ചെറുപ്പകാലത്തെ വിഷു

വിഷുവിന്നായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.ഒരു 66 കൊല്ലം മുമ്പായിരുന്നു അക്കാലം. അന്ന് ടെലഫോണോ, ടെലവിഷനോ, ചാനലോ ഒന്നും ഉണ്ടായിരുന്നില്ല, എന്തിന്‍്, ഇലക്ട്രിസിറ്റിയുണ്ടായിരുന്നില്ല. റാന്തലും, എണ്ണവിളക്കും, ചൂട്ടും, പന്തവും ചിമ്മനി വിളക്കും ഒക്കെ ആയിരുന്നു നമ്മടെ കറന്റ്!‍. പക്ഷേ പടക്കം അപ്പോഴും ഉണ്ടായിരുന്നു.
കുട്ടികളായാലും വലിയവരായാലും വിഷു ഒരു മഹാആഘോഷസമയം തന്നെ ആയിരുന്നു.
വിഷു കൈനേട്ടവും , ചക്കപ്പഴവും, പടക്കങ്ങളും, ഓട്ടവും ചാട്ടവും പിന്നെ വിഷുക്കഞ്ഞികുടിയും! വിഷുവേല എന്ന ചടങ്ങും ചില കാവുകളില്‍ ഉണ്ടായിരുന്നു.
പൊതുവേ നാട്ടിന്‍ പുറത്ത് മുഴുവനും കൃഷിക്കാരായിരുന്നു !പണിക്കാര്‍ വലിയതോതില്‍ പട്ടിണിയും പാടുമായാണ്‍് കഴിഞ്ഞിരുന്നത്! പണിയെടുത്താല്‍ കൂലി നെല്ലായാണ് കൊടുക്കുക. ആണിന്ന് ഒരിടങ്ങഴി നെല്ലും പെണ്ണിന്ന് മുന്നാഴി നെല്ലും കൂലി. അതു കൊണ്ടു പോയി കുത്തി ചേറ്റി, ഉമികളഞ്ഞ് അടുപ്പത്ത് വെച്ച് വേവിച്ച് കഞ്ഞി ഉണ്ടാക്കി കുടിക്കണം വിശപ്പടക്കാന്‍. കൂട്ടാന്‍? ഉപ്പ്. “ഉപ്പോളം വരുമോ ഉപ്പിലിട്ടത്? “ അപ്പോള്‍ ഉപ്പില്‍ മാത്രം കൂട്ടാന്‍ ഒതുക്കിയാണ് വിശപ്പടക്കാറ്. വിറകോ? അതും കുടിലിലേക്കുപോകും വഴി അവിടന്നും ഇവിടന്നും വലിച്ചെടുക്കും. മഴക്കാലത്തോ? പുകച്ചില്‍ തന്നെ.
അന്നത്തെ ഇക്കണോമിക്സ് വളരെ മോശമായിരുന്നു. റേഷനരി നാറ്റമുള്ളതായിരുന്നു. ഇവിടെ തുറന്നാല്‍ അവിടെ നാറുമായിരുന്നു, എന്ന് ശങ്കരന്‍ പറയുമായിരുന്നു!അവന്‍ ഞങ്ങളുടെ പണിക്കാരനായിരുന്നു. എനിക്ക് ശങ്കരനെ വലിയ ഇഷ്ടവും ബഹുമാനവുമായിരുന്നു. അയാളുടെ ഇടുപ്പത്ത് മടവാളും, പേനാക്കത്തിയും ഉണ്ടായിരിക്കും: നല്ല മൂര്‍ച്ചയുള്ളതായിരുന്നു അത്.
മുത്തച്ഛന്‍ ചെമ്പനേയും കൂട്ടി ചുങ്കത്തുപോകും മാസത്തിലൊരുതവണ. പലചരക്കു സാമാനങ്ങള്‍ പാണ്ഡ്യാലയില്‍ നിന്നും കൊണ്ടുവരും. പാണ്ഡ്യാല രാമകൃഷ്ണ അയ്യരുടേതായിരുന്നു. അഞ്ചു ബ്രദേഴ്സും കൂടി ആയിരുന്നു കച്ചവടം നടത്തിയിരുന്നത്.എല്ലാര്‍ക്കും കുടുമസ്സുച്ചുണ്ടായിരുന്നു.ചിലവരെ പരിഹസിച്ച് ,”പോടാ സുച്ചന്‍ പട്ടരെ” എന്ന് ഞങ്ങള്‍ വിളിക്കുമായിരുന്നു.കൂട്ടത്തില്‍ രങ്കയ്യര്‍ എന്ന പട്ടര്‍ ജൌളിക്കടയും നടത്തിയിരുന്നു. ഇറ്റ് വാസ് എ വണ്‍ സ്റ്റോപ് ഷോപ്പി!മുത്തശ്ശന്‍ കാശല്ല കൊടുക്കുക, കൊയ്തുകഴിയുമ്പോള്‍ നെല്ലായി കൊടുക്കും. ബാര്‍ട്ടര്‍ സിസ്റ്റം അന്ന് നിലവിലുണ്ടായിരുന്നു!
കോള്‍ട്ടാര്‍ സോപ്പാണ് മേല്തേയ്ക്കാന്‍. വാസനസ്സോപ്പ് ഞങ്ങള്‍ക്ക് കിട്ടുകയില്ല. പറഞ്ഞിട്ട് എന്തു കാര്യം? കിട്ടണ്ടേ?
സാധാരണ പ്രാതല്‍ പൊടിയരിക്കഞ്ഞിയാണ്. തമ്മന്തിയും. ഒന്നു നക്കുക, പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുക!! ഒരു സ്പൂണ്‍ നെയ്യ് കഞ്ഞിയില്‍ ഇട്ടാല്‍ നല്ല സ്വാദു തോന്നും. വിശപ്പാണ് കഞ്ഞിക്ക് സ്വാദേകുന്നത്!!അതിനു തര്‍ക്കമില്ല!
വിഷുക്കാലമായല്‍ ഒരു പക്ഷി- മൈഗ്രേറ്ററി ബേര്‍ഡ്- അവിടെ വരാറുണ്ടായിരുന്നു. അതിന്റെ പാട്ട് പാടത്തും വരമ്പത്തും കുന്നത്തും മുഖരിതമാകാറുണ്ടായിരുന്നു-

കോഴീം കോക്കോട്ടും
കള്ളന്‍ ചക്കീട്ടു
മുറ്റത്തപ്പീട്ടു
കണ്ടാല്‍ മിണ്ടണ്ട
കൊണ്ടേ തിന്നോട്ടേ!
അച്ഛന്‍ കൊമ്പത്ത്
അമ്മവരമ്പത്ത്,
ഏട്ടന്‍ ചുങ്കത്ത്,
ഏട്ത്തി തെക്കേല്,
പാറ്വോ, എങ്ടേ പോയ്?
പാറ്വോ?തെണ്ടാന്‍ പോയ്!
കള്ളന്‍ ചക്ക്യേട്ടൂ!
എന്തേ ചെയ്യേണ്ടൂ?
കണ്ടാ മിണ്ടേണ്ട.
കൊണ്ടോയ് തിന്നോട്ടേ!
കള്ളന് ദാരിദ്ര്യാ!!
വയറ് നിറച്ചോട്ടേ
തിന്നു രസിച്ചോട്ടേ!!
ഞങ്ങള്‍ക്ക് വേണ്ടേനീം
ചക്ക മടുത്തക്കു്ണു!
കണ്ടാല്‍ മിണ്ടണ്ട.
കൊണ്ടോയ് തിന്നോട്ടേ!!!
എന്റെ കുട്ടിക്കാലത്ത് വിഷുക്കാലം വളരെ വിശേഷമായി തോന്നിച്ചിരുന്നു. മാങ്ങയുടേയും ചക്കയുടേയും പറങ്കിപ്പഴങ്ങളുടേയും കാലം. പച്ചപ്പറങ്കിയണ്ടി ഇല്ലിക്കോലുകൊണ്ട് പൊളിച്ച് യഥേഷ്ടം ഞങ്ങള്‍ തിന്നാറുണ്ടായിരുന്നു. ചിലപ്പോള്‍ വിലുകളും ചുണ്ടും ഒക്കെ പറങ്കിയണ്ടി എണ്ണ പുരണ്ട് പൊള്ളും.
പടക്കങ്ങളായിരുന്നു മറ്റൊരാകര്‍ഷണം. ലാത്തിരി, പൂത്തിരി, കമ്പിത്തിരി, മത്താപ്പ്, മാലപ്പടക്കം, ഓലപ്പടക്കം, വിഷ്ണുച്ചക്രം എന്നിവയൊക്കെയായിരുന്നു പ്രധാന ഇനങ്ങള്‍ തിരുവില്വാമല ചുങ്കത്ത് കൃഷ്ണന്‍ നായരുടെ പടക്കക്കടയുടെ പരസ്യം സിനിമക്കൊട്ടായില്‍ കാണിക്കാറുണ്ടാ‍യിരുന്നു : “മേത്തരം വിഷുപ്പടക്കങ്ങള്‍ക്ക് , മിതമായ വിലക്ക്, കൃഷ്ണാ സ്റ്റോര്‍സ്, ചുങ്കം” അരഞ്ഞാണില്‍ ഓട്ടമുക്കാലുകള്‍ കുട്ടികള്‍ കെട്ടാറുള്ളത് ചില ചെക്കന്മാര്‍ അഴിച്ചെടുത്ത് പടക്കം മേടിക്കാറുണ്ടായിരുന്നു.
കാലത്തെ കണിയും, കൈനീട്ടങ്ങളും ഒക്കെക്കഴിഞ്ഞാല്‍ ഭാരതപ്പുഴയിലേക്കോടി കുളിച്ചു വരും. ചിലര്‍ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പോയി തൊഴുതു വരും. പിന്നെ പഴച്ചക്കവെട്ടി തിന്നും. അതു പ്രാതല്‍.
പതിനൊന്നുമണിയോടെ വിഷുക്കഞ്ഞിവിളമ്പും! നെടിയരി ക്കഞ്ഞിയില്‍ തേങ്ങചിരകിയിട്ട് , പാകത്തിന് ഉപ്പിട്ട് ശരിപ്പെടുത്തിയതാണ് വിഷുക്കഞ്ഞി. വാഴപ്പോള കൊണ്ട് ചതുരത്തില്‍ തടയുണ്ടാക്കി അതിന്നുപുറത്ത് നാക്കില വെച്ച് അതിലാണ് കഞ്ഞി വിളമ്പുക. കുടിക്കാന്‍ പ്ലാവില കുത്തുകയും ചെയ്യും. മറ്റിനങ്ങള്‍- കാളന്‍, ഓലന്‍, അവീല്‍, എരിശ്ശേരി, പപ്പടം, പഴം, ഉപ്പേരി കള്‍ , പുളിയെഞ്ചി നാരങ്ങക്കറികള്‍ , പ്രഥമന്‍ എന്നിവ- കഞ്ഞിത്തടക്കു ചുറ്റും വിളമ്പിയിരിക്കും.
പരമേശ്വരന്‍ ചെറിയച്ഛന്റെ വീട്ടില്‍ നിന്ന് ഒരു കാരണവര്‍ വരുമായിരുന്നു ഇടക്കിടെ . അദ്ദേഹം ചില തമാശകള്‍ കുട്ടികള്‍ക്കായി പറയും:
തവിട്ടു പിതുക്കലാം
കുഞ്ഞിപ്പട്ടി നക്കി,
അമ്മായമ്മടെ വെള്ളക്കഞ്ഞീം
കൊള്ളക്കൊള്ള ചെല്ലട്ടെ!
ഈ രാഗമാലികയിലാണത്രെ തീവണ്ടിയുടെ ഓട്ടം.
തന്ത്രിണിപറ്റെ നയനന്‍ നായരെ, ഏകപാലത്തു ചെന്ന് അഗ്നി ശകടം കയറി , ക്ഷീരവനത്തില്‍ ചെന്ന് ഒരു റാത്തല്‍ ക്ഷാമ സാര വാങ്ങിക്കൊണ്ടുവര്വാ! പറ്റ്വൊ?, എന്നും മറ്റും. (ഒറ്റപ്പാലത്തില്‍ നിന്ന് തീവണ്ടികയറി പാലക്കാട്ടു ചെന്ന് , ഒരുറാത്തല്‍ പഞ്ചസാര കൊണ്ടുവരാന്‍ പറയുകയാണ്, പുളിയന്‍ പറ്റേ കണ്ണന്‍ നായരോട്!)
വിഷുസ്സദ്യക്കുശേഷം കുട്ടികള്‍ പിന്നേയും പടക്കങ്ങള്‍ കൊളുത്താന്‍ ഓടുകയായി. ഉത്സവം മൂന്നാം ദിവസം “ചാല്‍” എന്ന ചടങ്ങുവരെ നീണ്ടു നില്‍ക്കുകയും ചെയ്യും.
ഇപ്പോള്‍ വിഷു ഉണ്ട്. കാലം മാറിയെന്നു മാത്രം. കാലം വരുത്തുന്ന പരിണാമങ്ങളുമായി വിഷു ആഘോഷിക്കപ്പെടുന്നു. കുട്ടികളും വലിയവരും ടീവിക്കുമുമ്പില്‍ താരങ്ങള്‍ ചമക്കുന്ന വിഷുവിഭവങ്ങളുമായി പാസ്തയും തിന്ന് കുത്തിയിരുന്ന് കാലക്ഷേപം കഴിക്കുന്നു! സംസ്കാരത്തിന്നു വന്നുചേര്‍ന്നിരിക്കുന്ന മാറ്റങ്ങള്‍ വിസ്മയം തന്നെ. മാറ്റങ്ങള്‍ ആവശ്യമാണ്. എല്ലാം സ്വീകാര്യവുമാണ്!!

Advertisements