Posts tagged ‘മലയാള ഹാസ്യം’

സുബേദാര്‍ മേജറുടെ മസ്ക്കാഫിക്കേഷന്‍

image source: microsoft office clipart

ആര്‍മി പള്‍ട്ടണില്‍ സുബേദാര്‍ മേജര്‍ ഒരു നെടുംതൂണാണ്‌! കമാണ്ടിംഗ്‌ ഓഫീസര്‍ക്കും പള്‍ട്ടണ്‍ പടയാളികള്‍ക്കുമിടയ്ക്ക്‌ എസ്‌ .എം വെട്ടിത്തിളങ്ങുന്നത്‌ ബ്രിട്ടീഷ്‌ പാരമ്പര്യമാണ്‌. പള്‍ട്ടണില്‍ ഒരില അനങ്ങിയാല്‍ , ഒരീച്ച പറന്നാല്‍ , ഒരു ജവാന്‍ തുമ്മിയാല്‍, ഒരു ഹവല്‍ദാര്‍ അലറിയാല്‍ ആ വിവരം സുബേദാര്‍ മേജറാണ്‌ ആദ്യം അറിയുക. ആ വിവരസാങ്കേതികത്തെ അരിപ്പയിലിട്ടരിച്ചെടുത്ത്‌ , ഉപ്പും മുളകുപൊടിയും, പല വ്യഞ്ജനങ്ങളും ചേര്‍ത്ത്‌ പാകപ്പെടുത്തി അതിനെ കമാണ്ടിങ്ങ്‌ ഓഫീസര്‍ക്ക്‌ വിളമ്പുന്നത്‌ സുബേദാര്‍ മേജറുടെ മാത്രം ജോലിയാണ്‌. അദ്ദേഹത്തിന്റെ കാര്‍വാഹികളില്‍ മറ്റൊരാള്‍ കൈ കടത്തുന്നത്‌ ഒരു എസ്‌. എമ്മും ഒരിക്കലും സഹിക്കുകയില്ല! ഓരോ പള്‍ട്ടണും അതിന്റേതായ ചിട്ടകളും , പാരമ്പര്യങ്ങളുമുള്ളതും വെറും സ്വാഭാവികമാണ്‌. സീ.ഓ സാഹബ്‌ മിക്ക ദിവസങ്ങളിലും പള്‍ട്ടന്റെ പല പക്ഷങ്ങളിലും (wings) സന്ദര്‍ശനം നടത്തുന്ന പതിവുമുണ്ട്‌. അപ്പോഴെല്ലാം അദ്ദേഹത്തെ എസ്‌.എം അനുഗമിക്കണമെന്നും ചട്ടമുണ്ട്‌.

ചുറ്റുന്നതിന്നിടയില്‍ സീ.ഓ വിന്‌ എന്തിനേക്കുറിച്ചെങ്കിലും ചിന്ത കയറുകയോ, നീറ്റലനുഭവപ്പെടുകയോ ഉണ്ടാവുകയും, വരും വരായ്മകള്‍ വിശകലനം ചെയ്യണമെന്ന്‌ തോന്നുകയും ചെയ്യുകയാണെങ്കില്‍, അപ്പഴക്കപ്പോഴെ സുബേദാര്‍ മേജറെ അതറിയിക്കുകയും , അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ ആ സംഗതി അതിന്റെ അവസാന ദിശവരെ തുടര്‍ന്നു പൊയ്ക്കൊണ്ടിരിക്കുകയും ചെയ്യും!

4 മദ്രാസ്‌ എന്ന തമ്പി പള്‍ട്ടണില്‍ പുതിയ കമാണ്ഡിംഗ്‌ ഓഫീസര്‍ സ്ഥാനമേറ്റ്‌ ആഴ്ചകളോളമേ ആയിരുന്നുള്ളു. സ്ഥാനമേല്‍ക്കുന്നതോടെ ബറ്റാലിയന്റെ ഓപ്പറേഷന്‍ ഓര്‍ഡര്‍ പഠിക്കുവാനും , ബ്രിഗേഡിന്റെ ജൂറിസ്ഡിക്ഷന്‍ അറിയുവാനും, ഡിവിഷന്റെടാക്റ്റിക്കല്‍ സ്ട്രാറ്റ്ജി മനസ്സിലാക്കുവാനും, പള്‍ട്ടണിലെത്തന്നെ ആചാരമര്യാദകളേയും, പടയാളികളെത്തന്നേയും മനസ്സിലാക്കുവാനും; എക്വിപ്പ്മന്റ്‌ സ്റ്റേറ്റ്‌, വെഹിക്കിള്‍സ്‌ സ്റ്റേറ്റ്‌, വെപ്പണ്‍ സ്റ്റേറ്റ്‌, അമ്മ്യൂണിഷന്‍ സ്റ്റേറ്റ്‌, ക്ലോതിംഗ്‌ സ്റ്റേറ്റ്‌ എന്നീ കാര്യങ്ങള്‍ സമഗ്രമായി ഹൃദിസ്ഥമാക്കുവാനും ചെയ്യേണ്ടതായിട്ടുണ്ട്‌. അതിനെല്ലാം കൂടി ഒന്നു രണ്ടു മാസമെങ്കിലും പിടിക്കുകയും ചെയ്യും!

കേണല്‍ ഫത്തേസിങ്ങ്‌ ആലുവാലിയയായിരുന്നു ഇപ്പോഴത്തെ കമാണ്ടിങ്ങ്‌ ഓഫീസര്‍. അദ്ദേഹവും ഒപ്പം സുബേദാര്‍ മേജര്‍ വേലുനായരും ആള്‍ഫാ കമ്പനിയിലെ ബാരക്കുകളും മെസ്സും അവലോകനം ചെയ്യാനിറങ്ങി. കിറ്റ്ലേയ്‌ ഔട്ടും മറ്റു കാര്യങ്ങളും സ്റ്റോര്‍ റൂമുകളും ചിട്ടയോടേയും, അടുക്കോടേയും, വൃത്തിയോടേയും കാണപ്പെട്ടു. മെസ്സിലെ ഉച്ച ഭക്ഷണം ഒരു പ്ലേറ്റില്‍ കൊണ്ടു വന്നത്‌ സാമ്പിള്‍ രുചിച്ചു നോക്കി. വളരെ നല്ലത്‌!

കുക്ക്‌ ഹൗസിന്റെ പിറകുവശത്ത്‌ ഒരു കിച്ചണ്‍ ഗാര്‍ഡന്‍! അടുക്കളത്തോട്ടത്തില്‍ പകിട്ടാര്‍ന്ന , നീല നിറമുള്ള, മുഴുപ്പുള്ള അനേകം വഴുതിനങ്ങകള്‍ തൂങ്ങിക്കിടക്കുന്നു. കേണലിന്റെ മനം കുളിര്‍ത്തു. അദ്ദേഹം ഉരചെയ്തു: ഈ വഴുതിനങ്ങ എന്ന പച്ചക്കറി വര്‍ഗ്ഗം അത്യധികം ഹൃദ്യമായതും, ഹൃദയത്തിനും, കരളിനും, പക്വാശയത്തിനും, ആമാശയത്തിനും ആരോഗ്യം പകരുന്നതും രുചികരവുമായ വിഭവമാണ്‌. കത്രിക്കായ്‌ ഇരുമ്പും , പൊട്ടാസിയവും, അയൊഡിനും, എ, ബി, ഡി എന്നീ ജീവകങ്ങളും നിറയെ ഉള്‍ക്കൊള്ളുന്നു. കൂടാതെ പലതരം അമിനോ ആസിഡുകളും അതില്‍ ഉണ്ടത്രേ! വഴുതിനങ്ങ തിന്നുന്നവരുടെ ആരോഗ്യം അതുല്യമാണത്രേ! ഹേ നാ … സാഹബ്‌????
ജീ!!!! ബില്‍കുല്‍ സഹീ ബാത്‌ ആപ്നേ ബോലാ സര്‍ !!!! ; എന്നായി സുബേദാര്‍ മേജര്‍. വഴുതിനങ്ങ പച്ചക്കറിയിനങ്ങളില്‍ രാജനാണ്‌; എനിക്കും വഴുതനങ്ങ പെരുത്ത്‌ ഇഷ്ടമാണ്‌.

എങ്കില്‍, മറ്റെല്ലാ കമ്പനികളും ആള്‍ഫാ കമ്പനിയെ കണ്ടു പഠിക്കട്ടെ, അല്ലേ സാഹബ്‌?

അതെ സാഹബ്‌ ജി!
ഐ വാണ്ട്‌ ഓള്‍ അതേര്‍സ്ഴ്‌ റ്റു ഫോളോ എക്സാമ്പിള്‍ ഓഫ്‌ ആള്‍ഫാ കമ്പനി! എനി ഡൗട്ട്‌, സാഹബ്‌?

നോ സര്‍! ഇറ്റ്‌ വില്‍ ബി ഡണ്‍ സര്‍ ജി! വി വില്‍ കള്‍ട്ടിവേറ്റ്‌ ബ്രിഞ്ചാല്‍ ഇന്‍ അവര്‍ പള്‍ട്ടണ്‍ സര്‍ ജീ! ത്രൂ ഔട്ട്‌; ഓള്‍ ഔട്ട്‌!!ബ്രിഞ്ജലീ ബ്രിഞ്ജാള്‍ ഹോഗാ സാബ് ജീ!!

ഒരാഴ്ചക്കകം അഞ്ചു കമ്പനികളിലും അടുക്കളത്തോട്ടങ്ങള്‍ ഉയര്‍ന്നു വരികയും , നൂറു കണക്കിന്‌ വഴുതിനത്തൈകള്‍ മുളച്ചുയരുകയും, കാലക്രമേണ അവ വളരുകയും, പന്തലിക്കുകയും , പൂക്കുകയും, കായ്ക്കുകയും ഉണ്ടായി! മെസ്സുകളില്‍ മെനഞ്ഞു വന്ന കറികളില്‍ ബേന്‍ഗന്‍- കാ -ബര്‍ത്താ പ്രധാന ഇനമായി. ബേന്‍ഗന്‍ ഫ്രൈ, വഴുതിനങ്ങാ പക്കോഡ എന്നിവ ഇടനേരം ചായക്ക്‌ കഴിക്കണമെന്ന്‌ സുബേദാര്‍ മേജര്‍ നിര്‍ബ്ബന്ധം പിടിച്ചു. ക്രിസ്പ്‌ ബേന്‍ഗന്‍ പക്കോഡ ഈസ്‌ വെരി ഗുഡ്‌ ഫോര്‍ എ ബൈറ്റ്‌ വൈല്‍ ടേയ്ക്കിംഗ്‌ എ സിപ്പ്‌ ഓഫ്‌ റം! ഇറ്റ് ആഡ്സ് ടു ദ പന്‍ഞ്ച്!!

അങ്ങിനെ ദിവസങ്ങളും, മാസങ്ങളും, ഋതുക്കളും , മാറിവന്ന കൂട്ടത്തില്‍ കൊല്ലങ്ങള്‍ മാറുകയും കേണല്‍ അഹ്ലുവാലിയ സാഹബ്‌ പ്രൊമോഷനോടെ സ്ഥലമാറ്റം പോകുകയും ചെയ്തു. ഇപ്പോള്‍ വന്ന പുതിയ കമാണ്ടിംഗ്‌ ഓഫീസര്‍ , കേണല്‍ വില്‍ഫ്രഡ്‌ മത്തിയാസ്‌ ഇമ്മാനുവല്‍ സാറും അഹ്ലുവാലിയ സാറിനെപ്പോലെ പള്‍ട്ടണ്‍ ഏറ്റെടുത്ത്‌ വാഴ്ച ആരംഭിച്ചു!

സുബേദാര്‍ വേലു നായര്‍ അനുഗമിച്ച ആദ്യ റൗണ്ടില്‍ത്തന്നെ , പണ്ടെന്ന പോലെ അവര്‍ ആള്‍ഫാ കമ്പനിയും പരിസരങ്ങളും സന്ദര്‍ശിക്കയുണ്ടായി. എല്ലാം നല്ലതു തന്നെ എന്നു പറഞ്ഞെങ്കിലും കേണല്‍ ആള്‍ഫ്രെഡിന്‍ കത്രിക്കത്തോട്ടം ഒട്ടും ഇഷ്ടമായില്ല! അദ്ദേഹത്തിന്ന് എന്തുകൊണ്ടോ വഴുതിനങ്ങയോട്‌ പൊതുവേ ഒരു വെറുപ്പായിരുന്നു.

വേലു സാഹബ്‌ , യേ ജോ ബേഗന്‍ ഹായ്‌ നാ, അച്ഛാ നഹീം ഹേ! വഴുതിനങ്ങയില്‍ കാല്‍സ്യവും മിനറല്‍സും കുറവാണ്‌. അല്ലേ? , എന്നായി കേണല്‍ സാഹബ്.

യേസ്‌ സര്‍!- വേലുജി ശരി വെച്ചു.

മാത്രമല്ല, ബ്രിഞ്ചാല്‍ പ്രൊമോട്സ്‌ ഫാറ്റ്നെസ്‌; തിന്നാല്‍ പൊണ്ണത്തടി വരും! ഹാര്‍ട്ട്‌വില്‍ ഗ്രൊ വീക്ക്‌!

ഞാനത്‌ പറയുവാന്‍ പോകയായിരുന്നു സര്‍ ജി!- എസ്‌.എം പറഞ്ഞു.
ഐ ഡോണ്ട്‌ ലൈക്കിറ്റ്‌. പള്‍ട്ടണില്‍ എല്ലായിടത്തും ബേന്‍ഗന്‍! ഛെ!! നല്ലയിനം വെണ്ടച്ചെടികള്‍ വെച്ചുപിടിപ്പിക്കൂ, സാഹബ്ജി! ലേഡീസ്‌ ഫിംഗര്‍ ഈസ്‌ ആന്‍ എക്സെലന്റ്‌ വെജിറ്റബിള്‍! അത്‌ കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും. പചനം പങ്കമില്ലാത്തതാകും! അതൊരു കായ കല്‍പം കൂടിയാണ്‌. കുരുകുരുക്കനെ അരിഞ്ഞ്‌ തൈരില്‍ വറുത്തിട്ട്‌ , പച്ചടിയായി ചോറിനു കറി, അതിനേപ്പോലെ മറ്റൊന്നില്ല!!

യേസ്‌ സര്‍ ജി!!

ഐ വാണ്ട്‌ ദ എന്റൈയര്‍ ബറ്റാലിയന്‍ ഗ്രോസ്‌ ലേഡീസ്‌ ഫിംഗര്‍ എവെരി വെയര്‍!
യെസ്‌ സര്‍! ഇറ്റ്‌ വില്‍ ഹാപ്പെന്‍ സര്‍!! വിത്‌ ഇമ്മീഡിയറ്റ്‌ ഇഫെക്ട്‌!!- സുബേദാര്‍ മേജര്‍ വാക്കുകൊടുത്തു.

പിറ്റേന്നു മുതല്‍ ഒരാഴ്ചക്കാലം പള്‍ട്ടണിലെ പീട്ടി പെരേഡ്‌ സമയം വെണ്ടതൈകള്‍ നടുന്നതിനായിരുന്നു വിനിയോഗിച്ചത്‌! ഒരൊറ്റ വഴുതിനച്ചെടി നിര്‍ത്താതെ ഒക്കെ പിഴുതെറിഞ്ഞു!

പിഴുതുകളയും വേളയില്‍ വഴുതിനങ്ങയെ വളരെയധികം ഇഷ്ടപ്പെടുന്ന ആള്‍ഫാ കമ്പനിയിലെ ഹവില്‍ദാര്‍ കൃഷ്ണന്‍ നായര്‍ ചോദിച്ചു: എസ്‌. എം സാഹബ്‌ ജി, പണ്ടത്തെ സീ.ഓ , അഹ്ലുവാലിയ സാഹബ്‌ ബ്രിന്‍ഞ്ചളിനെപറ്റി പുകഴ്ത്തിയപ്പോള്‍ അതിനോട്‌ നൂറു ശതമാനം സഹമതി കാണിച്ച താങ്കള്‍ ഇപ്പോള്‍ ഈ പുതിയ സീ. ഓ സാഹബ്‌, കേണല്‍ ആള്‍ഫ്രെഡ്‌, വഴുതിനങ്ങയെ ഗുണമില്ലാത്ത പച്ചക്കറിയാണെന്നു പറഞ്ഞപ്പോള്‍ മറിച്ചെന്തേ ഒന്നും പറയാഞ്ഞേ? അതറിഞ്ഞാല്‍ കൊള്ളാമായിരുന്നു!

എഡാ…..ബേവക്കൂഫാ….., വിവരമില്ലാത്ത കൃഷ്ണെഴ്‌ ശ്ശാ…. ഞാന്‍ സീ. ഓ ന്റെ സുബേദാര്‍ മേജറാണ്‌ ഡാ.., മറിച്ച്‌ ബേന്‍ഗന്‍ന്റെ സുബേദാര്‍ മേജറല്ല….ഡാ…! സീ ഓ പറയ്യാണ്‌: ബേന്‍ഗന്‍ മോശാണെന്ന്‌, എന്നുവെച്ചാല്‍ ബേന്‍ഗന്‍ മോശാണ്‌! അവിടെ അതിനെ പിഴുതുകളഞ്ഞ് ബിണ്ടിയെന്ന അധമനെ വെച്ച്‌ നട്ട്‌ പിടിപ്പിക്കും! മനസിലായോ ഡാ… തെണ്ടീ!!അല്ലാതെ കടുമ്പിടുത്തം പിടിച്ച് എനിക്ക് ബാങ്‌ഗണ്‍ തന്നെ മതിയ്യേയ് , എന്നു പറയുകയല്ല! അതു ബേവക്കൂഫിയാകും.മനസ്സിലായോ ഡാ…?

അനന്തരം, എസ്‌.എം. വേലു സാഹബ്‌, ഹവല്‍ദാര്‍ കൃഷ്ണന്‍ നായരുടെ കയ്യില്‍ നിന്നും കുര്‍പ്പി എന്ന മണ്ണുകുത്തി ഉപകരണം തട്ടിപ്പറിച്ചെടുത്ത്‌, മണ്ണില്‍ കുഴി കുത്തി അഞ്ചാറു വെണ്ടക്കുരുകൂടി കുത്തിയിട്ടു. ഇതിന് നീയ്യ്‌ ലഗാത്താര്‍ വെള്ളം ഒഴിക്കണം, അത്‌ നിന്റെ മാത്രം പണിയാണ്‌, എന്നും കൃഷ്ണന്‍ നായരോടു പറഞ്ഞ്‌, എസ്‌. എം സാഹബ്‌ അയാളുടെ ക്വാര്‍ട്ടറിലേക്ക്‌ തിരിച്ചുപോയി!

Advertisements

പുടികിട്ടാത്ത നീതിന്യായം

image source: microsoft office clipart

വിത്തമെന്തിനു മര്‍ത്യര്‍ക്കു
വിദ്യ കൈവശമാകുകില്‍
വെണ്ണയുണ്ടെങ്കില്‍ നറുനെയ്‌
വേറിട്ടു കരുതേണമോ?-
എന്നു തുടങ്ങുന്ന ഒരു പദ്യ ശകലം ഞങ്ങള്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിച്ചത്‌ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു കിടക്കുകയാണ്‌

എന്നാല്‍ ഈ വിദ്യയെപറ്റിയല്ല കഥ; മറിച്ച്‌ വേറൊരു വിദ്യകൂടിയുണ്ട്‌, അതേപറ്റിയാണ്‌ വിവക്ഷ. കാരണം അതാണ്‌ നാം നേരില്‍ കാണുന്നതും, അറിയുന്നതും, അനുഭവിച്ചു വരുന്നതും. വിദ്യാവിചക്ഷണന്മാര്‍ പോലും മറ്റേവിദ്യ പ്രയോഗിക്കുവാന്‍ മടികാണിക്കാത്ത ഈ യുഗത്തില്‍ നാടോടുമ്പോള്‍ നടുവേ ഓടുകയേ രക്ഷയുള്ളു, എന്ന നില തനിയേ വന്നു ചേരുന്നത്‌ സാംഗത്തികവുമാണല്ലോ?

കെട്ടുകഥയുടെ ചുരുളഴിയുന്നത്‌ തീവണ്ടിയാത്രക്കിടയിലായിരുന്നു. നാട്ടിലേക്കുള്ള യാത്രക്കിടയില്‍ സത്രാപ്പൂരില്‍ നിന്നും ഒരു കുര്യന്‍ എന്റെ കമ്പാര്‍ട്ടുമെന്റെല്‍ കയറിക്കൂടി. സത്രാപ്പൂരെവെടെയെന്നല്ലേ? സോലാപ്പൂരുകഴിഞ്ഞാല്‍ വരുന്ന ഊരേതോ അതാകുന്നു സത്രാപ്പൂര്‍!

കുര്യന്‌ സത്രപ്പൂരിലെന്തു കാര്യം? എന്ന് ഞാന്‍ പിറ്റേന്ന് സ്വയം പരിചപ്പെടുത്തിയ കൂട്ടത്തില്‍ ചൊദിച്ചു. താന്‍ ശുദ്ധ ട്രാവന്‍ കുര്യനാണെന്നും, സത്രാപ്പൂരില്‍ ഒരു കോടതിയുണ്ടായിരുന്നെന്നും, അതു കഴിഞ്ഞേച്ചും വെച്ച്‌ തിരിച്ചു പോകുകയാണെന്നും എന്നെ ധരിപ്പിച്ചു.

അതെന്തടവേ, സത്രാപ്പൂരിലൊരു കോടതി? അതും ട്രാവന്‍ കുരിയന്‌?, എന്നു ഞാന്‍ ഗതികേടു കൊണ്ട്‌ നെറ്റി ചുളിച്ച വേളയില്‍ കുര്യന്‍ വിശദീകരണം നല്‍കി:

ഓ…എന്നാ പറയാനേക്കൊണ്ടാ…എന്റെ മൂന്നാലു ട്രക്കും ചരക്കും ഇവിടത്തവന്മാര്‌ പിടിച്ചേച്ചും വെച്ച്‌ നമ്മെ കറക്കിക്കളാഞ്ഞു! ട്രക്കുകള്‍ ഇമ്പൗണ്ടു ചെയ്‌തേച്ചും വെച്ച്‌ അവന്മാര്‍ ഉടമസ്ഥനോട്‌ വന്ന് പെര്‍മിറ്റ്‌ പ്രൊഡ്യൂസ്‌ ചെയ്‌തേച്ച്‌ കൊണ്ടു പൊയ്‌ക്കോളാനേക്കൊണ്ട്‌ നല്ല എളുപ്പമുള്ള കാര്യമല്ലിയോ!
ഞാന്‍ കണ്ണിമ വെട്ടാതെ വര്‍ത്തമാനം കേട്ടിരുന്നു. തീവണ്ടി യാത്രക്കിടയ്‌ക്ക്‌ മറ്റൊന്നും ചെയ്യാനുമില്ലല്ലോ? വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണിമ വെട്ടാന്‍ തോന്നുകയുമില്ല! കുരിയാച്ചന്‍ തുടര്‍ന്നു:
പിന്നെ എന്നാ ചെയ്യനേക്കൊണ്ടാ, ഞാന്‍ ഇതു കേട്ടയുടനെ ട്രിവാന്‍ഡ്രത്തേല്‍ നിന്നും വിമാനത്തില്‍ പറന്നേച്ചും വെച്ച്‌ ഇങ്ങു സത്രാപ്പൂരില്‍ എത്തിപറ്റി, കോടതിയില്‍ ഹാജരായി..ശ്ശെടാ..ഇവിടെ മജിസ്രേട്ട്‌ ഒരു പെമ്പ്രന്നോളാ ഇരിക്കുന്നേ; ഞാന്‍ കരുതി നമ്മുടെ കാര്യം രക്ഷപ്പെട്ടെന്ന് കാരണം സ്‌ത്രീകള്‍ അധികാരം കൈകാര്യം ചെയ്യുന്നത്‌ കുറേക്കൂടി പ്രതിബദ്ധതയോടേയാണന്നല്ലേ പൊതു ധാരണ എവിടെ? കേട്ടോ സുഹൃത്തേ, ആ ധാരണയൊന്നും ശരിയല്ല!

എന്തേ കുര്യച്ചാ അങ്ങിനെ പറയാന്‍? എന്നായി ഞാന്‍.
ആ പെമ്പ്രന്നോത്തി എടുത്ത വായിനു ചോദിക്കുവാ: മിസ്റ്റ്‌ര്‍ കുരിയന്‍, ഗിവ്‌ മി റ്റ്വൊന്റി തൗസന്റ്‌, ആന്റ്‌ റ്റേക്‌ യുവര്‍ ട്രക്ക്സ്‌ ആന്റ്‌ ചരക്ക്സ്‌! ഹൗ ഡു യു ലൈക്ക്‌ ഇറ്റ്‌?
ഞാന്‍ ചോദിച്ചു, ഇവിടെ വെച്ചോ? യുവര്‍ ഓണര്‍?
ജീ ഹാം എന്ന് അവര്‍ ഓണര്‍, മറാഠിയില്‍ മൊഴിഞ്ഞു.
അപ്പോള്‍ ഈ എടവാട്‌ ഈ ഇരിക്കുന്ന നീതി ദേവതകാണത്തില്ലിയോ, യുവര്‍ ഓണര്‍? ഞാന്‍ വീട്ടില്‍ എത്തിച്ചാല്‍ പോരായോ, യുവര്‍ ഓണര്‍?- ഞാന്‍ ശുദ്ധ മലയാളത്തില്‍, ചുമരിലേക്കു നോക്കിക്കൊണ്ട്‌, പരിശുദ്ധമായ എളിമയോടെ ചോദിച്ചു. ചുമരില്‍ നീതി ദേവതയുടെ ഒരു ചുമര്‍ ചിത്രം വെച്ചിരിക്കുന്നു!
പോരാ, എന്നായി ദെയര്‍ ഓണര്‍, സര്‍! അവര്‍ പറയുകാ: നീതി ദേവത കണ്ണു കെട്ടിയിരിക്കുകയല്ലിയോ!ഇതൊന്നും ദെവത കാണത്തില്ലെന്ന്! ശ്ശെടാ
അതെന്തോന്നിനാ ഈ ദേവത കണ്ണും കെട്ടിയിരിക്കുന്നേ, സാറേ? കണ്ണുകെട്ടിയിരുന്നേച്ച്‌ ത്രസ്സു പിടിച്ചാലേക്കൊണ്ട്‌ തൂക്കം കൃത്യമായും മനസ്സിലാകുമോ, സാറേ?
എനിക്കറിയാന്‍ മേലെന്നു ഞാന്‍ പ്രതി വചിച്ചു.
ഈ ഇടവാടൊന്നും കാണുവാനേക്കൊണ്ട്‌ കഴിയുകേലായെന്ന് കരുതിയേച്ചും വെച്ചായിരിക്കും നീതി ദേവത കണ്ണുകെട്ടിയേച്ചും ഇരിക്കുന്നത്‌, അല്ലിയോ, സാര്‍? കുര്യന്‍ തന്നെ അതിനൊരു വിശദീകരണം നടത്തി! ഈ ചിത്രരചന നടത്തിയ ആള്‍ടെ ഒരു പുത്തിയേ!
അതിനും ഞാന്‍ പ്രതികരിച്ചില്ല.
കുര്യന്‍ തുടര്‍ന്നു: ഞാന്‍ പേഴ്സ്‌ തുറന്നേച്ചും വെച്ച്‌, വേറൊന്നും തന്നെ ചോദിക്കാതെ, തുക എണ്ണിക്കൊടുത്തു സാറേ, ആ പെമ്പ്രന്നോള്‌ അതങ്ങ്‌ എണ്ണിയേച്ച്‌ ബാഗിലിട്ടും വെച്ച്‌ ട്രക്കിന്റെ പെര്‍മിറ്റ്‌ എന്റെ കയ്യില്‍ തന്നു! എങ്ങന്യൂണ്ട്‌ കഥ, സാറേ?
അസ്സലായിരിക്കുന്നു, എന്ന് ഞാന്‍ പ്രതിവചിച്ചു.
കുര്യന്‍ പര്യവസാനിപ്പിച്ചത്‌ ഇങ്ങിനെയായിരുന്നു: അല്ല പിന്നൊരു കാര്യമുണ്ടെന്നു കണ്ടോണമേ; യുവര്‍ ഓണര്‍ ഒരു ആറു തവണ കോടതി നീട്ടുയാലേക്കൊണ്ട്‌ എന്റെ ട്രക്കും ചരക്കും ഒരു ആറുമാസമെങ്കിലും ചുമ്മാതങ്ങിരിക്കത്തല്ലേ ഒള്ളായിരുന്നോ? അതിന്റെ നഷ്ടവും, എന്റെ പോക്കുവരവത്തും, ചിലവുകളും മറ്റുമായി എനിക്കൊരു അമ്പതിനായിരത്തിലേറെയങ്ങു നഷ്ടമായിപ്പോകുമായിരുന്നെന്നു കണ്ടോണമേ അതു മനസ്സിലാക്കാനേക്കൊണ്ട്‌ പുത്തിവേണമെന്നും കണ്ടോണമേ! എല്ലാത്തിനും നല്ല വശങ്ങളുമുണ്ടല്ലോ, സാറേ?
സംഗതി എനിക്ക്‌ പുടി കിട്ടിയതു മൂലം ആ പെമ്പ്രന്നൊത്തിയുടെ നീതിന്യായത്തോട്‌ ഏറെ ബഹുമാനം തോന്നുകയും, ന്യായസംഹിതക്കൊരു കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുന്നതില്‍ തീവണ്ടിയിലുന്ന് കോള്‍മയിര്‍ കൊള്ളുകയും ചെയ്തു.