ചിക്കുണ്‍ ഗുനിയ നാടൊട്ടുക്കും പടര്‍ന്നു പിടിച്ചിരിക്കുന്നു എന്ന ആശങ്ക സംജാതമായതോടെ പ്രശാസനത്തിന്റെ ആരോഗ്യ വകുപ്പ് പെരുത്ത അങ്കലാപ്പിലാകുകയും , പകര്‍ച്ച വ്യാധി തടയുവാന്‍ പട്ടാള സഹായം തേടുകയും ഉണ്ടായ സംഗതി വിശേഷമായിരുന്നുവല്ലോ? പേടിച്ചു വിരണ്ട ജനാവലി ഏതു ചുമയും , ജ്വരവും, സന്നിപാതവും ചിക്കുണ്‍ഗുനിയതന്നെയായിരിക്കുമെന്ന് കരുതി പനിച്ചുവിറച്ച് ആശുപത്രികളായ ആശു പത്രികളില്‍ മുഴുവനും തലയും, മേലാസകലവും മൂടിപ്പുതച്ചുകൊണ്ട് കയറിച്ചെന്നു! വാസ്തവം പറഞ്ഞാല്‍ ഇപ്പോള്‍ നാട്ടില്‍ നടമാടിവരുന്ന എല്ലാ ജ്വരവും, സീഗുപ്പനിയാകുന്നു! അതിന്നൊരു മരുന്നുമില്ല, മന്ത്രവുമില്ല; ഭിഷഗ്വരന്മാര്‍ കൊടുക്കുന്ന കടുംകയ്യുകള്‍ വെറും തന്ത്രമാകുന്നു എന്നാണ് അഭിജ്ഞര്‍ പറഞ്ഞു വരുന്നതും! കാണുന്നതു വിശ്വസിക്കുക, കേള്‍ക്കുന്നതു കുറച്ചു വിശ്വസിക്കുക, ബാക്കി വരുന്നതു വരുമ്പോലെ വരട്ടെ എന്നു കരുതി ദീര്‍ഘ നിശ്വാസം വിടുക എന്നീചിന്തകളിലും കാര്യങ്ങളിലുമാണ് കേരളീയര്‍ ജാഗരൂകരായി ഇത്തരുണത്തില്‍ കഴിഞ്ഞു കൂടുന്നത്!
എങ്കിലും ഇതെല്ലാം സംഭവിക്കുന്നത് മുഴത്തിനു മുഴത്തിന് ക്ലിനിക്കുകളും, വാരക്കു വാരക്ക് നേഴ്സിങ്ങ് ഹോമുകളും, ഫര്‍ലോങിനു ഫര്‍ലോങിനു ലബോറട്ടറികളും, പ്രൈവറ്റ് ആശുപത്രികളും, ഗ്രാമത്തിനു ഗ്രാമത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും , തെരുവിന് തെരുവിനും സ്ട്രീറ്റിനു സ്ട്രീറ്റിനും ആയുര്‍വ്വേദ വൈദ്യന്മാരും, ഹോമിയോ ഡോക്ടര്‍മ്മാരും, സിദ്ധ വൈദ്യന്മാരും, യൂനാനികളും, പിഴിഞ്ഞുപാര്‍ച്ച- നവരക്കിഴി- ഉഴിച്ചില്‍ ശാലകളും മറ്റും ഉള്ള ഒരു പ്രദേശത്താണെന്നു മനസ്സിലാക്കണം. ഇത്രയും വിവരസ്ഫോടനം ഉള്ള മറ്റോരിടം ഈ അണ്ഡകടാഹത്തില്‍ വേറേയുണ്ടോ എന്നു സംശയിച്ചിരിക്കേ, ഇവിടെ ചിക്കുണ്‍ ഗുനിയ (സീഗുപ്പനി) നടമാടാന്‍ കാരണമെന്തെന്ന് കണ്ടുപിടിക്കാനും, പകര്‍ച്ചവ്യാധി തടയുവാനും , അതിനു കാരണമായ കൊതുകളേയും കീടാണുക്കളേയും സംഹരിക്കാനും ആര്‍മിക്കാരെത്തന്നെ വിളിക്കണമെന്ന് ശഠിച്ച ഭരണപ്രഭുക്കളെ പരിഹസിക്കാന്‍ ചില എതിര്‍പ്രമാണികള്‍ ഉപയോഗിച്ച ഫലിതങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പ്രൊമോദമായിത്തോന്നുകയും ഉണ്ടായി! ഫലിതം ഇങ്ങിനെ പോകുന്നു: “നമ്മുടെ ആരോഗ്യവകുപ്പിന്റെ മസ്തിഷ്ക്കാരോഗ്യം മങ്ങി മങ്ങി വരികയാണ് എന്നതിന്റെ തെളിവാണ് സര്‍ക്കാര്‍പ്രശാസനം ഇന്ത്യന്‍ മിലിറ്ററിയുടെ സഹായം തേടിയത്! ഭടന്മാര്‍ ഇനി ചിക്കുണ്‍ ഗുനിയയ്ക്ക് ഇടയാക്കുന്ന കൊതുകളേയും കീടാണുക്കളേയും ഓരോന്നായി റോന്തു ചുറ്റി കണ്ടുപിടിച്ച് വെടിവെച്ചു കൊല്ലുമത്രേ! ധാ… ഒരു കൊതുക് ……ഠേ …., ധാ ഒരു കീടാണു…..ഠേ ….!!!!”. മുന്‍ വരിപ്പല്ലില്‍ വിടവുകാണിച്ചുകൊണ്ട് ഒരു ജനനായകന്‍ ഈ വാചകങ്ങളോ, ഈദൃശാര്‍ത്ഥ വാചകങ്ങളോ, പ്രസംഗമദ്ധ്യേ കാച്ചി , പ്രേക്ഷകരുടെ കയ്യടി നേടിയതായും നാം പത്രവാര്‍ത്തയില്‍ വായിച്ചു മകിഴ്ന്നു!!
ഇതു പറഞ്ഞ വ്യക്തിയെ ഇന്ത്യന്‍ ആര്‍മി ബലാല്‍ക്കാരമായി കയറിപ്പിടിച്ച് റിക്രൂട്ട് ചെയ്ത് , ലവനെ 22 മാസത്തെ കഠിന ട്രെയിനിങ്ങിനു ശേഷം 25/6 ഗഡ് വാള്‍ റൈഫിള്‍ ഇന്‍ഫെന്ററി ബറ്റാലിയനില്‍ പറഞ്ഞുവിട്ട് , നേഫയിലെ ഹൈ ആള്‍ട്ടിട്യൂഡിലെ 136-ആം നമ്പ്ര് പിക്കറ്റില്‍ ഡ്യൂട്ടിക്കു നിര്‍ത്തുകയും ; അവിടെ മഞ്ഞിലും മഴയത്തും 24 മാസത്തെ, 24×7 മണിക്കൂര്‍ ഡ്യൂട്ടിക്കുശേഷം ആ പുതു ഭടനെ കൊച്ചിയിലേക്ക് പറഞ്ഞുവിട്ട് ചിക്കുണ്‍ ഗുനിയ കീടാണുക്കളെ പ്രകൃതിയിലെ വാതാവരണത്തിലെവിടെയുണ്ടെങ്കിലും തേടിക്കണ്ടുപിടിച്ച് ഓരോന്നിനേയും ഓരോ എ കെ 47 റൈഫിള്‍ ബുള്ളറ്റുകൊണ്ട് വെടിവെച്ചു കൊന്നു കളയുവാനും, ഇപ്രകാരം ജനാവലിയെ ബാക്കികാലം മുഴുവന്‍ സേവചെയ്യുവാനും നിയോഗിച്ചു കൊള്ളുകയും വേണമെന്ന് നാട്ടിലെവിടേയോ ഉള്ള എക്സ് സര്‍വ്വീസ് മാന്‍ ലീഗിലെ പട്ടാള നിവൃത്തിയെത്തിയ ചില ഭടന്മാര്‍ പറഞ്ഞെന്നും പറയപ്പെട്ടുവരുന്നു! കാരണം ഈ അസംബന്ധ വാചകങ്ങള്‍ അവരെ വല്ലാതെ ചൊടിപ്പിക്കിട്ടുണ്ടാകണം! സിവില്‍ ഭരണാധികാരികളെ സഹായിച്ചാല്‍ മാത്രം പോരാ ചിലതെമ്മാടിത്തം കൂടി കേള്‍ക്കേണ്ടി വരികയെന്നത് ആരേയു ചൊടിപ്പിക്കുന്ന കാര്യമാണല്ലോ?
****** ******* *******
ഒരുസാദാ പൌരന്‍ നമ്മുടെ രാജ്യത്തിലെ ഏതെങ്കിലുമൊരു കണ്ടോണ്മെന്റില്‍ കാലത്ത് 6 മണിയോടെ ഉലാത്തുവാന്‍ പോകയാണെങ്കില്‍ കാണുക ചില നിയുക്ത റെജിമെന്റുകളിലെ ജവാന്മാര്‍ പ്ലാറ്റൂണുകളായി, ഫിസിക്കല്‍ ട്രെയിനിങ് കിറ്റുകളില്‍, പുല്‍ വെട്ടി വാളുകളുമായി, ഓരോ നിയുക്ത പാതയോരങ്ങളിലേയും പുല്ലുവെട്ടുന്ന രംഗമായിരിക്കും! [നമ്മുടെ നാട്ടിലെ യുവാക്കളാകട്ടെ കാലത്ത് 6 മണിക്ക് ശയിക്കുന്ന തല്പങ്ങളില്‍ നിന്നും കണ്ണുതിരുമ്മി എഴുന്നേറ്റിരിക്കാന്‍ വയ്യാതെ ശയനാസനത്തിലുമായിരിക്കും]. കണ്ടോണ്മെന്റ് പാതകളും വഴിയോരങ്ങളും ഉള്‍ പ്രദേശങ്ങളും വളരെ വൃത്തിയോടും വെടിപ്പോടും വെയ്ക്കുവാന്‍ പട്ടാളക്കാര്‍ ‍ വേറെ ആരേയും റിക്രൂട്ട് ചെയ്യാറില്ല എന്നതാണ്‍ വാസ്തവം!
എസ്.എച്ച്.ഒ.അഥവാ സ്റ്റേഷന്‍ ഹെല്‍ത് ഓര്‍ഗനൈസേഷന്‍, ഓരോ കണ്ടോണ്മെന്റിന്റേയും ഗ്യാരിസണിലുള്ളവരുടെ പൊതുജനാരോഗ്യം ഉയര്‍ന്ന സ്ഥരത്തില്‍ പരിപാലിക്കാന്‍ ആവശ്യമായ ഏതെല്ലാം കാര്യക്രമങ്ങള്‍ സ്വീകരിക്കേണമോ അതെല്ലാം വിട്ടുവീഴ്ചകൂടാതെ നിര്‍വ്വഹിക്കുന്ന ഭരണനിര്‍വ്വഹണ പാടവം മിലിട്ടറി അധികാരികളുടെ അച്ചടക്കബോധത്തിന്റേയും കാര്യ കുശലതയുടേയും ഉദാഹരണമാണ്! അത്തരം അച്ചടക്കത്തില്‍ അധിഷ്ടിതമായ , അര്‍പ്പണബോധത്തോടെ കൃത്യനിര്‍വ്വഹണം സാധ്യമാക്കാന്‍ നമ്മുടെ സിവിലിയന്‍ പ്രജാപതികള്‍ക്കും, അവരുടെ കര്‍മ്മചാരികള്‍ക്കും സാധ്യമാക്കുകയാണെങ്കില്‍ ഒരു ചിക്കുണ്‍ ഗുനിയയും നമ്മുടെ കേരളഭൂവിനെ ഗ്രസിക്കുകയില്ലതന്നെ!
***** ****** ******
കാണാപ്പുറം: എന്റെ കുഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഒരു സാനിറ്ററി കം ഹെല്‍ത് ഇന്‍സ്പെക്ടറോട് എന്റെ വളപ്പിലെ കിണറ്റിലെ കുടിവെള്ളം പരിശോധനചെയ്തു തരുവാന്‍ സാധ്യമാകുമോ, എന്നു ചോദിച്ചു. സാധ്യമാകും, പക്ഷേ താങ്കള്‍ പാലക്കുഴിയില്‍ ചെന്ന് സ്റ്റെറിലൈസ്ഡ് കുപ്പി കൊണ്ടുവന്ന് അതില്‍ അത്യധികം ശ്രദ്ധയോടെ കിണറ്റിലെ ജലം നിറച്ച് , ഹെര്‍മിറ്റിക്കലി സീലു ചെയ്തു , ഒരപേക്ഷക്കത്തോടൊപ്പം അതിനെ ഈ കാര്യാലയത്തില്‍ എത്തിക്കേണ്ടിവരും. അതിനെ പിന്നീട് ഞാന്‍ , പാലക്കുഴിയ്ക്ക് എപ്പോഴാണോ പോകുന്നത് എന്നു വെച്ചാല്‍ അപ്പോള്‍ കൂടെകൊണ്ടുപോയി കൊടുത്ത് , പ്രത്യേകം പരിശോധിപ്പിച്ച് താങ്കള്‍ക്ക് റിപ്പോര്‍ട്ട് തരുന്നതായിരിക്കും; സംഗതി പറ്റായ്കയൊന്നുമില്ല! , എന്നു പറഞ്ഞു.. ഇതിന്നെന്തോരം സമയദൈര്‍ഘ്യമുണ്ടാകും, സാറേ, എന്നായി ഞാന്‍. ആറു മാസം; എന്താ?, എന്നായാള്‍ പറഞ്ഞു! ഞങ്ങള്‍ക്ക് സ്റ്റാഫ് കുറവാണെന്നു കണ്ടോണം!
സ്റ്റാഫിന്റെ കുറവുകൊണ്ടുമാത്രമാണ് ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും കൊതുകു നിയന്ത്രണമടക്കമുള്ള , ഫ്യൂമിഗേഷനടക്കമുള്ള, പുല്ലുവെട്ടലടക്കമുള്ള, സംഗതികള്‍ ഇങ്ങിനെ ഇഴഞ്ഞുപോകുന്നത് എന്നും, ഗ്രാമത്തിലേയും പട്ടണത്തിലേയും ജനങ്ങളുടെ ആരോഗ്യം ആശങ്കാജനകമായിത്തീരുന്നത് എന്നും എനിക്കിപ്പോള്‍ നല്ലപോലെ മനസ്സിലായി വരുന്നു!
വന്ദേ മാതരം!

Advertisements