Posts tagged ‘മര്‍ഷല്‍ കഥകള്‍’

ഇൻഫ്ലേഷൻ- ഹാസ്യ കഥ- മാർഷൽ

പെട്രോൾ-1 ചാമി എഴ്ശൻ അദ്ധ്വാന ശീലനാണ്.കായിക ബലം ശോഷിച്ചിട്ടില്ലാത്ത വയോവൃദ്ധനാണ്.കന്നുപൂട്ടും, കിളക്കും, കന്നുകൾക്ക് നുഖമിണക്കും.[നുഖം എന്നു പറഞ്ഞാൽ പുതിയ തലമുറയിലെ ചെക്കന്മാർക്ക് വല്ലതും അറിയുമോ ആവോ? ആർക്കറിയാം.ഈശ്വരോ രക്ഷതു!]വിറകുവെട്ടും,വെട്ടിക്കീറി മറ്റേകൂട്ടത്തിലാക്കും,എല്ലാ വിടുപണികളും, പടുപണികളും ചെയ്യും. എന്നാൽ വൈകുന്നേരം പണി മാറ്റിയാൽ അല്പം ഭഗവത്സേവയുണ്ട്. അതില്ലാണ്ടെ പറ്റില്ല! ഷാപ്പിൽ ചെന്നു. ഇടുപ്പിൽ നിന്നും തിരുകി വെച്ചിരുന്ന രൂപയെടുത്ത് ഷാപ്പുടമയുടെ മേശപ്പുറത്തിട്ടു, പറഞ്ഞു: ഒരെഴുനൂറ്റമ്പതു മില്ലി, ട്ടോളീ.രണ്ടു കോഴിമുട്ട പൊരിച്ചതും! ഇതുകൊണ്ട് ഇരുനൂറ്റിഅമ്പതു മില്ലിയേ കിട്ടൂ എന്നായി ഷോപ്പുടമ. ഊം…. എന്താ സംഗതി? പെട്രോളിന് വെലകൂടീലേ? അതോണ്ട്?………….. അതിനുമറുപടി കടിച്ച് കുതു കുന്തം മറിഞ്ഞിരുന്ന ഒരു മദോന്മത്തനാണ് പറഞ്ഞത്!: ഫെ……ട്രോള് കത്തും. ധും…. കത്ത്….തും…ല്ലെഴാ… ചെളുക്കേ?…. അപ്പൊ…. പ്എട്രോളിന് വെല കൂഴുമ്പ്ല് ….‘ധിനും… കൂഴണ്ടേ… ഹെന്ത്???? 2- ദുഗ്ദ്ധം! നാരായണി അമ്മക്ക് മുലകുടിപ്രായമുള്ള ഒരു കുഞ്ഞുണ്ട്.കുമ്പളങ്ങകൾ രണ്ടെണ്ണമുണ്ടെങ്കിലും ഉള്ളിൽ പാലില്ല! അതിനാൽ കുഞ്ഞിനു് ടിന്നിൽ വരുന്ന പാൽ‌പ്പൊടിയാണ് പതിവാക്കിയത്. 450 ഗ്രാമിന്റെ ഒരു ടിന്ന് വെറും അഞ്ചു ദിവസം കഷ്ടിച്ച് തികയും, അഥവാ തികക്കും. ഇന്നലെ പൊടി തീരാറായപ്പോൾ ആയമ്മ തന്നെ ചുങ്കത്തേക്കു നടന്നു. കുട്ടികൃഷ്ണൻ നായരുടെ കടയിൽ കയറിച്ചെന്ന് അമൂല് ചോദിച്ചു. സ്പ്രേ അല്ലേ? അല്ല! ബേബിഫുഡ്ഡാ! ആർക്കാ? നമ്മടെ മോനന്നെ- നാരായണ്യേമ്മ നാണമന്യേ പറഞ്ഞു. കുട്ടികൃഷ്ണൻ നായരടെ മിഴികൾ കൊഴുത്ത മൃദുത്വമുള്ള മാദകത്തിലേക്ക് കഞ്ചുകം ചൂഴ്ന്നിറങ്ങി ച്ചെന്ന് ഭാരത്തെ മൃദുവായി പുൽകി തഴുകി ഞെക്കിനോക്കി! ഒരു ഡ്രോപ്പുപോലും അതിലില്ല, പോരേ! ഒരു ഡിബ്ബയെടുത്തു നീട്ടി. നാരായണി അതു വാങ്ങി , മുപ്പത്തഞ്ചു രൂപ കൊടുത്തു. ഒരു ഇരുപത്തഞ്ചും കൂടി തരിൻ, ട്ടോളൂ! അതെന്താ?ഒരു ഇരുപത്തഞ്ചും കൂടേ? പാൽ‌പ്പൊടിക്ക് വിലകൂടീട്ടോ! എന്നായി കുട്ടികൃഷ്ണൻ അതെന്താന്നും, അങ്ങിനെ? എന്നായി അയമ വീണ്ടും. പെട്രോളിന്ന് വില കൂടീല്യേ? അപ്പൊ നിങ്ങൾ പേപ്പറൊന്നും വായിക്കാറില്ലേ? എന്തൊരു സ്ത്രീയാ ഇയമ്മ?

Advertisements

ഹാസ്യം:ഒരു തിരിക്കഥ- മാർഷൽ

നല്ല ഒരു തിരിക്കഥ പറയാം, കേട്ടോളീ:
തിരുമേനീം ബാപ്പുക്കായും ചങ്ങാതിമാരായിരുന്നു. മതം വേറെ, ചങ്ങാത്തം വേറെ. അതു കാര്യം വേറെ , എന്നാണല്ലോ, ചൊല്ല്?പക്ഷേ ഇബരെ സംബന്ധിച്ച് അങ്ങിനെയായിരുന്നില്ല! ബാപ്പുക്കാന്റെ ബീട്ടിലു തിരുമനസ്സ് ഇടക്കും തലക്കും പൂവ്വും,. ആ ദിവസം ബാപ്പുക്കാന്റെ ബീട്ടിലു മീനോ ഇറച്ചിയോ ബെയ്ക്കൂല എന്നു മാത്രം! ഒരു ദിവസം ബാപ്പുക്ക തിരുമേനീന്റെ ഇല്ലത്തിലേക്ക് പോയി. ബൈകുന്നേരം ബരെ വിഷ്ണുതിരുമനസ്സിന്റെ ഇല്ലത്തിന്റെ തെക്കേപുരക്കില്‍ കുത്തിയിരുന്ന് ബര്‍ത്താനം പറഞ്ഞു.ചായ കുടിച്ചു, കഞ്ഞിബെള്ളം മോന്തി, രണ്ടു പേരും ബര്‍ത്താനത്തോടു ബര്‍ത്താനം തന്നെ. ഇങ്ങനേം ഉണ്ടോ ഒരു ചങ്ങാത്തോം വര്‍ത്തമാനോം , എന്നു വരെ അകത്തോലുമാര്‍,ഇടക്കിടെ എത്തി നോക്കി പറയാന്‍ തുടങ്ങി! അതൊന്നും സാരമാക്കേണ്ട! അവരിക്ക് ചങ്ങാത്തം എന്താണെന്ന് വല്ലതും നിശ്ചം ഉണ്ടോ?
സമയം പോയത് ബാപ്പുട്ടിയുമറിഞ്ഞില്ല, തിരുമേനിയുമറിഞ്ഞില്ല! ഒടുക്കം സന്ധ്യക്ക് വിളക്കുമായി വന്ന് തംബ്രാട്ടി താഴെ ഒരു തിരി വെച്ച് , ദീപം ….ദീപം… എന്നു പറഞ്ഞുംക്ലാഞ്ഞ് അകത്തേക്കു പോയി!
തിരുമേനി ബര്‍ത്താനം നിര്‍ത്തി, ‘ണീച്ചിട്ട്, കൈകൂപ്പി തൊഴുത്, ഒരു ശ്ലോകം ചൊല്ലി:
ദീപോജ്യോതി ജഗത്സ്സര്‍വ്വം,
ദീപോ ജ്യോതി ജനാര്‍ദ്ദനം
ദീപോ ഹരതു മല്‍പ്പാപം
സന്ധ്യാ ദീപം നമോസ്തുതേ!!
അതിനു ശേഷം സാഷ്ഠാംഗം നമസ്കരിച്ചു. അതും ഒരഞ്ചാറു തവണ! തൊട്ടു തലയില്‍ വെച്ച് എഴുനേറ്റു, നാരായണ, നാരായണ , എന്ന് അഞ്ചാറുവട്ടം ഉരുവിട്ടു.
ഈ സംഗതി കഴിഞ്ഞയുടനെ ബാപ്പുക്ക പറഞ്ഞു:
ഇങ്ങള് തിരുമേനീ, ഒരു തിരി കത്തണു കണ്ടിട്ട് ഇങ്ങനെ തൊഴുതു കുമ്പിട്ടാല്, ഒരു പെര കത്തണു കാണുമ്പോ എന്തായിരിക്കും സ്തിതി?
കുറേ നേരത്തിന് തിരുമേനിക്ക് ഉത്തരം മുട്ടീന്നാ തോന്നണെ, ഒന്നും മിണ്ടീല്യ പുള്ളി!
ഇത്തിരി കഴിഞ്ഞ ശേഷം നമ്പൂരി പറഞ്ഞു:
ബാപ്പുട്ടീ, നമ്മളു വര്‍ത്തമാനം പറഞ്ഞൂണ്ടിരിക്കുന്നേന്റെടയില് നാലു തവണ നിസ്കരിച്ചില്ലേ?
ഉവ്വ്!
അപ്പോ നോം വല്ലതും പറഞ്ഞ്വോ?
ഇല്ല!
ഇപ്പൊ നോം സന്ധ്യാവന്ദനം നടത്ത്യേപ്പൊ തനിക്ക് ഒരക്ഷരം പറയാന്‍ പാങ്ങിണ്ടായിരുന്ന്വോ?
ഇല്ല!
പിന്നെന്ത്യേ താന്‍ ആ പെര കത്തണ കാര്യം പറഞ്ഞേ?
ഇഞ്ഞി’ ഞമ്മള് അയിനെപറ്റി മിണ്ടിണില്ല, ‘ന്നാ പോരെ?
മതി!
അതോടെ സംഗതി അവടെ തീര്‍ന്നു!!
അനുബന്ധം: ഇങ്ങിനെ വേണം മത സൌഹാര്‍ദ്ദം! മനസ്സിലായിട്ടുണ്ടോ?

________________________________

ഭരണ സാരഥികള്‍ കരയട്ടെ! -പൊളിട്രിക്സ്: മാ‍ര്‍ഷല്‍

ഭരണ സാരഥികള്‍ കരയട്ടെ!

അജ്ഞതാ ഭൂതങ്ങള്‍- മാര്‍ഷല്‍. ഒരു നാടോടിക്കഥ

കഥ മാര്‍ഷല്‍

അജ്ഞതാ ഭൂതങ്ങള്‍

ചേലക്കരക്കാരന്‍ ബാബു പഞ്ചാബ് , ഭട്ടിണ്ടയില്‍ നിന്നും അവധിയില്‍ വന്നതായി രുന്നു.അവിടേ ഒരു പ്രൈവറ്റു കമ്പനിയില്‍ പ്രൊപ്രൈറ്ററായി ജോലിചെയ്തുവരികയായിരുന്നു അവന്‍ . തിരുവില്വാമലയിലെ കുന്നത്തുമലക്കുന്നിലൂടെ ഒറ്റക്ക് കാറോടിച്ച്പോകയാ യിരുന്നു . കുന്നത്തു മല കഴിഞ്ഞ് ,മലയാറാന്‍ മലകഴിഞ്ഞ് വേണം പുനര്‍ജ്ജനി മലയില്‍ എത്തുവാന്‍. അവിടെ എത്തുന്നവര്‍ പുനര്‍ജ്ജനിക്കുകയാല്‍ അവര്‍ക്ക് പിന്നീടൊരു ജന്മവും ഉണ്ടാവുകയില്ല എന്നും ഒരു നാട്ടുശാസ്ത്ര മുണ്ട്!
മനുഷ്യന് മുക്തി സിദ്ധിക്കണമെങ്കില്‍ പുനര്‍ജ്ജനി സന്ദര്‍ശ്ശിക്കണമത്രേ! മുക്തിയില്ലാതെസിദ്ധികൂടീട്ട്ഒരുകാര്യവുമില്ല!
“മുക്തിയെപ്രാപിക്കാത്തോര്‍മരിച്ചിട്ടെന്തുഫലം?,
വീണ്ടുമേ ജനിച്ചീടും വീണ്ടുമേ മരിച്ചീടും!”,
എന്ന് കര്‍മ്മ ശാസ്ത്രത്തില്‍, തുഞ്ചന്റെ കിളിപ്പാട്ടു രൂപത്തില്‍ ഒരിടത്ത് പാടിയിട്ടുണ്ട്, അതാരും വായിച്ചിട്ടില്ലാത്തത്, ആ സാധനം എവിടേയും കിട്ടാത്തതു കൊണ്ടാണ്!
അതുകൊണ്ടാണ് തിരുവില്വാമലയിലെ പുനര്‍ജ്ജനിയിലേക്ക് ഇത്രയേറെ തീര്‍ത്ഥാടകര്‍ ചെന്നെത്തുന്നത്, പ്രത്യേകിച്ച് ഇടവപ്പാതി പിറക്കുന്നതോടെ!
അവിടെ വെച്ചു സിദ്ധികൂടിയാല്‍ സംസ്കാരാദികള്‍ക്ക് ഭാരതപ്പുഴതീരത്തുള്ള ഐവര്‍ മഠം വളരെ അടുത്തുമാണ്. പുണ്യസ്യ പുണ്യം, മഹാനി പുണ്യാനി എന്നും ഫലം അറിക!!
കഥയിലേക്കു കടക്കാം: ബാബു ഒറ്റക്കായിരുന്നു കാറോടിച്ചുപോയിരുന്നത്. മണ്‍സൂണ്‍ മഴ തുടങ്ങിയിരിക്കുന്നു. കാലവര്‍ഷം കാണാനും ആസ്വദിക്കുവാനും കുറേ പര്യടകര്‍ ഈ കാലത്ത് വരുന്നുണ്ട്. കാര്‍ മേഘങ്ങള്‍ ഉരുമ്മി ഉരുമ്മി പോകുന്നു. തൊടാം! കുളിരില്‍ കോരിത്തരിക്കാം. മേഘജലം കൈകൊണ്ടെടുത്ത് മേല്‍ക്കഴുകാം, ശരീരത്തില്‍ തഴുകാം, തലോടാം,താലോലിക്കാം. മേഘജാലങ്ങളുടെ സുഗന്ധം ചെമ്പകപ്പൂ മണത്തെ വെല്ലുന്ന താണ്.
ദില്‍…. ഹും…ഹും…കരേ….ഘബ്‌….രാ…യേ…..( ഹൃദയം ഹും ഹും എന്നടിക്കുന്നു, മനസ്സില്‍ പേടി തോന്നുന്നു!)
ഘന്….ധം….ധം….കരേ…..ഗര്‌..ജായേ…………………….(കാര്‍മേഘങ്ങള്‍ കൂട്ടിയിടിക്കുന്നു, ഗര്‍ജ്ജിക്കുന്നു)
ഏക്…ബൂന്ദ്…കാ..ബീ…പാനീ…കീ‍ീ‍ീ‍ീ‍ീ…….………(ഒരുതുള്ളി കണ്ണുനീരെങ്കിലും..അത് …)
മൊരേ അഖിയോം….സേ….ബര്‌..സാ‍ാ‍ാ‍ായേ..~~~~(എന്റെനയനങ്ങളില്‍ പെരുമഴയായിപെയ്യുന്നു!!) എന്ന ബൂപന്‍ ഹസാരിക്ക പാടിയ സുന്ദരമായ ഹിന്ദിപാട്ടിന്റെ ഈണം മലയാളമണ്ണില്‍ ബാബു മൂളി നോക്കി. അതിനോട് ഇതിന്ന് ഇണക്കമില്ല. ഇണങ്ങാത്തതിനോട് പിണക്കം കാണിച്ച് ഒരു ഫലവുമില്ല!
അതേപറ്റി ഓരോന്നോര്‍ത്ത് വണ്ടി ഓടിച്ചോണ്ട് പോകവേ , സന്ധ്യ മയങ്ങുന്നു; ഓടിക്കൊണ്ടിടിരുന്ന കാര്‍നിന്നു കളയുന്നു! ഠീം!
എന്തു പറ്റീടാ? വണ്ടി നിന്നു, ചേട്ടാ! സ്റ്റാര്‍ട്ടാകുന്നില്ല. എഞ്ചിന്‍ നിന്നു; അതു തന്നെ . അഞ്ചാറു തവണസ്റ്റാര്‍ട്ടാക്കി നോക്കി; യന്ത്രം അനങ്ങിക്കൊടുക്കുന്നില്ല. പഠിച്ചവിദ്യ പതിനെട്ടും ബാബു പയറ്റി നോക്കി. പറ്റിണില്ല! ബാബുവും ആ ഒറ്റക്കാറും മാത്രം. ഒറ്റകുട്ടിയില്ലാത്ത വിജനമായ സ്ഥലി! ചാതി ചാത്തന്മാര്‍ മാത്രമുള്ള ഇടം, കുന്നിന്‍ കൊടുമുടികള്‍, ചെരുവുകള്‍, താഴ്വരകള്‍! ഈ ചെരുവുകളിലൊന്നിലായിരിക്കാം മറ്റേ അശോകന്‍ ഒരുകാലത്ത് ചെന്നിരുന്നിട്ടുണ്ടാവുക! കീഴെ അഗാധമായ കുണ്ട്! കയം. വീണുപോയാല്‍ കായത്തിന്റെ പൊടിയുണ്ടാവില്ല! [ബാക്കിയൊക്കെ ഉണ്ടാവില്ലേ? അതു പോരേ, മതി, തല്‍ക്കാലം!] കായമെന്നാല്‍ പെരുങ്കായമെന്നാണ്സംസ്കൃതം.
ഇരുട്ടായിവരുന്നതിനാല്‍ നടക്കുകതന്നെ; വഴിയില്‍ ആരെയെങ്കിലും കാണാതെ ഇരിക്കയില്ല, എന്നു കരുതി ബാബു നടന്നു തുടങ്ങി. ആരേയും കണ്ടില്ല; ഒരുമണിക്കൂറിലേറെയായി ഈ നടത്തം. ആയിരം കാതം താണ്ടിയിരിക്കും, ഊമന്‍ ചാണ്ടീയെപ്പോലെ. മഴ ചാറിക്കൊണ്ടേ ഇരിക്കുന്നു. കൊള്ളിയാന്‍ മിന്നുന്നു, ഇടി വെട്ടുന്നു! കാറ്റു വീശുന്നു. പെരുമാരി ഇനിയും വരുവാനുള്ള ആലഭാരമാണ്. എങ്ങിനെ പോകും, എങ്ങിനെ സ്വഭവനം പൂകും, രാത് മേം ക്യാ ഹോഗാ? ഒരെത്തും പിടിയുമില്ലാതെ , ഇതികര്‍ത്തവ്യതാമൂഢനായി, പമ്പരവിഡ്ഢിയായി പരിലസിച്ച് അവന്‍ അങ്ങിനെ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു കാര്‍ പിന്നില്‍ നിന്നും മെല്ലെ മെല്ലെ വരുന്നു; ബാബു വാതില്‍ തുറന്ന് ഉള്ളില്‍ കയറി ഇരുന്നു.
നല്ല ക്ഷീണമുണ്ടായിരുന്നു. ശ്വാസം തിരിയെ കിട്ടിയ ശേഷം ആരാണ് വണ്ടി ഓടിക്കുന്നത് എന്നു നോക്കിയപ്പോള്‍, ആരേയും കണ്ടില്ല. വണ്ടി തനിയേ ഓടിക്കൊണ്ടേ ഇരിക്കുന്നു. മാത്രമല്ല , കാറിന്റെ എഞ്ചിനൊന്നും ഓടുന്നില്ല, ബോണറ്റിന്റെ ഉള്ളില്‍ നിന്നും ഒരു മുഴക്കവും ഉണ്ടാകുന്നില്ല!
ബാബു ഇരുന്നിടത്തിരുന്ന് തരിച്ചുപോയി! സ്തംഭിച്ചു പോയി! കാറ് തനിയേ ഓടുകയോ?ശെയ്‌ത്താന്‍! ഒരു സംശയവും വേണ്ട! ചെകുത്താന്‍ തന്നെ! ഭൂതം ; പ്രേതം; പിശാചുക്കള്‍!മറുതകള്‍, ബ്രഹ്മരക്ഷസ്സുകള്‍,ചുടലച്ചാത്തന്മാര്‍,രക്തചാമുണ്ടികള്‍.മലമാക്കന്മാര്‍! മലയോരമാണ്. പ്രേത ഭൂതാദികളുടെ വിഹാര കേദാരമാണ് എല്ലാ മലയോരങ്ങളും. തിരുവില്വാമലയിലാണെങ്കില്‍ നിറയെ പൂതനും തറകളുമാണ്! അതും വെറും വര്‍ഗ്ഗത്തറകള്‍! മറ്റൊരു നാമധേയമില്ല!
ഒരു തിരുവെത്തിയപ്പോള്‍ ബാബു കണ്ണു ചിമ്മി: നാം തകരും തീര്‍ച്ച, നേരേ പായുന്ന, എഞ്ചിനില്ലാതെ ഒറ്റക്കോടുന്ന വണ്ടി എങ്ങിനെ ടേണ്‍ ചെയ്യുമീശ്വരാ?,എന്നു മനസ്സില്‍ കരുതിയതിനാലാണ്, പേടിച്ച് പരവശനായതും കണ്ണടഞ്ഞുപോയതും! പെട്ടെന്ന് ഒരു അജ്ഞാതമായ കയ്യ് ഫ്രന്റ് ഡോര്‍ പാനലിലൂടെ പ്രവേശിച്ച് , സ്റ്റീയറിങ്ങ് തിരിക്കുന്നു.
അയ്യോ! രക്ഷപ്പെട്ടു! മൈ ഗുഡ്നെസ്സ്!! ബാബുവാകട്ടെ പേടിച്ചിരണ്ടിരിക്കുന്നു. ഷുവര്‍ , ദേര്‍ ഈസ് സം സൂപ്പര്‍ നാച്ചുറല്‍ തിങ് ഈസ് ഹാപെനിങ് ഹ്യര്‍. ബാബു പിന്നേയും ഭയചകിത ചകോരനായി!
കാര്‍ പോയ്ക്കൊണ്ടേ ഇരുന്നു, തിരുവുകളില്‍ സ്റ്റിയറിങ് വീല്‍ വേണ്ടവണ്ണം തിരിക്കപ്പെട്ടു വന്നു. ഒരു ചുരം, രണ്ടു ചുരം, മൂന്നു ചുരം , ചുരുളഴിയുവോളം ചുരങ്ങള്‍ താണ്ടി കാറു മുന്നോട്ടു നീങ്ങി. കുറേ ദൂരം താണ്ടിക്കഴിഞ്ഞിരിക്കും; ചെറിയ ഒരു, ആള്‍സഞ്ചാരമുള്ള ഗ്രാമമായി തോന്നി, അവിടെ കാര്‍ മെല്ലെ മെല്ലെ നീങ്ങുവാന്‍ തുടങ്ങി . അന്നേരം ബാബു പെട്ടെന്ന് ധൈര്യം സംഭരിച്ച് ഡോര്‍ തുറന്ന്, പുറത്തു ചാടി, ഓടി. തിരിഞ്ഞു നോക്കാനേ പോയില്ല. എന്തുമാരണമായിരിക്കുമാവോ? എന്തെങ്കിലുമാവട്ടെ, രക്ഷപ്പെട്ടുവല്ലോ?
നേരെ ഒരു കെട്ടുകടയില്‍ കയറി, ആദ്യം വെള്ളവും, പിന്നെ ചായയും ചോദിച്ചു. ശ്വാസഗതിയില്‍ വേഗത കണ്ട ഒരാള്‍ ചോദിച്ചു: നിങ്ങളെന്താ ഇങ്ങനെഭയപ്പെട്ട പോലെചകിതനായിരിക്കുന്നത്,മേനക്കുടമളേ?
ബാബുഅവന്റെകഥയുടെചുരുളഴിച്ചു:
കാളി കാളി മഹാ കാളി, ഭദ്രകാളീ നമോസ്തുതേ,
കുലംച കുല ദൈവം ച , മാം ച പാലയ, പാലയ!!
ഭദ്രകാളീനമസ്തുഭ്യം,വരദേകാമരൂപിണീംവിദ്യാരംഭംകരിഷ്യാമി സിദ്ധിര്‍ഭവതുമേസ്സദാ………………
ഇവിടത്തെ മലഞ്ചെരുകളില്‍ ഭൂതങ്ങള്‍ ഉണ്ടോ? അറിയാന്‍ വേണ്ടി ചോദിക്കുകയാ?
***************************************************** കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കാര്‍ മെക്കാനിക്കുകളായ കണ്ടനും കോരനും അവിടെ കയറിവന്നു. കഥ കേട്ട് കണ്ടന്‍ കോരനോട് പതിഞ്ഞ സ്വരത്തില്‍ കണ്‍‌ഠമൊതുക്കിപ്പറഞ്ഞു:
നമ്മള്‍ തൃസന്ധ്യ നേരത്ത് കാറുന്തിക്കൊണ്ടുവരുമ്പോള്‍ വഴിക്കുവെച്ച് കയറുകയും ഇടക്കുവെച്ച് ഇറങ്ങി ഓടിപ്പോകുകയും ചെയ്ത സത്വം…, നീ പറഞ്ഞത് പുനര്‍ജ്ജനി ഭൂതമാണ് എന്നല്ലേടാ? അതെ!
എടാ ആ സത്വം ധാ’ ഈ ഇരിക്കണതു തന്നെ അല്ലേടാ? ഒന്നു ശരിക്ക് നോക്യേന്‍? വേഷം മാറി വന്നിരിക്കുകയാവാം ആ സത്വം!
ആയിരിക്കുമെടാ! ശര്യാന്നാ തോന്നണേ!
ആ ഭൂതം ഇവട്യേം കേറീരിക്കുണൂഡാ! ഈ പ്രദേശത്തെ പണികഴിഞ്ഞു ഇനി! ഒന്നും ബാക്കിയുണ്ടാകില്ലഡാ!! ത്രിസന്ധ്യയ്ക്കാ കയറി വന്നിരിക്കുന്നത്.
ഇബറ്റക്കാണെങ്കില്‍ ഒരു കുന്തോം അറിയുംകൂടി ഇല്ല്യ! ഇനി ഇപ്പോള്‍ എന്താടാ ചെയ്യാ?
ഒന്നു ബലിക്കളഞ്ഞാലോ? ആക്കുഴികുട്ടികൃഷ്ണന്‍ നായരെ ഒഴിവുകണ്ടാല്‍ മതി!
ശര്യാ! എന്നാല്‍ അങ്ങന്യാവട്ടെ!
അവര്‍ അതിന്നു വേണ്ടി പണപ്പിരിവു നടത്തി, പാമ്പാടി സെന്ററില്‍ നടുറോട്ടില്‍ നട്ടപ്പാതിരയ്ക്ക് ആക്കുഴിമാനെക്കൊണ്ട് ബലിക്കളയിച്ചു! കുക്കുട ബലിയും,മരനീരുബലിയും ,ധൂപദീപാവലിയും, ചാത്തന്‍ തുള്ളലും, കോമരം ചാട്ടവും ഒക്കെ നടന്നു!
——————————————————————–
പിന്‍‌കുറിപ്പ്: അജ്ഞത ഭയത്തെ ജനിപ്പിക്കുന്നു: ഭയം അന്ധവിശ്വാസത്തേയും! അന്ധവിശ്വാസം ജനാവലിയെ വലപ്പിക്കുകയേ ഉള്ളൂ, അവരെ ഉദ്ധരിപ്പിക്കുകയില്ല!പല പല കാര്യങ്ങളും മേല്പറഞ്ഞ കഥയെപ്പോലെ സംഭവിക്കുന്നവയാണ്! അതിനെ തിരിച്ചറിഞ്ഞാല്‍ നന്ന്‍!- മാര്‍ഷല്‍