Posts tagged ‘Short Stories by Marshal’

മീമാംസ അഥവാ പൊളിറ്റിക്സ്- മാര്‍ഷല്‍ കഥകള്‍

മീമാംസ

തമസോ മാ ജ്യോതിര്‍ഗ്ഗമയ! ‘, ഈ മന്ത്രം ആര്‍ഷഭാരതത്തിന്റെ മൂല മന്ത്രങ്ങളില്‍ ഒന്നാണ്. ഇരുട്ടിനെ അകറ്റി വെളിച്ചത്തെ പ്രാപിക്കുക! എത്ര നല്ല ഒരു സംകല്പം. ഭാരതഭൂവില്‍ കടന്നു വന്ന എല്ലാ സമൂഹങ്ങളും ഈ സങ്കല്പത്തെ ഉള്‍ക്കൊണ്ടിരുന്നു എന്നുള്ളതും നിസ്സന്ദേഹമായ ഒരു വാസ്ഥവമാണ്.

എന്നാല്‍ ഇപ്പോള്‍ പൊതുവായി ഭാരതഖണ്ഡം മുഴുവനുമുള്ളതും , വിശിഷ്യ അതിന്റെ തെക്കേ അറ്റത്തെ കേരളത്തില്‍ ഉടനീളമുള്ളതുമായ ജനാവലിയിലെ ഭൂരിഭാഗവും പേര്‍ അന്തകാരത്തില്‍ വിഹരിക്കുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം. ചിലര്‍ കണ്ണടച്ച് ഇരിട്ടിലാണ്ടു പോകുന്നതും ചെയ്തുവരുന്നുണ്ട്!

ഈയിടെ ഞാന്‍ ചെവിക്കൊണ്ട ഒരു നാട്ടു വര്‍ത്തമാനം കുറിക്കട്ടെ:

നമ്മുടെ ഇപ്പോഴത്തെ ഭരണം എങ്ങിനെ ഉണ്ടഡോ?

തരക്കെടില്ല! ആര്‍ക്കു എന്തും, തോന്ന്യാസോം , കുരുത്തക്കേടും , നല്ലതും , ചീത്തയും ഒക്കെ എവിടെ വേണെങ്കിലും , എപ്പ വേണെങ്കിലും ചെയ്യാം എന്നായിട്ടുണ്ട്. ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അതല്ലേ ഒരു സുഖം? എല്ലാര്‍ക്കും വാളെടുക്കാം, വെളിച്ചപ്പെടാം; ഹിയ്യേയ് യ് യ് … ‘ന്നു കൂവ്വാം ! ആരും ഒന്നും ചോദിക്കാനില്ല; പറയാനില്ല; എതിര്‍ക്കാനില്ല; ഒരക്ഷരം ഉരിയാടാനില്ല!

ഇതിനുമുമ്പേത്തെ ഭരണകാലത്തോ?

ഈ അവസ്ഥ അപ്പളും ഇങ്ങന്ന്യാര്‍ന്നൂന്ന് വെയ്ക്ക്യാ!

അതിനു മുമ്പത്ത്യോ?

അന്നും അങ്ങിനെത്തന്നെ!

അപ്പോള്‍ ഈ സദ് വൃത്തി തുടങ്ങീട്ട് കുറേകാലായി, അല്ലേ?

ഉവ്വ്! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടീട്ട് ഒരു പത്തു കൊല്ലായിത്തുടങ്ങിയപ്പോള്‍ നമ്മുടെ ദിശി ഈ ദൃശം ചരിക്കാന്‍ തുടങ്ങീട്ടുള്ളതാ; പിന്നെ അതങ്ങട് ഭേദപ്പെട്ടു ഭേദപ്പെട്ട് ഇത്രത്തോളം ആയിരിക്കുണൂ!

നിത്യേന നാം കാണുന്നത് , കേള്‍ക്കുന്നത്, അറിയുന്നത്, പറയുന്നത്, വായിക്കുന്നത് :

  • അടിപിടി ഹര്‍ത്താല്‍ ബന്ദ് സത്യാഗ്രഹം, പണിമുടക്ക്.അതിനെത്തുടര്‍ന്ന് പൊതുവാഹനങ്ങള്‍ എന്നിവ കത്തിക്കല്‍.

  • വെട്ട് കുത്ത്, പിടിച്ചുപറി, വെടിവെപ്പ്, ബാങ്കു കവര്‍ച്ച.ദമ്പതിമാരെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കല്‍!
  • ബലാത്സംഗം,പെണ്‍ വാണിഭം(എന്ന കുംഭകൌപീനങ്ങള്‍), ബാലികമാരെ പീഡിപ്പിച്ചശേഷം ഞെക്കിക്കൊല്ലല്‍.
  • ഒരുകൂട്ടം ഹൈന്ദവ സംന്യാസി/സംന്യാസിനിമാര്‍ എന്നു സ്വയം പറഞ്ഞു , അവതരിപ്പിച്ച്,അനുഗാമികളേയും ശിഷ്യന്മാരേയും ആരാധകന്മാരേയും ആരാധികമാരേയും കൂടപ്പൊറുപ്പുകാരേയും കൂട്ടിനുചേര്‍ത്ത് അനാശാസ്യപ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വിരുദ്ധ നടപടികളിലും പങ്കാളികളാക്കി ജനദ്രോഹവും രാജ്യദ്രോഹവും നടത്തല്‍. ഹിന്ദുക്കള്‍ മാത്രമല്ല , മുസ്ലിം പുരോഹിതരെന്നു ചമയുന്നവരും, ചില കൃസ്ത്യാനി പുരോഹിതരും ഇത്തരം കൃത്യങ്ങളില്‍ പങ്കെടുക്കുന്നുണ്ട്!

  • രാജവീഥികളിലും, പൊതുപാതകളിലും തലങ്ങും വെലങ്ങും അപകടങ്ങള്‍ പതിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജനദ്രോഹം ചെയ്യുന്നത് ചെറുപ്പക്കാരായ ടിപ്പര്‍വണ്ടിയോട്ടികളും , അടുത്തത് അവരുടെ തലമുറക്കാരായ ആന യോട്ടികളുമാണ്! പ്രൈവറ്റ് ബസ്സോട്ടികളും ഇടക്കും തലക്കുമുണ്ട് എന്നത് മറ്റോര്‍ക്ക് സമാധാനിക്കം! ദിനം പ്രതി ഒരുപാടു അപകട മരണങ്ങളും , മുറിവുകളും, ചതവുകളും ,അപായങ്ങളും നടമാടിക്കൊണ്ടേയിരിക്കുന്നു ! ഗതാഗത നിയന്ത്രണത്തിന്ന് നിയമിതരായവര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല; അഥവാ അവര്‍ ഒരു ചുണ്ണാമ്പും ചെയ്യുന്നുമില്ല !

  • സംസ്ഥാനത്തുടനീളം ഭൂമിയിടപാടുകളും , അതേച്ചൊല്ലി അതിഭയങ്കര തര്‍ക്കങ്ങളും , കുടിയൊഴിപ്പിക്കലുകളും, പിന്നീട് കുടിയധിവസിപ്പിക്കലുകളും നടമാടുന്നത് !

  • അസമയത്തെ അധിവൃഷ്ടി, അനാവൃഷ്ടി, വരള്‍ച്ച എന്നിവ പതിവായിരിക്കുന്നത് [ഇനി യിപ്പോള്‍ പ്രകൃതി മാത്രമായി ഒന്നും ബാക്കി വെയ്ക്കേണ്ട!]
  • നോക്കുകൂലി എന്ന വേണ്ടാതീനം അവതരിപ്പിച്ച് കുറേ തൊഴിലെടുക്കാത്ത ബൂര്‍ഷ്വാസിവര്‍ഗ്ഗകര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞും പീഡിപ്പിച്ചും സ്വൈരജീവിതം അലങ്കോലപ്പെടുത്തുന്നത് !

  • ഭരണകൂടത്തിന്റെ ഏതു തലത്തിലേയും ഏതൊരു കാര്യാലയത്തിലേയും , ഏതു ലാവണത്തിലേയും വലിയൊരു ശതമാനം ഗുമസ്ഥവര്‍ഗ്ഗം കെടുകാര്യസ്ഥതയില്‍ അഭിരമിക്കുകയും , ഫയലുകള്‍ മറച്ചു വെയ്ക്കുകയോ അഥവാ അവയെ തീണ്ടാതിരിക്കുകയോ ചെയ്യുന്നു. തീണ്ടണമെങ്കില്‍ കോഴപ്പണം വാള്‍ത്തലപ്പത്തു വെയ്ക്കണമെന്ന് അവരാരും പറയുകയില്ല; പക്ഷേ അറിയേണ്ടുന്നവര്‍ അതറിഞ്ഞു പ്രവൃത്തിക്കേണ്ടിയിരുക്കുന്നു!അല്ലെങ്കില്‍ ഫയല്‍ സ്തംഭനം ഉറപ്പാണെന്ന് ജനാവലി അറിയുന്നു! [വെളിച്ചപ്പാടുകള്‍ക്ക് വാള്‍ത്തലപ്പത്താണ് പണം വെക്കുക പതിവ്; അതുകൊണ്ടാണ് ഈ പ്രയോഗം ഉപയോഗിച്ചത്! അവര്‍ ദൈവങ്ങളുടെ കോമരമല്ലേ , ദൈവങ്ങള്‍ക്ക് നേരിട്ട് പണം വാങ്ങാന്‍ പറ്റുകയില്ലല്ലോ? ഒരു പ്രതിനിധി ആവശ്യമല്ലേ?]

  • കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ല്യാണ്ട്യായി’, എന്ന ചൊല്ലിന്മണ്ണം , കൃഷി ചെയ്ത് കൃഷിചെയ്ത് നെല്‍കൃഷി നിലച്ചുപോയിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കേരളം വലിഞ്ഞു കേറിക്കൊണ്ടിരിക്കുന്നു !കൃഷിവകുപ്പിലെ ഗ്രാമതല ഉദ്യോഗസ്ഥര്‍ കസേരകളില്‍ വെള്ളക്കോളറുകള്‍ അണിഞ്ഞിരുന്ന് കോള്‍ കൃഷി ചെയ്യുന്നു! കൃഷിക്കു അനുവദിച്ചു വരുന്ന കോളുകളെല്ലാം ഒതുക്കി , അവയെ അല്പാല്പം വളരെ വേണ്ടപ്പെട്ടവര്‍ക്കു മാത്രം നല്‍കി , പങ്കിട്ട് , താനും ഒരു പങ്ക് പങ്കക്കേടില്ലാതെ പറ്റിവരുന്നു ! അങ്ങിനെ നെല്‍കൃഷി സമീപ കാലത്ത് അന്യം വന്നു പോകാന്‍ തുടക്കമിട്ടിരിക്കുന്നു. [ഈയിടെ നാട്ടിന്‍പുറത്തെ ഒരു കര്‍ഷകന്‍ പറയുകയുണ്ടായി: നൊമ്മടെ ഗ്രാമത്തിലെ തലമൂത്ത ഒരു കര്‍ഷകനെ പിടിച്ച് ഈ ഏലമോഫീസിലിരുത്തിയാല്‍ അങ്ങ്വാര് ഓടി നടന്ന് നമുക്കു വേണ്ടി എന്തേങ്കിലും ചെയ്തു തരുമായിരുന്നു. കൃഷിവകുപ്പിലിരിക്കാന്‍ യോഗ്യതക്ക് ഡിഗ്രിയല്ല നോക്കേണ്ടത് , നേരേമറിച്ച് അവന് കൃഷി ചെയ്യാനും ചെയ്യിക്കാനും വൈദഗ്ദ്ധ്യവും താല്പര്യവും ഉണ്ടോ എന്നുള്ളതാണ്. ഇബറ്റയൊക്കെ വെറും പോക്കാ!!]

  • പുഴകളായ പുഴകളില്‍ നിന്നു മണല്‍ മുഴുവനും കോരിയെടുത്തുകഴിഞ്ഞിരിക്കുന്നു. പാടശേഖരങ്ങളില്‍ നിന്നു മണ്ണു മുഴുവനും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു. പാറക്കൂട്ടങ്ങളും മലകളും പൊട്ടിച്ച് പൊട്ടിച്ച് കുട്ടിച്ചുവരാക്കിക്കഴിഞ്ഞിരിക്കുന്നു! ഇനി പ്രകൃതിയെ ഇതിന്മേലെ ബലാത്സംഗം ചെയ്യാനില്ലാത്തവണ്ണം എല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഒത്താശ ചെയ്തുവരുന്നത് തദ്ദേശ സ്വയം ഭരണ സമിതികളും മറ്റു ഉദ്യോഗം നടത്തിപ്പുകാരും, വേറെ ഒരു ഉദ്യോഗവും ഇല്ലാത്തവരും, ഉദ്യോഗം നോക്കാത്തവരും ആണെന്ന് നാട്ടുകാരെല്ലാം അറിയുന്നു; പക്ഷേ എന്തു ഫലം?

     

അജ്ഞാന തിമിരാന്തസ്യ ജ്ഞാനാഞ്ജന ശലാകയാ,

ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ: “ എന്ന് നീതിസാരത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. അജ്ഞാന മാകുന്ന അന്ധകാരത്തെ മാറ്റുവാന്‍ വെളിച്ചം വീഴിക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നത്. അതു സാധിച്ചുതരുന്നത് ഗുരുവാണ് . ഗുരുക്കന്മാരെ ഗുരുവൃത്തിക്ക് തിരഞ്ഞെടുക്കുന്നതില്‍ ഒരുപാടുപിഴവുകള്‍ വന്നുചേരുന്നതായി ജനസമൂഹം അറിയുന്നുണ്ടെങ്കിലും പൊതുജനത്തിന് ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല എന്നതാണ് സത്യം! അവര്‍ അന്നു പടച്ചുവിട്ടിട്ടുള്ള അന്നത്തെ പിള്ളരാണ് ഇന്ന് നമ്മുടെ യുവജനം എന്നു പറയുന്ന , ജനാവലിയിലെ 30 ശതമാനം പേരും. ഈ യുവജനങ്ങളടങ്ങുന്ന നമ്മുടെ ജനസമൂഹത്തിലെ കുറേ പേര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഹീന വൃത്തികള്‍ക്കു കാരണം അവരുടെ കുറഞ്ഞതോതിലുള്ള ധര്‍മ്മ ബോധവും , സമൂഹത്തോടുള്ള അളവു കുറഞ്ഞ കൂറും, അളവു കുറഞ്ഞ പ്രതിബദ്ധതയുമാണ്! അതിന്റെ അളവ് അവരില്‍ വര്‍ദ്ധിപ്പിച്ചെടുക്കണമെങ്കില്‍ അവരില്‍ അവബോധം ചെലുത്തണം. ഇത് രണ്ടു വിധത്തില്‍ സാധിച്ചെടുക്കാം: 1. വിദ്യാഭ്യാസം കൊണ്ടും, 2.നിയമപാലന പ്രകൃയ കൊണ്ടും . ഈ രണ്ടും ഭരണ കൂടത്തിന്റെ കര്‍ത്ത്യവുമാണ്! സിലബസും പാഠ്യപുസ്തകങ്ങളും നിര്‍മ്മിക്കുന്നത് വിദ്യാവിചക്ഷണരും രാഷ്ട്രബോധമുള്ള മഹല്‍ വ്യക്തികളും ചേര്‍ന്നായിരിക്കണം.

ഇപ്പോഴത്തെ തലമുറയുടെ പ്രവര്‍ത്തന ശൈലി അവര്‍ 25-30 കൊല്ലം മുമ്പ് അഭ്യസിച്ച വിദ്യയുടെ പ്രീതമോ, വിപരീതമോ ആയ രീതിയുടെ ഫല സിദ്ധികൂടിയാണ് ! ഒരു ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കുവാന്‍ ഭരണ കൂടത്തിന്ന്‍ ദീര്‍ഘ ദൃഷ്ടിയുടെ ആവശ്യമുണ്ട്. അതു കണ്ടെത്താനും , പ്രായോഗിതയില്‍ കൊണ്ടു വരാനും എപ്പോഴത്തേയും ഭരണ സാരഥികള്‍ക്കും സമസ്ത ഗുമസ്ഥവര്‍ഗ്ഗത്തിനും കടപ്പാടുണ്ട്. അതിന്ന് വ്യതിയാനമോ , മൂല്യ ഭ്രംശമോ സംഭവിക്കുമ്പോഴാണ് ജന ജീവിതത്തിന്ന് ക്രമക്കേടുകള്‍ സംഭവിക്കുന്നതും, സ്വൈര ജീവിതം താറുമാറാകുന്നതും !

ഇത്തരുണത്തില്‍ കരണീയമായത് അരാജകത്വമെന്നു തോന്നുന്ന ഓരോ കാര്യങ്ങളേയും എല്ലാ തലങ്ങളിലേയും ഭരണാധികാരികള്‍ വിലയിരുത്തി, കാര്യകാരണങ്ങള്‍ ഉരുത്തിരിച്ച് അവകളെ വിലക്കാനും, മറികടക്കാനും , അങ്ങിനെ ജനക്ഷേമം പുനരുദ്ധരിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണ് ! ഈ ശ്രമത്തില്‍ രാഷ്ട്രീയ മുണ്ടാകരറുത് ; മീമാംസ മാത്രമേ ഉണ്ടാകാന്‍ പാടൂ ! വന്ദേ മാതരം! ജയ് ഹിന്ദ്!! ജയ് ജവാന്‍ ജയ് കിസാന്‍!!!

മാർഷൽ കഥകൾ: ഭൈമി. ഹാസ്യം

ഭൈമി