനത്തിലേക്ക് ഒരു വൈകിയ വേളയില്‍ തിരിച്ചു വരും വഴി വിജനമായ പെരുവഴിയില്‍ വെച്ച് അരക്കും തലക്കും, പ്രാകൃത രൂപത്തിലും ഗുരുതരവുമായ പരുക്കുകളേറ്റ് ആസ്പത്രിയിലെ അതി തീവ്ര പരിചരണത്തില്‍ ശരണ ശയ്യയെ പ്രാപിക്കുകയും ചെയ്തിരിക്കുന്നതിന്റെ കാരണം അറിയാമോ?
ജയിലില്‍ കഴിയുന്ന വേറൊരു മഹാ ജന നായകന്‍ പൊതുവിലക്കിനെതിരെ സ്വന്തം ദൂര ഭാഷിയന്ത്രം അനുസ്യൂതം ഉപയോഗിച്ച് കേരളഭൂവില്‍ ഒരു റിക്കാര്‍ഡുതന്നെ സൃഷ്ടിച്ചതിന്റെ കാരണമറിയാമോ?
ഹരിയാനയിലെ അംബാലയില്‍ വന്‍ സ്പോടക ശേഖരം കണ്ടെത്തിയതിന്റെ കാരണമറിയാമോ? തുടര്‍ന്ന് മധ്യപ്രദേശിലെ രേവാ ജില്ലയില്‍ ഏതോ ഒരിടത്തു നിന്നും ആര്‍ഡി‌എക്സ് പോലുള്ള സ്പോടക വസ്തുക്കള്‍ ഈയിടെ പിടിച്ചെടുത്തതിന്റെ , ഈ ശേഖര വസ്തുതക്കുപിന്നിലെ കാരണം ആര്‍ക്കെങ്കിലുമറിയാമോ?

പ്രശസ്തനായ വക്കീല്‍ പ്രശാന്ത് ഭൂഷണെ അദ്ദേഹത്തിന്റെ ചേമ്പറിലിട്ട് പൊതിരെ തച്ചതിന്റെ പിന്നിലെ മുഴുവന്‍ കാരണങ്ങളും ആര്‍ക്കെങ്കിലുമറിയാമോ?
ഒരു സായാഹ്നത്തില്‍ പെരുമ്പാവൂരില്‍ ബസ്സിറങ്ങിയ ഒരു യാത്രക്കാരനെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിലെ തിരക്കില്‍ , കൂട്ടം കൂട്ടമായി ബഹളമായി തലങ്ങും വെലങ്ങും ഓടിനടക്കുന്ന യാത്രക്കാര്‍ക്കു മുമ്പില്‍ വെച്ചുതന്നെ ദാരുണമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന്റെ കാരണം അറിയാമോ?
സായാഹ്നവേളയില്‍ മൂന്നാലു തൊഴിലാളികള്‍ ആള്‍സഞ്ചാര മില്ലാത്ത ഒരു മനക്കപ്പടിഗ്രാമക്കവലയില്‍ ഇരുന്ന് സൊള്ളിക്കൊണ്ടി രിക്കവേ എങ്ങുനിന്നെ‌ന്നില്ലാതെ മൂന്നു ഗുണ്ടകള്‍ വാളും കുന്തങ്ങ ളുമായി ഒരു ബൈക്കിലിറങ്ങി വന്ന് ഇവരെ ഏവരേയും തല്ലുകയും ഒരാളെ നിഷ്ക്കരുണം കഴുത്തിനു വെട്ടുകയും ചെയതിന്റെ കാരണം ആര്‍ക്കെങ്കിലുമറിയാമോ? പോലീസുകാര്‍ക്ക് മഷിവെച്ചു നോക്കിയിട്ടും അക്രമികളെ ഇതേവരെ പിടികിട്ടിയിട്ടില്ല എന്നതിന്റെ കാരണവും ആര്‍ക്കെങ്കിലുമറിയാമോ?
എറണാംകുളം ജില്ലയില്‍ പലയിടങ്ങളിലായി , പല തവണകളാ യി ,അനധികൃതമായി പൂഴ്ത്തിവെച്ചിരുന്ന പൊതുവിതരണത്തിന്നു ള്ളതെന്ന് അടയാളപ്പെടുത്തിയ, ആയിരക്കണക്കിന് അരിച്ചാക്കുകള്‍ വണ്ടികള്‍ സഹിതം പിടിച്ചെടുത്തിരുന്നതും , വണ്ടികളും ഗോഡൌ ണുകളു മടക്കം സീലു ചെയ്തിരുന്നതും, എന്നതിനു ശേഷം ആ സംഗതികള്‍ എന്തായെന്ന് ആര്‍ക്കും അറിവുകള്‍ ലഭിക്കുക ഉണ്ടായീല എന്നതിന്റെ കാരണം ആര്‍ക്കെങ്കിലുമറിയാമോ?
പണ്ടു പണ്ടു് ജാംബവാന്റെ കാലത്ത്, പാമ്പാടി എന്ന സ്ഥലത്ത് ഒരു പപ്പടച്ചെട്ടിയാര്‍ ഒരു കേസു കൊടുത്തിരുന്നത് കുറേ കാലത്തിനു ശേഷം എന്തായെന്ന് ഒരു സുഹൃത്ത് സൌഹൃതഭാവേന ചോദിച്ചപ്പോള്‍ പറഞ്ഞത് : ആ കേസൊക്കെ മച്ചാനേ, ശാ… ശൂ‍ൂന്ന് പോച്ച്, അല്ലാണ്ടെ എപ്പടി…?…., എന്നായിരുന്നു വത്രേ!!!
ഒരു അപരാഹ്നത്തില്‍ പുതിയേടം അങ്ങാടിയില്‍ ഒരു ഫോട്ടോ ലാബിലേക്ക് കയറുവാന്‍ പാതക്കരുകില്‍ സ്കൂട്ടര്‍ പാര്‍ക്കു ചെയ്യവേ അവിടെ ഓരത്തു നിന്ന രണ്ടു മദ്യപാനികള്‍ എന്നോട് ഒരു കാരണവുമില്ലാതെ തട്ടിക്കയറി , ചീത്തയും പുലഭ്യവും വിളിച്ചു പറഞ്ഞു: നീ ആരഡാ‍ാ‍ാ… ജഡ്ജിയാണടാ… വല്ല മജിസ്ട്രേട്ടോ മറ്റോ ആണടാ…നായിന്റെ….ബ്ലാ..ബ്ലാ..ബ്ലാ..!!! എന്നീ അസംസ്കൃത പദങ്ങള്‍ വേണ്ടു വോളം , ഞാന്‍ മറയുവോളം പ്രയോഗിച്ചു. ഒരു പക്ഷേ ഞാന്‍ മറഞ്ഞതിനു ശേഷവും പ്രയോഗിച്ചുകാണും. പ്രകോപിത രാകുവാന്‍ ഒരു സന്ദര്‍ഭമോ സാഹചര്യങ്ങളോ ഇല്ലതിരുന്നിട്ടും , ആ ഉന്മാദികള്‍ക്കുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ കാരണം എനിക്കെത്ര തന്നെ ആലോചിച്ചിട്ടും പിടികിട്ടിയില്ല; ഈ കേരള ഭൂവിലെ ആ‍ര്‍ക്കെങ്കിലും അതിന്റെ മൂലകാരണമറിയാമോ? അറിയാമെങ്കിലും പറയാമോ?
അടുത്ത കാലത്ത് **************ലെ വില്ലേജാഫീസില്‍ ഒരു അപരാഹ്നം നാലുമണിയോടെ ഞാന്‍ കയറിച്ചെന്ന് , ഒരു സാക്ഷ്യപത്രം ( സര്‍ട്ടിഫിക്കെറ്റ്) ആവശ്യപ്പെട്ടു. വില്ലേജ് ആഫീസര്‍ ഒരു വനിതയാ യിരുന്നു. എന്നെ ഒരു വിമുക്ത ഭടനും കൂടാതെ ഒരു മുതിര്‍ന്ന പൌ രനുമായി കണക്കാക്കുകയും , ഒരു കസേര തന്ന് ഉപവിഷ്ടനാകാന്‍ പറയുകയും, സകല കടലാസുകളും ഉടനുടനുടന്‍ തന്നെ ശരിപ്പെടുത്തി ,കീഴ് ഉദ്യോഗസ്ഥരുടെ മനസ്സില്ലായ്മയെ അവഗണിച്ചുകൊണ്ടുതന്നെ, അതില്‍ ഒപ്പിട്ട് തന്ന് സുസ്മേരവദനയായി നില്‍ക്കുകയും , വീണ്ടും എപ്പോള്‍ വേണമെങ്കിലും ഇവിടേക്കുവരുവാന്‍ [ ഞാന്‍ ഉള്ളിട ത്തോളം സമയം എന്ന് കൂട്ടിച്ചേര്‍ത്ത്] ഒരു മടിയും വേണ്ടെന്ന് ധരിപ്പിക്കുകയും ചെയ്തു. ഈ പെരുമാറ്റ വൈരുദ്ധ്യം മനസ്സിലായത് അല്പം മുമ്പു തന്നെ അവിടത്തെ പഞ്ചായത്ത് ഫ്രണ്ട് ആഫീസില്‍ മൂന്നുമണി കഴിഞ്ഞ വേളയില്‍ ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടര്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നിരിക്കുകയാണ്, ഇതൊന്നു സ്വീ കരിച്ചു [പുകച്ചാലും] എന്നു പരിദേവനം ചെയ്താല്‍‌പോലും ഒരു കടദാസും എടുക്കുകയില്ല എന്ന് വീരസാഹസത്തോടെ ഒരു സൂപ്രണ്ട് എന്നെ നിഷ്കരുണം തള്ളിപ്പറഞ്ഞ് തിരികെ വിട്ടയച്ചതായിരുന്നു എന്നുള്ളതാ യിരുന്നു!
ആ വില്ലേജാഫീസര്‍ വനിത ഇത്രയധികം കര്‍മ്മ കുശല തയോടേയും ,സേവനധാര്‍ഷ്ട്യത്തോടേയും പെരുമാറിയതിന്റെ കാരണം ആര്‍ക്കെങ്കിലുമറിയാമോ? ആ സ്ത്രീരത്നത്തെപ്പോലെ വിരലിലെണ്ണാ വുന്ന കുറച്ചുപേരെരെങ്കിലും നമ്മുടെ ബ്യൂറോക്ര സിയിലുണ്ടല്ലോ , എന്ന് സന്തോഷിച്ചാല്‍ പോരേ, ഈ കാരണങ്ങളും മറ്റും ആരായുന്നതിനു പകരം? അതല്ല എന്റെ ചോദ്യം; ഈ വില്ലേജാഫീസ റെപ്പോലെ 90% ബ്യൂറോക്രസി പ്രോക്താക്കള്‍ എന്തുകൊണ്ട് ആയിത്തീരുന്നില്ല? അവര്‍ക്ക് ജനസേവനത്തില്‍ താല്പര്യത്തിന്റെ അളവ് കൂടാത്തത് എന്തുകൊണ്ട് എന്നാക്കി മാറ്റിച്ചോദിച്ചാലോ, ചോദ്യം?
നമ്മുടെ സമൂഹത്തെ പൊതുവേ ഗ്രസിച്ചിരിക്കുന്ന ഈ മഹാര്‍ബ്ബുദത്തിന്റെ കാരണം ഏതു വൈറസ്സുമൂലമാണെന്ന് ആര്‍ക്കും പറയാവതല്ല! ഒരു പ്രത്യയ ശാസ്ത്രവും ഇവിടെ വിലപ്പോകുകയില്ല! ഒരു കുത്തിവെയ്പ്പും, മരുന്നും മന്ത്രവും ഈ അസുഖത്തിനെ തളക്കുവാനാകുകയില്ല. ‘അസുഖം വരാതെ നോക്കലാണ് , അസുഖ ത്തെ തളക്കുവാന്‍ ഉപാധിയുള്ളു’ , എന്ന ന്യായേന സമൂഹത്തെ , സമൂഹത്തിലെ വളരുന്ന തലമുറയെ , ഉത്തമ പൌരന്മാരായും , കര്‍മ്മബദ്ധയുള്ളവരായും വാര്‍ത്തെടുക്കുകയല്ലാതെ വേറെ ഒരു പരീക്ഷണവും വിലപ്പോകുകയില്ല! ഭരണമല്ല മാറ്റേണ്ടത് , മറിച്ച് കര്‍മ്മചാരികളകടക്കമുള്ള ജനങ്ങളുടെ കര്‍മ്മ ബദ്ധതയാണ് മാറ്റേണ്ടത്.
1975 മുതല്‍ തുടങ്ങിയ കര്‍മ്മ യജ്ഞം കൊണ്ട് അണ്ണാ ഹസാരേ , ഒന്നുമില്ലാതിരുന്ന , വരണ്ടു വിണ്ടുകീറിക്കിടന്നിരുന്ന തരിശുതരിപ്പ ണമായിരുന്ന റാലേഗാവ് എന്ന ഗ്രാമത്തെ ഭൂമിയിലെ സ്വര്‍ഗ്ഗതുല്യ മാക്കിത്തീര്‍ത്തു! പക്ഷേ 36 നീണ്ട വര്‍ഷങ്ങളെടുത്തു അദ്ദേഹം. ഒരുപാട് മര്‍ദ്ദനങ്ങള്‍ അതിനിടെ ഏറ്റുവാങ്ങി. ഇപ്പോള്‍ വയസ്സുമായി; മൌനവ്രതത്തിലേക്ക് പ്രവേശിക്കുകയാണ് ആ വിമുക്ത ഭടന്‍!
[ഒരു ഞായറാഴ്ച് കാലത്താണ് പട്ടാളത്തെ ഡ്യൂട്ടി-സഹായത്തിന്ന് സിവിലിയന്‍ ഗവര്‍മ്മെണ്ട് വിളിക്കുന്നതെങ്കില്‍, ‘ ഹേയ് ഇപ്പൊ പട്ടാളക്കാര്‍ക്ക് ഞായര്‍ മുടക്കമാണ്, നാളേയേ വരാന്‍ പറ്റൂ കേട്ടോ?’ , എന്നു പറയുമോ?]
“പ്രസേനനെ ക്കൊന്നത് ആരുവാന്‍ പോല്‍
പ്രസേനനെ കൊന്നത് ഈശ്വരന്‍ താന്‍
അതോ നമുക്കും പരമാര്‍ത്ഥമിപ്പോള്‍-
അതല്ല ചോദിച്ചതറിഞ്ഞിതോ താന്‍?’
‘അറിഞ്ഞു ഞാനിന്നു പറഞ്ഞുകൂടാ
പറഞ്ഞു കൂടാത്തതിനെന്തു ബന്ധം?
തനിക്കു താന്‍ പോന്നവരൊന്നുചെയ്താ
ലതിന്നു ദോഷം പറയാവതുണ്ടോ?’
…..എന്നിങ്ങനെയുള്ള കുഞ്ചന്റെ ശ്രീകൃഷ്ണചരിതം മണിപ്രവാള ത്തിലെ പ്രസേന ചരിതമാണ്പ്രത്യേകമായി ആവര്‍ത്തിക്കുവാന്‍ തോന്നുന്നത്! ‘തനിക്കു താന്‍ പോന്നവരൊന്നുചെയ്താലതിന്നു ദോഷം പറയാവതുണ്ടോ?’, ഇല്ല! അനുഭവിച്ചുകൊള്ളുകതന്നേയേ രക്ഷയുള്ളു; ഇത് ജനങ്ങള്‍ക്ക് സ്വയം അവബോധം കൈവരും വരേക്കും , ധര്‍മ്മ ബോധം സ്വമേധ യാ പ്രചാരത്തിലാകും വരേക്കും നടമാടും. സംശയമില്ല! വന്ദേ മാതരം!

Advertisements